ഓർമകളുടെ അക്ഷരമുറ്റത്ത‌് സി ദിവാകരനെത്തി
Wednesday Mar 13, 2019
എൽഡിഎഫ് തിരുവനന്തപുരം ലോക്‌സഭാമണ്ഡലം സ്ഥാനാർഥി സി ദിവാകരൻ കമലേശ്വരം എച്‌എസ്‌എസിൽ തന്റെ ഓർമകൾ സ്‌കൂൾ അധികൃതരുമായി പങ്കുവയ്‌ക്കുന്നു
തിരുവനന്തപുരം> താൻ ആദ്യാക്ഷരംകുറിച്ച കമലേശ്വരം ഹയർ സെക്കൻഡറി സ്കൂളിൽനിന്നായിരുന്നു സി ദിവാകരന്റെ ചൊവ്വാഴ‌്ചത്തെ തെരഞ്ഞെടുപ്പ‌് പ്രചാരണത്തിന‌് തുടക്കമായത‌്. ഓർമകൾ പുതുക്കി വീണ്ടും അക്ഷരമുറ്റത്തേക്കെത്തിയ അദ്ദേഹത്തിന‌് വൻ വരവേൽപ്പാണ‌് സ്കൂളധികൃതരും നാട്ടുകാരും നൽകിയത‌്. 1952 കാലഘട്ടത്തിലാണ് അദ്ദേഹം ഇവിടെ പഠിച്ചത‌്.
അന്നത്തെ അധ്യാപകരെ, കൂട്ടുകാരെ എല്ലാം ഓർമിച്ചു. തന്നെ താനാക്കി വളർത്താൻ പങ്ക‌് വഹിച്ച സ‌്കൂൾ മുറ്റത്തിരുന്ന‌് ഓർമകൾ അദ്ദേഹം മാധ്യമങ്ങൾക്കും നാട്ടുകാരുടെ മുന്നിലും പങ്കുവച്ചു. ഒന്നുകൂടി താൻ പഠിച്ച ക്ലാസ് റൂമിൽ ഇരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ വളരെ സന്തോഷത്തോടെ തന്നെ സ്കൂൾ അധികൃതർ സമ്മതം മൂളി. ക്ലാസിലെത്തിയ അദ്ദേഹം ആ പഴയ വിദ്യാർഥിയായി.
ഇന്ന് ഞാൻ എന്തെങ്കിലും നേടിയിട്ടുണ്ടെങ്കിൽ അത് ഈ വിദ്യാലയം എനിക്ക് സമ്മാനിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. നാട്ടുകാരുമായി കുശലാന്വേഷണം നടത്തിയ സി ദിവാകരന‌് അവർ വിജയാശംസകൾ നേർന്നു.തുടർന്ന‌് പാറശാലയിലെ വിവിധ ഭാഗങ്ങൾ സന്ദർശിച്ചു. സിപിഐ എം പാറശാല ഏരിയ കമ്മിറ്റി ഓഫീസിലെത്തിയ സി ദിവാകരനെ ഏരിയ സെക്രട്ടറി കടകുളം ശശി ഷാൾ അണിയിച്ച് സ്വീകരിച്ചു.
അന്തരിച്ച കർഷകശ്രീ അവാർഡ് ജേതാവ് എസ് ജെ റെസാലത്തിന്റെ ചെറുവാരക്കോണത്തെ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ച് ബന്ധുകളെ ആശ്വസിപ്പിച്ചു. തുടർന്ന് കാരക്കോണം, കുന്നത്തുകാൽ, ധനുവച്ചപുരം, കൊല്ലയിൽ പഞ്ചായത്ത‌് ഓഫീസ് എന്നിവിടങ്ങളിലെത്തി നാട്ടുകാരും പ്രവർത്തകരുമായി കുശലാന്വേഷണം നടത്തി. സിപിഐ എം മുൻ ജില്ലാ സെക്രട്ടറി എം സത്യനേശന്റെ വീട്ടിലെത്തിയ ശേഷമാണ് മടങ്ങിപ്പോയത്. ഏരിയ സെക്രട്ടറി കടകുളം ശശി, സി കെ ഹരീന്ദ്രൻ എംഎൽഎ, ജില്ലാ പഞ്ചായത്തംഗം എസ് കെ ബെൻഡാർവിൻ, പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ആർ സലൂജ, പഞ്ചായത്ത് പ്രസിഡന്റ് എസ് സുരേഷ്, വൈസ് പ്രസിഡന്റ് ആർ സുകുമാരി, എൽഡിഎഫ‌് നേതാക്കൾ തുടങ്ങിയവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ധനുവച്ചപുരം എൻഎസ‌്എസ‌് കോളേജിലെത്തിയ എൽഡിഎഫ‌് സ്ഥാനാർഥിക്ക‌് വിദ്യാർഥികൾ വൻ വരവേൽപ്പ‌് നൽകി. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പ്രചാരണത്തിന‌് തങ്ങൾ മുന്നിട്ടിറങ്ങുമെന്ന‌് വിദ്യാർഥികൾ അറിയിച്ചു.