ഹരിപ്പാടിന്റെ മനസറിഞ്ഞ‌് ആരിഫ്
Friday Mar 15, 2019
നങ്ങ്യാർകുളങ്ങര ടികെഎംഎം കോളേജിൽ എൽഡിഎഫ് സ്ഥാനാർഥി എ എം ആരിഫ് എത്തിയപ്പോൾ
ഹരിപ്പാട്> ആലപ്പുഴ ലോക‌്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എ എം ആരിഫ് ഹരിപ്പാട് മണ്ഡലത്തിൽ പര്യടനം നടത്തി. മഹാകവി കുമാരനാശാൻ അന്ത്യവിശ്രമം കൊള്ളുന്ന കുമാരകോടിയിലെ സ‌്മൃതിമണ്ഡപത്തിലും ആശാൻ പ്രതിമയിലും പുഷ‌്പാർച്ചന നടത്തിയാണ് ആരിഫിന്റെ തീരമേഖലയിലെ സന്ദർശനമാരംഭിച്ചത്.
പല്ലന കുറ്റിക്കാട്ടുചന്ത, പാനൂർ പുത്തൻപുരമുക്ക്, പാനൂർ പള്ളിമുക്ക്, ചേലക്കാട് വഴി തൃക്കുന്നപ്പുഴ ജങ‌്ഷനിലെത്തി. വാഹന യാത്രക്കാരടക്കമുള്ളവർ സ്ഥാനാർഥിയെ അഭിവാദ്യംചെയ‌്തു. പ്രധാന കേന്ദ്രങ്ങളിൽ സ‌്ത്രീകളടക്കം നൂറുകണക്കിനാളുകൾ തങ്ങളുടെ പ്രിയ സാരഥിയെ കാണാൻ കാത്തുനിന്നു. തൃക്കുന്നപ്പുഴ ടൗണിലെ കടകളിലും യാത്രക്കാരെയും കണ്ടു വോട്ടഭ്യർഥന നടത്തിയ സ്ഥാനാർഥി പുളിക്കീഴ് കാർത്തികപ്പള്ളി വഴി നങ്ങ്യാർകുളങ്ങര ടികെഎംഎം കോളേജിലെത്തി. വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ‌് വിദ്യാർഥിനികളടക്കമുള്ളവർ സ്വീകരിച്ചത്.
കോളേജ‌് പ്രിൻസിപ്പൽ ഡോ. ഷേർളി പി ആനന്ദിനെയും അധ്യാപകരെയും കണ്ട‌് വോട്ടഭ്യർഥന നടത്തി. തുടർന്ന് കാർത്തികപ്പള്ളി ഐഎച്ച്ആർഡി കോളേജിലെത്തിയ സ്ഥാനാർഥിയെ ഹാരമണിയിച്ച‌് മുദ്രാവാക്യം വിളിയോടെയാണ‌് ക്യാമ്പസിലേക്ക‌് ആനയിച്ചത‌്. അരൂരിൽ എംഎൽഎ എന്ന നിലയിൽ വിദ്യാർഥികൾക്കും യുവാക്കൾക്കുമായി നടത്തിയ പ്രവർത്തനങ്ങളെപ്പറ്റി ലഘുവായി വിശദീകരിച്ച് വീട്ടുകാരുടെയും കൂട്ടുകാരുടെയും വോട്ടും എൽഡിഎഫിന് നൽകാൻ പ്രവർത്തിക്കണമെന്ന അഭ്യർഥനയോടാണ് ആരിഫ് ക്യാമ്പസ് വിട്ടത്.
സംവിധായകൻ പി പത്മരാജന്റെ മുതുകുളം ചൂളത്തെരുവിലെ ഞവരക്കൽ തറവാട്ടിലെത്തിയ ആരിഫിനെ പത്മരാജന്റെ സഹോദരൻ പി പത്മധരൻ വരവേറ്റു. തെക്കിനിയിലെ പത്മരാജന്റെ അസ്ഥിത്തറയിൽ പുഷ‌്പാർച്ചന നടത്തി. പിന്നീട‌് ആറാട്ടുപുഴയിലേക് എത്തിയ ആരിഫ‌് നവോത്ഥാനനായകനും ചരിത്രപുരുഷനുമായ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ മംഗലത്തെ കല്ലശേരിൽ തറവാട്ടിൽ പണിക്കരുടെ ഛായാചിത്രത്തിൽ പുഷ‌്പാർച്ചന നടത്തി.
കള്ളിക്കാട് കുടികിടപ്പ് സമരത്തിൽ രക്തസാക്ഷികളായ നീലകണ്ഠനും ഭാർഗവിയും അന്ത്യവിശ്രമം കൊള്ളുന്നിടത്തെത്തി പുഷ‌്പാർച്ചന നടത്തി. സമരനായകൻ വാസുവിന്റെ വീട്ടിലെത്തി മകൻ ഷാജിയെയും കുടുംബാംഗങ്ങളെയും സന്ദർശിച്ചശേഷം സുനാമി ദുരന്തത്തിൽ മരിച്ചവരുടെ ഓർമകളുറങ്ങുന്ന തറയിൽക്കടവിലെ സ‌്മാരകസ‌്തൂപത്തിലെത്തി പുഷ‌്പാർച്ചന നടത്തി. ഉച്ചയ‌്ക്കുശേഷം ഹരിപ്പാട്ടെത്തിയ ആരിഫിനെ ആവേശത്തോടെ പ്രവർത്തകർ വരവേറ്റു.
എൽഡിഎഫ് നേതാക്കളായ അഡ്വ. ജി ഹരിശങ്കർ, എം സത്യപാലൻ, എം സുരേന്ദ്രൻ, എൻ സോമൻ, അഡ്വ. എ ഷാജഹാൻ, കെ കാർത്തികേയൻ, പി ബി സുഗതൻ, ആർ പ്രസാദ്, ഡി അനീഷ്, കെ മോഹനൻ, സി രത്നകുമാർ, അഡ്വ. എം എം അനസ് അലി, പ്രദീഷ് ജി പണിക്കർ, കെ വിജയകുമാർ, എസ് സുനു, എം ആനന്ദൻ, ദേവാനുജൻ എന്നിവർ സ്ഥാനാർഥിക്കൊപ്പമുണ്ടായി.