പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത സ്ഥാനാർഥി പി കെ ബിജു

Friday Mar 15, 2019
ചിറ്റൂർ നിയോജക മണ്ഡലത്തിലെ പൊൽപുള്ളിയിൽ പി കെ ബിജു പര്യടനം നടത്തുന്നു

കുന്നംകുളം> എൽഡിഎഫ‌് സ്ഥാനാർഥിയായി വീണ്ടും ജനവിധി തേടുന്ന ഡോ. പി കെ ബിജു എംപിക്ക് ആലത്തൂർ പാർലമെന്റ്   മണ്ഡലത്തിലെ  കുന്നംകുളം മേഖലയിൽ  ആവേശോജ്വല  സ്വീകരണം. വൻകിട പദ്ധതികളേക്കാൾ കുടിവെള്ള, -ആരോഗ്യ,- വിദ്യാഭ്യാസ മേഖലകളിൽ എംപി എന്ന നിലയിൽ ബിജു ചെയ‌്ത നടപടികൾ അദ്ദേഹത്തെ ഏവരുടേയും പ്രിയങ്കരനാക്കി.  പരിചയപ്പെടുത്തലുകളുടെ ആവശ്യമില്ലാത്ത ബന്ധങ്ങളാണ് എവിടെയും.
 
രാവിലെ എട്ടോടെ എരുമപ്പെട്ടിയിലെ വിവിധ സ്കൂളുകളിലും കോൺവെന്റുകളിലും  നെല്ലുവായ് ധന്വന്തരി ക്ഷേത്രപരിസരത്തും പ്രചാരണം നടത്തി. മന്ത്രി എ സി മൊയ്തീനും  സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു. വേലൂരിൽ മണിമലർക്കാവ് മാറുമറയ്ക്കൽ സമരനായിക വെള്ളറോട്ടിൽ മീനാക്ഷിയുടെ  വീട്ടിലെത്തി അനുഗ്രഹം തേടി. കുന്നംകുളം മണ്ഡലം കൺവൻഷനിൽ പങ്കെടുക്കാൻ ടൗൺ ഹാളിലെത്തിയപ്പോൾ വൻ ജനാവലിയാണ‌് എതിരേറ്റത്.
 
സ്ഥാനാർഥി എത്തുന്നതിന്നു മുമ്പേ ഉദ്ഘാടന സമ്മേളനം ആരംഭിച്ചിരുന്നു. പത്തു വർഷം എംപി എന്ന നിലയിൽ ചെയ്ത കാര്യങ്ങൾ ചുരുങ്ങിയ വാക്കുകളിൽ വിശദീകരിച്ചു. പത്തു വർഷം ഒരു കുടുംബാംഗത്തെപ്പോലെ സ്വീകരിച്ച വോട്ടർമാർ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലും സഹായിക്കണമെന്നഭ്യർഥിച്ച‌്   ബിജു പ്രസംഗം അവസാനിപ്പിച്ചു.
 
ചൊവ്വന്നൂർ അടുപ്പുട്ടിയിൽ  സെന്റ് എം എം കോൺവെന്റിലെത്തി. കുന്നംകുളം ഈസ്റ്റ്‌, കുന്നംകുളം സൗത്ത് ഉൾപ്പെടുന്ന അഞ്ഞൂർ കുന്നിൽ രക്തസാക്ഷി പി പി സുബ്രഹ്മണ്യന്റെ സഹധർമിണി ലക്ഷ്മിയേടത്തിയെ കണ്ട് അനുഗ്രഹം വാങ്ങി. കുന്നംകുളം വെസ്റ്റ്, കാട്ടകാമ്പാൽ എന്നിവിടങ്ങളിലെ സ്കൂളുകളിലും  കേളേജുകളിലുമെത്തി. പിന്നീട്  വടക്കാഞ്ചേരി മണ്ഡലം  കൺവൻഷനിലും പങ്കെടുത്തു. കടവല്ലൂരിൽ രക്തസാക്ഷി എ ബി ബിജേഷിന്റെ വീട്ടിലെത്തി മാതാപിതാക്കൾക്കൊപ്പം അല്പസമയം ചെലവഴിച്ചു. ഏറെ വൈകിയാണ് വ്യാഴാഴ്ചത്തെ പര്യടനം പൂർത്തിയാക്കിയത്.

 


വോട്ടുബുക്ക്
സ്പെഷ്യല്‍
ഫേക്ക് ഇന്‍ ഇന്ത്യ
ഓര്‍ത്തെടുപ്പ്
വാര്‍ത്തകള്‍