ഹൈറേഞ്ചിന്റെ കവാടം തുറന്ന‌് ജോയ‌്സ് ജോർജ‌്

Friday Mar 15, 2019
സ്ഥാനാർഥി ജോയ്‌സ് ജോർജ് കോതമംഗലം നെല്ലിക്കുഴിയിൽ എത്തിയപ്പോൾ

കോതമംഗലം> ‘‘കാടുമൂടി തകർന്ന ഈ ഫാമിനെ പച്ചക്കറിയും പഴങ്ങളും വിളയുന്ന  കൃഷിയിടമാക്കിയത് എൽഡിഎഫ് സർക്കാരാണ്. ദിവസവേതനക്കാരായ ഞങ്ങളെ കാഷ്വൽ തൊഴിലാളികളായി അംഗീകരിച്ചതും കൂലി വർധിപ്പിച്ചതും ഇടതുസർക്കാരാണ്. ഇനിയും മാറ്റങ്ങൾ വരുത്താൻ ഇടതുപക്ഷം വേണം’’–- 

ഹൈറേഞ്ചിന്റെ കവാടത്തിൽ പെരിയാറിന്റെ ഓരത്തെ നേര്യമംഗലം ജില്ലാ കൃഷിഫാമിലെ 300 തൊഴിലാളികൾക്കും ഒരേശബ്ദമായിരുന്നു. ജോയ്സ്‌ ജോർജിനെ നിറഞ്ഞ സ്നേഹത്തോടെ വരവേറ്റാണ് സർക്കാരിനുള്ള നന്ദി അവർ അറിയിച്ചത്. തൊഴിലാളികളായ റാബിയ ഹംസ, ബിന്ദു രാമകൃഷ്ണൻ, ഉഷ രാജീവ്, കെ സി വിജയൻ, സിറിൾ ദാസ് എന്നിവരുടെ നേതൃത്വത്തിൽ പുഷ്പവൃഷ്ടിയോടെയാണ് ഇടുക്കി ലോക‌്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി അഡ്വ. ജോയ്സ് ജോർജിനെ സ്വീകരിച്ചത്.

യുഡിഎഫ‌് സർക്കാരിന്റെ കാലത്ത‌് ജില്ലാ കൃഷ‌ിഫാമുകൾ സ്വകാര്യവൽക്കരിക്കാനായിരുന്നു നീക്കം. തൊഴിലാളിസംഘടനകളുടെ ശക്തമായ സമരത്തെതുടർന്ന‌് നടന്നില്ല. തുടർന്ന‌് എൽഡിഎഫ‌് സർക്കാർ വന്നശേഷമാണ‌് ഫാമുകൾ പച്ചപിടിക്കാൻ തുടങ്ങിയത‌്. നേര്യമംഗലത്തെ 200 ഏക്കർ ജില്ലാ കൃഷിത്തോട്ടത്തിൽ ഇപ്പോൾ പഴവും പച്ചക്കറിയും വിളയുന്നു. 294 തൊഴിലാളികളിൽ ഭൂരിഭാഗവും സ‌്ത്രീകളാണ‌്. കാർഷികവിളകളുടെ ഉൽപ്പാദനത്തിനായി 21 കോടിയുടെ പദ്ധതിയാണ‌് നടപ്പാക്കുന്നത‌്. ഫാം ടൂറിസം വികസിപ്പിക്കുന്നതിന്റെ ഭാഗമായുള്ള പദ്ധതികളും തുടങ്ങിക്കഴിഞ്ഞു.

രാവിലെ ജോയ‌്സ് ജോർജ‌് എംപിയെ എൽഡിഎഫ് കോതമംഗലം നിയോജകമണ്ഡലം കൺവീനർ ആർ അനിൽകുമാറിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. വിവിധ രാഷ്ട്രീയ, സാംസ‌്കാരിക, സാമൂഹിക നേതാക്കൾ വിജയാശംസ നേരാനെത്തി. ജില്ലാ കൃഷിത്തോട്ടത്തിലെ തൊഴിലാളികളോട് വോട്ട് അഭ്യർഥിച്ചുശേഷം കവളങ്ങാട് പഞ്ചായത്തിലെ ഊന്നുകൽ, നെല്ലിമറ്റം കവലകളിലെത്തി വോട്ട് അഭ്യർഥിച്ചു. കുത്തുകുഴി, വായനശാലപ്പടി, അയ്യൻകാവ‌്, ചെറുവട്ടൂർ എന്നിവിടങ്ങളും സന്ദർശിച്ചു. എംഎ കോളേജ‌്, പുതുപ്പാടി മരിയൻ അക്കാദമി എന്നിവിടങ്ങളിലെ നൂറുകണക്കിന‌് വിദ്യാർഥികളും അധ്യാപകരുമായി ഹ്രസ്വസംവാദം. അഞ്ച‌ുവർഷത്തെ തന്റെ പ്രവർത്തനനേട്ടങ്ങളെക്കുറിച്ചും കേരളത്തിന്റെ പുനർനിർമാണത്തിലുള്ള പുതിയ കാഴ‌്ചപ്പാടുകളും എംപി അവരുമായി പങ്കുവച്ചു.  ഉച്ചയ‌്ക്ക‌ുശേഷം കോളേജ‌് ജങ‌്ഷനിൽനിന്ന‌് ആരംഭിച്ച‌് വെണ്ടുവഴി, എംഎം കവല, ഇരമല്ലൂർ, നെല്ലിക്കുഴി, തൃക്കാരിയൂർ, നാഗഞ്ചേരി, അയിരൂർപാടം, മുത്തംകുഴി, ചേലാട‌് പള്ളിത്താഴം വഴി മലയിൻകീഴിലുമെത്തി വോട്ടർമാരെ കണ്ടു.

66–-ാം നമ്പർ ബൂത്തിന്റെ തെരഞ്ഞെടുപ്പ‌് കമ്മിറ്റി ഓഫീസ് ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജോയ്സ് ജോർജ‌് പങ്കെടുത്തു. കോതമംഗലം നഗരത്തിലെ കോഴിപ്പിള്ളി കവലയിലെത്തി, തുടർന്ന് നൂറുകണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ നഗരംചുറ്റി വോട്ട് അഭ്യർഥിച്ചു.


വോട്ടുബുക്ക്
സ്പെഷ്യല്‍
ഫേക്ക് ഇന്‍ ഇന്ത്യ
ഓര്‍ത്തെടുപ്പ്
വാര്‍ത്തകള്‍