അടിപതറി കോൺഗ്രസ‌് ആത്മവിശ്വാസത്തിൽ ടിആർഎസ‌്

Friday Mar 15, 2019

ഹൈദരാബാദ്‌> തെലങ്കാനയിൽ നിയമസഭാ തെരഞ്ഞെടുപ്പിലെ മിന്നുന്ന ജയം ആവർത്തിക്കാനുള്ള ഒരുക്കത്തിലാണ‌് തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ‌്). ആകെയുള്ള 17ൽ 16 സീറ്റിലും ടിആർഎസ‌് ജയം ലക്ഷ്യമിടുന്നു. മുഖ്യപ്രതിപക്ഷമായ കോൺഗ്രസാകട്ടെ തീർത്തും ദുർബലമായ നിലയിലാണ‌്. നിലവിലെ രണ്ട‌് സിറ്റിങ‌് സീറ്റുകളെങ്കിലും പിടിച്ചുനിർത്താനാണ‌് കോൺഗ്രസ‌് ശ്രമം. എന്നാൽ, നേതാക്ക‌ളുടെ ടിആർഎസിലേക്കുള്ള കൂട്ട ഒഴുക്ക‌് കോൺഗ്രസിന്റെ ശേഷിക്കുന്ന ആത്മവിശ്വാസവും കെടുത്തുകയാണ‌്.

സിറ്റിങ‌് സീറ്റായ സെക്കന്തരാബാദ‌് നിലനിർത്താനാണ‌് ബിജെപി ശ്രമിക്കുന്നത‌്. എന്നാൽ, അസദുദ്ദീൻ ഒവെയ‌്സിയുടെ എഐഎംഐഎമ്മുമായി ധാരണയിൽ നീങ്ങുന്ന ടിആർഎസ‌് ബിജെപിക്ക‌് വലിയ വെല്ലുവിളി ഉയർത്തുന്നു. ഹൈദരാബാദ‌് മണ്ഡലമാകട്ടെ ഒവെയ‌്സിയിലൂടെ എംഐഎം നിലനിർത്തുമെന്ന‌് തീർച്ച. നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി ചേർന്ന‌് മഹാസഖ്യം രൂപീകരിച്ച‌് മത്സരിച്ച ടിഡിപി ലോക‌്സഭാ തെരഞ്ഞെടുപ്പിൽ തെലങ്കാനയിൽ വലിയ പ്രതീക്ഷ പുലർത്തുന്നില്ല.

ഏപ്രിൽ 11ന‌് ആദ്യഘട്ടത്തിലാണ‌് തെലങ്കാനയിലെ 17 മണ്ഡലത്തിലേക്കും തെരഞ്ഞെടുപ്പ‌്. ആന്ധ്രയിലെ 25 മണ്ഡലങ്ങളും അതേദിവസം ബൂത്തിലേക്ക‌് നീങ്ങും. രണ്ട‌് തെലുങ്ക‌് സംസ്ഥാനങ്ങളിലും ഒരേ ദിവസം നടക്കുന്ന വോട്ടെടുപ്പ‌് കോൺഗ്രസ‌്, ബിജെപി, ടിആർഎസ‌് പാർടികൾക്ക‌് തിരിച്ചടിയാണ‌്. രണ്ട‌് ഘട്ടങ്ങളായിട്ടായിരുന്നു വോട്ടെടുപ്പെങ്കിൽ ഈ മൂന്ന‌് പാർടികളുടെയും നേതാക്കൾക്ക‌് രണ്ട‌് സംസ്ഥാനങ്ങളിലും കൂടുതൽ ശ്രദ്ധ ചെലുത്താൻ കഴിയുമായിരുന്നു. തെലങ്കാനയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ടിആർഎസിന‌് ഒറ്റഘട്ട തെരഞ്ഞെടുപ്പ‌് സഹായകവുമാണ‌്.

