കോട്ടയത്തിന്റെ മനസ്സറിയിച്ച‌് ജനസഞ്ചയം
Wednesday Mar 13, 2019
കോട്ടയം> കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കും വർഗീയ പ്രീണന നയങ്ങൾക്കും അതിന‌് ഒത്താശ നൽകുന്ന യുഡിഎഫിനും തിരിച്ചടി നൽകുമെന്ന പ്രഖ്യാപനമായി എൽഡിഎഫ‌് കോട്ടയം ലോക‌്സഭാ മണ്ഡലം കൺവൻഷൻ. എൽഡിഎഫ‌് സ്ഥാനാർഥി വി എൻ വാസവന്റെ തെരഞ്ഞെടുപ്പ‌് പ്രവർത്തനങ്ങൾക്ക‌് രൂപം നൽകാൻ നഗരഹൃദയമായ തിരുനക്കര മൈതാനത്ത‌് ചേർന്ന കൺവൻഷനിൽ ആവേശക്കടൽ തീർത്ത‌് ആയിരങ്ങൾ അണിനിരന്നു. സമൂഹത്തിലെ വിവിധ തുറകളിലുള്ളവർ പങ്കെടുത്ത കൺവൻഷൻ കോട്ടയത്തെ ജനകീയ സ്ഥാനാർഥിയായ വാസവന്റെ വിജയത്തിന‌് മുഴുവൻ കഴിവുമുപയോഗിച്ച‌് രംഗത്തിറങ്ങാൻ ആഹ്വാനം ചെയ‌്തു.
വർഗീയതയിലൂടെ നാടിനെ ഭിന്നിപ്പിക്കാൻ ബിജെപിയും അവർക്ക‌് കുടപിടിക്കുന്ന യുഡിഎഫിനുമെതിരെ ജനവികാരം എവിടെയും പ്രതിഫലിക്കുന്നു. ഇതുതന്നെയായിരുന്നു കൺവൻഷനിലും പ്രകടമായത‌്. ജനകീയ പ്രശ‌്നങ്ങളുയർത്തി, സാധാരണക്കാർക്കൊപ്പം നിൽക്കാൻ എൽഡിഎഫിനു മാത്രമേ കഴിയൂ എന്ന‌് കോട്ടയത്തിന്റെ മണ്ണ‌് തിരിച്ചറിയുന്നു. സ‌്ത്രീകളും കുട്ടികളും യുവജനങ്ങളുമെല്ലാം പങ്കെടുത്ത ജനസഞ്ചയം തിരുനക്കര മൈതാനത്തെത്തിയ സ്ഥാനാർഥി വി എൻ വാസവനെ മുദ്രാവാക്യങ്ങളോടെ വേദിയിലേക്ക‌് ആനയിച്ചു. മണ്ഡലത്തെ ഉപേക്ഷിച്ചുപോയ എംപിയുടെ പ്രസ്ഥാനത്തിന‌് ഈ മണ്ണ‌് മറുപടി നൽകുമെന്ന‌് കൺവൻഷൻ ഉറക്കെ പ്രഖ്യാപിച്ചു. കോട്ടയത്തിന്റെ ഓരോ ചലനത്തിലും പതിറ്റാണ്ടുകളായി ഒപ്പമുള്ള വി എൻ വാസവന്റെ ജനകീയതയുടെ പ്രതിഫലനമായിരുന്നു തടിച്ചുകൂടിയ ജനക്കൂട്ടം.
കൺവൻഷൻ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ‌്ഘാടനം ചെയ‌്തു. സിപിഐ ജില്ലാ സെക്രട്ടറി സി കെ ശശിധരൻ അധ്യക്ഷനായി. സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം വൈക്കം വിശ്വൻ, സ്ഥാനാർഥി വി എൻ വാസവൻ, കേരള കോൺഗ്രസ‌് ചെയർമാൻ സ‌്കറിയ തോമസ‌് എന്നിവർ സംസാരിച്ചു. എംഎൽഎമാരായ അഡ്വ. കെ സുരേഷ‌്കുറുപ്പ‌്, സി കെ ആശ, എൽഡിഎഫ‌് നേതാക്കളായ അഡ്വ. പി കെ ഹരികുമാർ, കെ എം രാധാകൃഷ‌്ണൻ, അഡ്വ. വി ബി ബിനു, അഡ്വ. ബിജിലി ജോസഫ‌്, സാബു മുരിക്കവേലി, വക്കച്ചൻ മറ്റത്തിൽ, പി കെ ആനന്ദക്കുട്ടൻ, മാണി സി കാപ്പൻ, ടി വി ബേബി, പ്രൊഫ. എം ടി കുര്യൻ, സജി നൈനാൻ, സണ്ണി തോമസ‌്, പി എം മാത്യു, എം എം സുലൈമാൻ തുടങ്ങിയവർ പങ്കെടുത്തു.
സ്ഥാനാർഥിയുടെ ഫേസ‌്ബുക്ക‌് പേജും യു ട്യൂബ‌് ചാനലും വൈക്കം വിശ്വൻ ഉദ‌്ഘാടനം ചെയ‌്തു. പാർലമെന്റ‌് മണ്ഡലം ഭാരവാഹികളുടെ പട്ടിക സിപിഐ എം ആക്ടിങ‌് ജില്ലാ സെക്രട്ടറി എ വി റസ്സൽ അവതരിപ്പിച്ചു. ടി ആർ രഘുനാഥൻ സ്വാഗതം പറഞ്ഞു.