പ്രചാരണം കൂടുതൽ സജീവമാക്കി എൽഡിഎഫ‌്

Friday Mar 15, 2019
തിരുവനന്തപുരത്ത്‌ എൽഡിഎഫ്‌ സ്ഥാനാർഥി സി ദിവാകരനായി ചുവരെഴുത്ത്‌

തിരുവനന്തപുരം> എൽഡിഎഫ‌് സ്ഥാനാർഥി പ്രഖ്യാപനത്തിനു ശേഷം ആരംഭിച്ച പാർലമെന്റ‌് മണ്ഡലം കൺവൻഷനുകൾ വയനാട‌്, പൊന്നാനി കൺവൻഷനുകളോടെ വ്യാഴാഴ‌്ച പൂർത്തിയായി. നിയമസഭാ മണ്ഡലം കൺവൻഷനുകൾ നടക്കുകയാണ‌്. ലോക്കൽ കൺവൻഷനുകൾ, ബൂത്തുതല കൺവൻഷനുകൾ എന്നിവ 20നു മുമ്പ‌് പൂർത്തിയാകും.

വീടുകൾ സന്ദർശിച്ച‌് വോട്ടർമാരെ കാണലും എൽഡിഎഫ‌ിന്റെ പ്രസക്തിയും പ്രാധാന്യവും വിശദീകരിക്കലും ആരംഭിച്ചുകഴിഞ്ഞു.  എൽഡിഎ‌ഫ‌് സർക്കാരിന്റെ 1000 ദിന പ്രവർത്തനങ്ങളുടെ നേട്ടങ്ങൾ ഇതിനകം ജനങ്ങളിലെത്തിക്കാൻ കഴിഞ്ഞിട്ടുണ്ട‌്. കേരളത്തിലെ തെരഞ്ഞെടുപ്പിൽ ദേശീയ രാഷ‌്ട്രീയത്തോടൊപ്പം സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങ‌ളും ജനങ്ങൾ വിലയിരുത്തും.

ഏപ്രിൽ 23ന‌് മൂന്നാം ഘട്ടത്തിലാണ‌് കേരളത്തിൽ വോട്ടെടുപ്പ‌്. എൽഡിഎഫ‌് സ്ഥാനാർഥികൾ ഇപ്പോൾ കൺവൻഷനുകളിൽ പങ്കെടുക്കുകയും വിവിധ കേന്ദ്രങ്ങൾ സന്ദർശിക്കുകയുമാണ‌്. പ്രചാരണത്തിന‌് ഒരു മാസത്തിലധികം ലഭിക്കുമെങ്കിലും ഓരോ വോട്ടറെയും നേരിൽക്കാണാൻ സ്ഥാനാർഥികൾക്ക‌് സമയം ലഭിക്കില്ല. അതിനാൽ, നിശ്ചയിക്കപ്പെടുന്ന കേന്ദ്രങ്ങളിലെത്തി ജനങ്ങളെ കാണുകയാണ‌്. മാർച്ച‌് 22 വരെ ഈ ജനസമ്പർക്കപരിപാടി തുടരും. 23 മുതലുള്ള ദിവസങ്ങളിൽ മൂന്ന‌് ഘട്ടമായി സ്വീകരണ പരിപാടികളിൽ സ്ഥാനാർഥികൾ പങ്കെടുക്കും.

എൽഡിഎഫ‌് സ‌്ക്വാഡുകൾ വിവിധ ഘട്ടങ്ങളായി വീടുകളിലെത്തി വോട്ടർമാരെ കാണുകയും ലഘുലേഖകൾ നൽകുകയും അവരുമായി ആശയവിനിമയം നടത്തുകയും ചെയ്യും. സ്ഥാനാർഥികൾക്കായുള്ള ചുവരെഴുത്തുകൾ ഏറെക്കുറെ പൂർത്തിയായി. പോസ‌്റ്ററുകൾ, ബാനറുകൾ തുടങ്ങിയ പ്രചാരണ സാമഗ്രികൾ തയ്യാറാവുകയാണ‌്. സമാന്തരമായി സാമൂഹ്യമാധ്യമങ്ങളിലൂടെയും ശക്തമായ പ്രചാരണം നടക്കുന്നുണ്ട‌്.

ഇടതു പാർടികളുടെ അഖിലേന്ത്യാ നേതാക്കൾ പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ‌് പ്രചാരണ പൊതുയോഗങ്ങൾ ഏപ്രിൽ ആദ്യ പകുതിയിൽ നടക്കും. പ്രചാരണത്തിന്റെ അവസാന ആഴ‌്ച ലോക്കൽ തല റാലികൾ നടക്കും. അടിമുടി എല്ലാ മേഖലകളെയും സ‌്പർശിക്കുന്ന ചലനാത്മകമായ പ്രചാരണ പ്രവർത്തനങ്ങളാണ‌് എൽഡിഎഫ‌് ആസൂത്രണം ചെയ‌്തിട്ടുള്ളത‌്.


വോട്ടുബുക്ക്
സ്പെഷ്യല്‍
ഫേക്ക് ഇന്‍ ഇന്ത്യ
ഓര്‍ത്തെടുപ്പ്
വാര്‍ത്തകള്‍