തെരഞ്ഞെടുപ്പിന‌് 28 ദിവസം മാത്രമാണ‌് ശേഷിക്കുന്നതെങ്കിലും പ്രധാന പാർടികളൊന്നും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല. കോൺഗ്രസിൽനിന്ന‌് കൂട്ടത്തോടെ കൂറുമാറിയെത്തുന്ന എംഎൽഎമാരെയും നേതാക്കളെയും ഉൾക്കൊള്ളിക്കാനുള്ള തത്രപ്പാടിലാണ‌് ടിആർഎസ‌്. രണ്ടാഴ‌്ചയ‌്ക്കിടെ  നാല‌് എംഎൽഎമാരാണ‌് കോൺഗ്രസ‌് വിട്ട‌് ടിആർഎസിൽ എത്തിയത‌്. യെല്ലണ്ടു എംഎൽഎ ബി ഹരിപ്രിയ, നക്രേക്കൽ എംഎൽഎ ചിരുമാർത്തി ലിംഗയ്യ, ആദിവാസി വിഭാഗത്തിൽനിന്നുള്ള എംഎൽഎമാരായ റെഗ കാന്തറാവു, അത‌്റാം സാക്കു എന്നിവർ. ഇതോടെ നിയമസഭയിൽ കോൺഗ്രസിന്റെ അംഗബലം 15 ആയി ചുരുങ്ങി. ടിആർഎസിന്റെ അംഗസംഖ്യ 92 ആയി ഉയർന്നു. വരുംദിവസങ്ങളിൽ കൂടുതൽ എംഎൽഎമാരും നേതാക്കളും കോൺഗ്രസ‌് വിട്ട‌് പുറത്തുവരുമെന്നാണ‌് ടിആർഎസ‌് വൃത്തങ്ങൾ അവകാശപ്പെടുന്നത‌്.

മുതിർന്ന കോൺഗ്രസ‌് നേതാവും മഹേശ്വരം എംഎൽഎയുമായ സബിത ഇന്ദ്ര റെഡ്ഡി ടിആർ‌എസുമായി ചർച്ച ആരംഭിച്ചിട്ടുണ്ട‌്. വൈ എസ‌് ആർ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായിരുന്നു സബിത. മകൻ കാർത്തിക‌് റെഡ്ഡിക്ക‌് ചെല്ല മണ്ഡലം നൽകണമെന്ന ആവശ്യം കോൺഗ്രസ‌് നിരാകരിച്ചതാണ‌് സബിത അകലാൻ കാരണം. സബിതയ‌്ക്ക‌് പുറമെ മുതിർന്ന നേതാവും പിസിസി ട്രഷററുമായ ഗുഡൂർ നാരായണ റെഡ്ഡിയും ടിആർഎസിലേക്ക‌് നീങ്ങുകയാണ‌്. നേതാക്കളുടെ കൂട്ടപ്പലായനം കോൺഗ്രസ‌് നേതൃത്വത്തെ അമ്പരപ്പിക്കുകയാണ‌്.

ടിഡിപി, സിപിഐ, തെലങ്കാന ജനസമിതി എന്നീ കക്ഷികളുമായി ചേർന്ന‌് നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാസഖ്യം രൂപീകരിച്ച‌് മത്സരിച്ച കോൺഗ്രസ‌് എന്നാൽ ലോക‌്സഭാ തെരഞ്ഞെടുപ്പിൽ തനിച്ച‌ു മത്സരിക്കാനുള്ള തീരുമാനത്തിലാണ‌്. ടിഡിപിയുമായുള്ള സഖ്യമാണ‌് നിയമസഭാ തെരഞ്ഞെടുപ്പിൽ വിനയായതെന്ന‌് കോൺഗ്രസ‌് നേതൃത്വം വിലയിരുത്തുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ 19 സീറ്റിൽ കോൺഗ്രസ‌് ജയിച്ചപ്പോൾ രണ്ട‌് സീറ്റിലൊതുങ്ങി ടിഡിപിയുടെ ജയം. കാലാവധി പൂർത്തിയാക്കാൻ ആറുമാസം ശേഷിക്കെയാണ‌് മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു നിയമസഭ പിരിച്ചുവിട്ട‌് തെരഞ്ഞെടുപ്പിനെ നേരിട്ടത‌്. ഈ പരീക്ഷണം വിജയമായി. നിയമസഭാ തെരഞ്ഞെടുപ്പിൽ തിളക്കമാർന്ന ജയം നേടിയ കെസിആർ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ‌് ലോക‌്സഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത‌്. ഫെഡറൽ മുന്നണിയെന്ന ആശയം നേരത്തെ മുന്നോട്ടുവച്ചിട്ടുള്ള കെസിആർ ടിഡിപി ഒഴികെ മറ്റ‌് മതേതര പാർടികളുമായി സഖ്യത്തിന‌് ഒരുക്കമാണ‌്.

