സ‌്നേഹവായ‌്പ് ഏറ്റുവാങ്ങി ഇന്നസെന്റ‌്
Thursday Mar 14, 2019
സ്വന്തം ലേഖിക
ചാലക്കുടി> ആർപ്പുവിളികളോടെയും ആവേശകരമായ മുദ്രാവാക്യം വിളികളോടെയുമാണ‌് ചാലക്കുടി ഐടിഐയിലെ വിദ്യാർഥികൾ ഇന്നസെന്റിനെ വരവേറ്റത‌്. ഈ എതിരേൽപ്പിന‌് ഒരു നന്ദിപ്രകടനത്തിന്റെ പരിവേഷം കൂടിയുണ്ടായിരുന്നു. ചാലക്കുടി ഐടിഐ അന്തർദേശീയ നിലവാരത്തിലേക്കുയർത്താൻ കേന്ദ്ര സാങ്കേതിക കൗൺസിലിന്റെ സഹായം തേടിയതും അതിനു മുൻകൈയെടുത്തതും എംപിയെന്ന നിലയിൽ തനിക്ക‌് ഏറെ സംതൃപ‌്തി നൽകിയെന്ന‌് ഇന്നസെന്റ‌് പറഞ്ഞുനിർത്തിയപ്പോൾ വിദ്യാർഥികളുടെ നിലയ‌്ക്കാത്ത കൈയടി. ‘ഞാൻ എട്ടാം ക്ലാസിൽ പഠനം നിർത്തി. പിന്നെ പഠിച്ചതുമുഴുവൻ അനുഭവങ്ങളിൽനിന്നാണ‌്. നിങ്ങൾ നന്നായി പഠിക്കുക, അങ്ങനെ പഠിക്കുന്നതിനിടയിൽ ഈ തെരഞ്ഞെടുപ്പിൽ എന്നെയും ഓർക്കുക’ പതിവ‌് നർമ്മം കലർത്തി ഇന്നസെന്റ‌് പറഞ്ഞുനിർത്തിയപ്പോൾ കുട്ടികൾ ഒന്നിച്ചു വിളിച്ചു ‘ഇന്നസെന്റ‌് സിന്ദാബാദ‌്’. ബുധനാഴ‌്ച ചാലക്കുടി നിയോജകമണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി. കൊരട്ടി കുഷ‌്ഠരോഗാശുപത്രിയിലെത്തിയ ഇന്നസെന്റ‌് രോഗികളെ കണ്ട‌് അസുഖവിവരങ്ങൾ അന്വേഷിച്ചു.
അസുഖംവന്ന‌് വിരലുകൾ അറ്റുപോയെങ്കിലും മുഷ്ടിയുയർത്തി ആശുപത്രിയിലെ വൃദ്ധനായ അന്തേവാസി അഭിവാദ്യം ചെയ‌്തപ്പോൾ സ‌്നേഹവായ‌്പിനു മുന്നിൽ സ്ഥാനാർഥിയുടെ കണ്ണുനിറഞ്ഞു. മികച്ച ചികിത്സയും സൗകര്യങ്ങളും ഒരുക്കാൻ സംസ്ഥാന ആരോഗ്യവകുപ്പും എൽഡിഎഫ‌് സർക്കാരും ചെയ‌്ത സേവനങ്ങൾ മറക്കാനാവുന്നതല്ലെന്ന‌് ആശുപത്രി അധികൃതർ സ്ഥാനാർഥിയോടും ഒപ്പമുണ്ടായിരുന്ന ബി ഡി ദേവസി എംഎൽഎയോടും പറഞ്ഞു. അൽപ്പസമയം അവിടെ ചെലവഴിച്ച‌് അന്തേവാസികളുടെ അനുഗ്രഹം വാങ്ങിയാണ‌് യാത്രയായത‌്.
