തൊഴിലുറപ്പിടങ്ങളും പരീക്ഷയ‌്ക്കെത്തിയ കുട്ടികളെയും സന്ദർശിച്ച‌് വീണാ ജോർജ്‌

Friday Mar 15, 2019
അങ്ങാടിക്കൽ എത്തിയ വീണാ ജോർജിനെ തൊഴിലുറപ്പ്‌ തൊഴിലാളിയായ മുത്തശ്ശി അനുഗ്രഹിക്കുന്നു

കൊടുമൺ> ഇടതുപക്ഷ മുന്നണി സ്ഥാനാർഥി വീണാ ജോർജ് വ്യാഴാഴ‌്ച തൊഴിലുറപ്പ‌് തൊഴിലാളികളെയും എസ‌്എസ‌്എൽസി പരീക്ഷയ‌്ക്കെത്തിയ കുട്ടികളെയും സന്ദർശിച്ചു.  കൊടുമൺ പഞ്ചായത്തിലെ ചന്ദനപ്പള്ളി, ഐരൂർക്കര ലക്ഷം വീട്  എന്നിവിടങ്ങളിലും, നാലാം വാർഡിലെ മുപ്രമൺ, ആറ്റുവാശ്ശേരി, കൊച്ചുമുരുപ്പ് തുടങ്ങിയ തൊഴിലുറപ്പ് തൊഴിലിടങ്ങളിലും സന്ദർശിച്ചു. അയൽവാസികളും തൊട്ടടുത്ത വാർഡിലെ താമസക്കാരുമാണ് തൊഴിലാളികളിൽ ഏറെയും. കൂലിക്കുടിശ്ശികയാണ് അവരുടെ പ്രധാന പരാതി.  അഞ്ചും ആറും മാസം കൂടുമ്പോഴാണ് കൂലിതുക നൽകുന്നത് . കൊടുമൺ പഞ്ചായത്തിൽ മാത്രമായി 38 ലക്ഷം രൂപയുടെ കുടിശ്ശികയുണ്ട്. പറക്കോട് ബ്ലോക്കിൽ കോടികളാണ് കുടിശ്ശികയായിട്ടുള്ളത്. മാർച്ച് മാസമായപ്പോൾ പഠിക്കുന്ന കുട്ടികളുള്ള രക്ഷിതാക്കൾ ഏറെ ദുരിതത്തിലാണ്. പരീക്ഷാ ഫീസ്, പഠന വിനോദയാത്രകൾ തുടങ്ങിയ ചെലവുകൾ അവരെ ബുദ്ധിമുട്ടിലാക്കുന്നു. 

കൊടുമൺ ഹൈസ്കൂളിലെ അധ്യാപകരെയും മറ്റ് ജീവനക്കാരെയും കണ്ട് വോട്ടഭ്യർഥിച്ചു. പത്താം ക്ലാസ് പരീക്ഷയെഴുതുന്ന കുട്ടികൾക്ക് വീണാ ജോർജ‌് വിജയാശംസകൾ  നേർന്നു. കുട്ടികൾ തിരിച്ചും വിജയാശംസകൾ നേർന്നു. പരസ്പരമുള്ള വിജയാശംസകൾ പരീക്ഷാച്ചൂടിൽ നിന്ന കുട്ടികൾക്ക് ആശ്വാസത്തിന്റെ നിമിഷങ്ങളായി. 
അങ്ങാടിക്കൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ കെ അശോക് കുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ‌്  ബീന പ്രഭ, പഞ്ചായത്തംഗം ശ്യാം സത്യ, ബാബു സേനപ്പണിക്കർ, രജനി പ്രകാശ്, ആനന്ദവല്ലി, ജയ എന്നിവരും സ്ഥാനാർഥിയോടൊപ്പമുണ്ടായിരുന്നു.

 


വോട്ടുബുക്ക്
സ്പെഷ്യല്‍
ഫേക്ക് ഇന്‍ ഇന്ത്യ
ഓര്‍ത്തെടുപ്പ്
വാര്‍ത്തകള്‍