വികസന നായകനെ നെഞ്ചേറ്റി തീരദേശം
Wednesday Mar 13, 2019
പൊന്നാനി മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി വി അൻവർ മമ്പുറത്ത് വോട്ടർമാരെ കാണുന്നു
തിരൂരങ്ങാടി> മലയോരത്തിന്റെ വികസന നായകനെ നെഞ്ചേറ്റി മമ്പുറത്തെയും തീരദേശത്തെയും ജനത. നാടിന്റെ വികസന സ്വപ്നങ്ങൾക്ക് നിറംപകരാൻ, സാധാരണക്കാരുടെ നീറുന്ന പ്രശ്നങ്ങൾ മനസിലാക്കുന്ന പൊന്നാനി മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി വി അൻവറിനെ ലോക്സഭയിലെത്തിക്കാനുള്ള മത്സരത്തിലാണ് വോട്ടർമാർ. മണ്ഡലത്തിലാകെ സ്ഥാനാർഥിയുടെ പോസ്റ്ററുകൾക്കൊപ്പം നിലമ്പൂർ മണ്ഡലത്തിലെ വികസനനേട്ടങ്ങളും പ്രചാരണ വിഷയങ്ങളാകുന്നു.
ചൊവ്വാഴ്ച രാവിലെ തിരൂരങ്ങാടിയിലെ സംസ്കാരിക–-സാമൂഹിക പ്രവർത്തകരെ നേരിൽക്കണ്ടാണ് പി വി അൻവർ പ്രചാരണത്തിന് തുടക്കമിട്ടത്. നാട്ടുകാരണവന്മാരെ കണ്ട് പരിചയം പുതുക്കിയും നാട്ടുവഴികളിൽ കാണുന്നവരോട് പിന്തുണയഭ്യർഥിച്ചും പ്രചാരണം മുന്നേറി.ഉച്ചക്കുശേഷം മമ്പുറത്തെത്തിയ സ്ഥാനാർഥിയെ എൽഡിഎഫ് നേതാക്കളും പ്രവർത്തകരും ചേർന്ന് ഹാരമണിയിച്ചാണ് സ്വീകരിച്ചത്. കച്ചവടസ്ഥാപനങ്ങളും വിവിധ സ്ഥാപനങ്ങളും സന്ദർശിച്ച് വോട്ടഭ്യർഥന. ഓട്ടോ തൊഴിലാളികൾ, വ്യാപാരികൾ, ചുമട്ടുതൊഴിലാളികൾ എന്നിങ്ങനെ സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ പിന്തുണയുമായെത്തി. ആരാധനാലയങ്ങൾ, മഠങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാം പിന്തുണതേടി.
പിന്തുണ അഭ്യർഥിച്ച് മടങ്ങുന്നതിനിടെ ഞങ്ങൾക്കൊരു എംപിവേണം ഞങ്ങൾ കൂടെയുണ്ടാകുമെന്ന് തിരൂരങ്ങാടിയിലെ വിദ്യാർഥിസമൂഹം ആവശ്യപ്പെട്ടു. നൂറുകണക്കിന് യുവാക്കൾ അണിനിരന്ന ബൈക്ക് റാലിയുടെ അകമ്പടിയോടെ തുറന്ന വാഹനത്തിലാണ് താനൂരിലെത്തിയത്. മത്സ്യത്തൊഴിലാളികളും കർഷകരും ചേർന്ന് ആവേശോജ്വല സ്വീകരണമാണ് നൽകിയത്. കടലോരമണ്ണിൽ ആയിരങ്ങളുടെ സ്നേഹവായ്പ് ഏറ്റുവാങ്ങി മത്സ്യത്തൊഴിലാളികളുടെ നീറുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്നും പി വി അൻവർ പറഞ്ഞു.