മലനാട്ടിൽ വിജയവിളംബരമായി
Thursday Mar 14, 2019
ഇടുക്കി
ആയിരങ്ങളുടെ പങ്കാളിത്തംകൊണ്ട് നിറഞ്ഞ കട്ടപ്പന ടൗൺഹാളും ബാൽക്കണിയും പരിസരവും. ഹൈറേഞ്ചിൽനിന്നും ലോറേഞ്ചിൽനിന്നും എത്തിയ വമ്പിച്ച ജനസഞ്ചയത്തിന്റെ ആവേശം അലയടിച്ച അന്തരീക്ഷത്തിൽ ചേർന്ന കൺവൻഷനോടെ ഇടുക്കി പാർലമെന്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി അഡ്വ. ജോയ്സ് ജോർജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണപ്രവർത്തനങ്ങൾക്ക് ഗംഭീര തുടക്കമായി. തുടങ്ങിവച്ച വികസനവിപ്ലവം പൂർത്തീകരിക്കാനും രാജ്യത്തെയാകെ ശിഥിലമാക്കുന്ന ശക്തികളെ തൂത്തെറിയാനും മതനിരപേക്ഷതയുടെ പതാകവാഹകനായ എൽഡിഎഫ് സ്ഥാനാർഥിയുടെ വിജയം സുനിശ്ചിതമാണെന്ന വിളംബരമായി കൺവൻഷൻ. എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കോതമംഗലം മണ്ഡലങ്ങളിൽനിന്നുള്ള പ്രവർത്തകരും തൊടുപുഴയിൽനിന്നുള്ളവരും രാവിലെതന്നെ എത്തിയിരുന്നു.
ഇടുക്കി, ഉടുമ്പൻചോല, ദേവികുളം, പീരുമേട് ഉൾപ്പെടെ ഏഴ് നിയമസഭ മണ്ഡലങ്ങളിൽനിന്നുള്ളവരാണ് പങ്കെടുത്തത്. നേതാക്കളുടേയും പ്രവർത്തകരുടേയും സാന്നിധ്യത്തിൽനടന്ന പ്രൗഢഗംഭീരമായ കൺവൻഷൻ ജനാധിപത്യ കേരള കോൺഗ്രസ് ചെയർമാൻ അഡ്വ. കെ ഫ്രാൻസിസ് ജോർജ് ഉദ്ഘാടനംചെയ്തു. പിന്നോക്ക ജില്ലയായ ഇടുക്കിയിൽ എൽഡിഎഫ് പ്രതിനിധികൾ വിജയിച്ചപ്പോഴാണ് പുരോഗതി വന്നിട്ടുള്ളതെന്നും ഇപ്പോൾ വികസന വിപ്ലവമാണ് നടക്കുന്നതെന്ന് മന്ത്രി എം എം മണി വ്യക്തമാക്കിയപ്പോൾ സദസ്സിന്റെയാകെ ഹർഷാരവം. ‘ഇടുക്കിയിലെ ജനങ്ങളുടെ അവകാശ പോരാട്ടങ്ങൾക്കുവേണ്ടി വോട്ടുവാങ്ങി വിജയിച്ച് നിങ്ങൾക്ക് ഒപ്പമാണ് കഴിഞ്ഞ കാലയളവിൽ നിന്നിട്ടുള്ളത്, ഒട്ടേറെ വികസനം കൊണ്ടുവരികയും ചെയ്തു, തുടങ്ങിവച്ച കോടിക്കണക്കിന് രൂപയുടെ പദ്ധതികൾ നടപ്പാക്കാൻ വിജയിപ്പിക്കണമെന്ന’ ജോയ്സിന്റെ വാക്കുകളെ പ്രവർത്തകൾ ഹൃദയപൂർവം സ്വീകരിച്ചു.
എൽഡിഎഫ് ഇടുക്കി ജില്ലാ കൺവീനർ കെ കെ ശിവരാമൻ കൺവൻഷനിൽ അധ്യക്ഷനായി. മന്ത്രി എം എം മണിക്കുപുറമെ എൽഡിഎഫ് സംസ്ഥാന നേതാക്കളായ വി ജി രവീന്ദ്രൻ, അഡ്വ. പോൾ ജോസഫ്, എച്ച് മുഹമ്മദലി, ഡോ. ഷാജി കടമല, ബാബു മഞ്ഞള്ളൂർ, ഹൈറേഞ്ച് സംരക്ഷണ സമിതി രക്ഷാധികാരി കെ കെ ദേവസ്യ, സ്ഥാനാർഥിജോയ്സ് ജോർജ് എന്നിവർ സംസാരിച്ചു. പാർലമെന്റ് മണ്ഡലം കമ്മിറ്റി സെക്രട്ടറി ഗോപി കോട്ടമുറിക്കൽ ഭാരവാഹി പാനൽ അവതരിപ്പിച്ചു. സിപിഐ എം ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ സ്വാഗതം പറഞ്ഞു.