തെലങ്കാനയിൽ സീറ്റുനില വർധിപ്പിക്കാനുള്ള ബിജെപിയുടെ ശ്രമം വിജയിക്കില്ല. ടിഡിപിക്ക‌് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രണ്ട‌് സീറ്റ‌് ലഭിച്ചിരുന്നെങ്കിലും ഇക്കുറി പ്രതീക്ഷയില്ല. 2009ൽ ആന്ധ്രയിലെ 42 സീറ്റുകളിൽ 33 സീറ്റിലും കോൺഗ്രസാണ‌് ജയിച്ചത‌്. എന്നാൽ, 2014ലെ തെരഞ്ഞെടുപ്പോടെ ചിത്രം മാറി. ഐക്യആന്ധ്രയെന്ന നിലയിലുള്ള അവസാന ലോക‌്സഭാ തെരഞ്ഞെടുപ്പായിരുന്നു 2014ലേത‌്. ആന്ധ്രയെ വിഭജിക്കാനുള്ള കോൺഗ്രസ‌് തീരുമാനം രണ്ട‌് സംസ്ഥാനങ്ങളിലും അവരെ ദുർബലപ്പെടുത്തി. 2014ൽ ടിഡിപി 16 സീറ്റിൽ ജയിച്ചപ്പോൾ ടിആർഎസ‌് 11 സീറ്റ‌് നേടി. വൈഎസ‌്ആർ കോൺഗ്രസ‌് ഒമ്പതും ബിജെപി മൂന്നും സീറ്റുകളിൽ ജയിച്ചപ്പോൾ കോൺഗ്രസ‌് രണ്ട‌ു സീറ്റിൽ ഒതുങ്ങി. ഇക്കുറി രണ്ട‌ു സംസ്ഥാനങ്ങളിൽനിന്നായി ഒരു സീറ്റിൽ പോലും കോൺഗ്രസ‌് ജയിച്ചില്ലെങ്കിൽ അത്ഭുതം വേണ്ടെന്നാണ‌് നിരീക്ഷകരുടെ വിലയിരുത്തൽ.

ഇടതുപക്ഷ പാർടികളും തെലങ്കാനയിൽ ശക്തമായ പോരാട്ടത്തിന‌് ഒരുങ്ങുകയാണ‌്. സിപിഐ എമ്മും സിപിഐയും രണ്ട‌് സീറ്റിൽ വീതം മത്സരിക്കാൻ ധാരണയായി. ഖമ്മം, നൽഗൊണ്ട സീറ്റുകളിലാണ‌് സിപിഐ എം മത്സരിക്കുക. മെഹബൂബബാദ‌്, ഭുവനഗിരി മണ്ഡലങ്ങളിൽ സിപിഐ മത്സരിക്കും. ശേഷിക്കുന്ന 13 സീറ്റിൽ ചർച്ച നടന്നുവരികയാണ‌്. പവൻ കല്യാണിന്റെ ജനസേന, കോതണ്ഡറാമിന്റെ തെലങ്കാന ജനസമിതി തുടങ്ങിയ പാർടികളും ഇടതുപക്ഷ സഖ്യത്തിലുണ്ടാകും.


വോട്ടുബുക്ക്
സ്പെഷ്യല്‍
ഫേക്ക് ഇന്‍ ഇന്ത്യ
ഓര്‍ത്തെടുപ്പ്
വാര്‍ത്തകള്‍