കാടുകുറ്റി, കൊരട്ടി, മേലൂർ, പരിയാരം പഞ്ചായത്തുകളിലും ചാലക്കുടി മുനിസിപ്പൽ അതിർത്തിയിലുമായിരുന്നു ഉച്ചവരെയുള്ള സന്ദർശനം. രാവിലെ ചാലക്കുടിയിൽ പൗരപ്രമുഖരുമായി കൂടിക്കാഴ‌്ച. ചാലക്കുടിയുടെ കലാകാരൻ അന്തരിച്ച കലാഭവൻ മണിയുടെ സഹോദരനും നടനുമായ ആർഎൽവി രാമകൃഷ‌്ണൻ, കലാഭവൻ ജയൻ, വിവിധ ആശുപത്രികളിലെ ഡോക്ടർമാർ, അഭിഭാഷകർ, വ്യവസായപ്രമുഖർ, സാംസ‌്കാരിക പ്രവർത്തകർ എന്നിവരുമായി സംഭാഷണം. അഭിപ്രായങ്ങളും നിർദേശങ്ങളും തെരഞ്ഞെടുപ്പിൽ ചർച്ചചെയ്യേണ്ട വിഷയങ്ങളുമെല്ലാം അവരോട‌് ചോദിച്ചറിയാനും സമയം കണ്ടെത്തി.
കാടുകുറ്റി പഞ്ചായത്തിലെ കാതിക്കുടത്ത‌് നിറ്റ ജലാറ്റിൻ കമ്പനിയിലെത്തിയ ഇന്നസെന്റിന‌് ഹൃദ്യമായ വരവേൽപ്പാണ‌് തൊഴിലാളികൾ നൽകിയത‌്. പരിസ്ഥിതി പ്രശ‌്നത്തിന്റെ പേരിൽ പൂട്ടിക്കിടന്ന കമ്പനി പ്രശ‌്നങ്ങൾ പരിഹരിച്ച‌് തുറന്നുപ്രവർത്തിക്കാൻ വഴിയൊരുക്കിയതിന‌് എൽഡിഎഫ‌് സർക്കാരിനുള്ള നന്ദി പ്രകടിപ്പിക്കാനും തൊഴിലാളികൾ മറന്നില്ല. പഞ്ചായത്തിലെതന്നെ ലിറ്റ പായ‌്ക്കിങ‌്ബോക‌്സ‌് നിർമാണ യൂണിറ്റിലെത്തിയപ്പോൾ സ്വീകരിക്കാനെത്തിയവരിലേറെയും സ‌്ത്രീകൾ. മേലൂർ നിർമല എൻജിനിയറിങ‌് കോളേജിലും ചാലക്കുടി പനമ്പിള്ളി ഗോവിന്ദമേനോൻ സ‌്മാരക ഗവ. കോളേജിലും പൂക്കൾ നൽകിയാണ‌് വിദ്യാർഥികൾ ഇന്നസെന്റിനെ വരവേറ്റത‌്. മേലൂരിലെ തൊഴിലുറപ്പു തൊഴിലാളികൾ വഴിയരികിൽ കാത്തുനിന്ന‌് അഭിവാദ്യമർപ്പിച്ചു. മേലൂർ കുന്നപ്പള്ളിയിലെ പകൽവീട്ടിലെത്തി മുതിർന്ന പൗരന്മാരുമായി അൽപ്പസമയം പങ്കുവച്ചു. ഇന്നസെന്റിനെ തലയിൽ കൈവച്ചനുഗ്രഹിച്ചാണ‌് അവർ യാത്രയാക്കിയത‌്. പരിയാരം പഞ്ചായത്തിലെ ഡ്രീംവേൾഡ‌് വാട്ടർ തീം പാർക്കിൽ സഞ്ചാരികളും പാർക്ക‌് അധികൃതരും ചേർന്ന‌് അദ്ദേഹത്തെ സ്വീകരിച്ചു. ചാലക്കുടി ഫാഷൻ ഇൻസ‌്റ്റിറ്റ്യൂട്ട‌്, കൊരട്ടി ഇൻഫോ പാർക്ക‌് എന്നിവിടങ്ങളിലും പരിയാരം ബോസ‌്കർ ജേഴ‌്സി നിർമാണ യൂണിറ്റ‌് കമ്പനിയിലും സന്ദർശനം നടത്തി. ഉച്ചയ‌്ക്കുശേഷമുള്ള മൂന്നു മണ്ഡലം കൺവൻഷനുകളിൽ പങ്കെടുത്തു. അഡ്വ. പി കെ ഗിരിജാവല്ലഭൻ, ടി എ ജോണി, പി എം വിജയൻ, ജോസ‌് പൈനാടത്ത‌് എന്നിവർ ഒപ്പമുണ്ടായി.