കണ്ണുരിൽ വിജയവിളംബരമായി സ‌്ത്രീശക്തി പ്രവാഹം
Friday Mar 15, 2019
ധർമടത്ത് വനിതാ പാർലമെന്റ് ഉദ്‌ഘാടനം ചെയ്യാനെത്തിയ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടിനെയും കണ്ണൂർ പാർലമെന്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി കെ ശ്രീമതി ടീച്ചറെയും വേദിയിലേക്ക് സ്വീകരിക്കുന
കണ്ണൂർ> ഒറ്റയ‌്ക്കും ചെറുസംഘങ്ങളായും വീട്ടകങ്ങളിൽനിന്നും തൊഴിലിടങ്ങളിൽനിന്നും എത്തിയവർ. ഞങ്ങളും ഞങ്ങളുമെന്ന പ്രഖ്യാപനവുമായി കൂട്ടുചേർന്നവർക്കൊക്കെയും ഒറ്റലക്ഷ്യം. ഹൃദയപക്ഷത്തിന്റെ തിളക്കമാർന്ന വിജയം. കണ്ണൂരിലും ധർമടം ചിറക്കുനിയിലും കടലിരമ്പം പോലെ ഒഴുകിയെത്തിയ സ‌്ത്രീശക്തി ഒരു സൂചനയാണ‌്. വരാനിരിക്കുന്ന മഹാവിജയത്തിന്റെ സൂചന.
കണ്ണൂർ മണ്ഡലം എൽഡിഎഫ‌് സാരഥി പി കെ ശ്രീമതി ടീച്ചറുടെ തെരഞ്ഞെടുപ്പ‌് പ്രചാരണത്തിന്റെ ഭാഗമായാണ‌് കണ്ണൂരിലും ചിറക്കുനിയിലും വനിതാ പാർലമെന്റ‌് സംഘടിപ്പിച്ചത‌്. ആചാരത്തിന്റെയും വിശ്വാസങ്ങളുടെയും പേരിൽ രണ്ടാം നിരയിലേക്ക‌് തള്ളാനുള്ള പിന്തിരിപ്പന്മാരുടെ തിട്ടൂരങ്ങൾക്ക‌് കാലത്തിന്റെ ചവറ്റുകുട്ടയിലാണ‌് സ്ഥാനമെന്ന പ്രഖ്യാപനവുമായാണ‌് ആയിരങ്ങളെത്തിയത‌്. ജീവിതാനുഭവങ്ങൾ സമ്മാനിച്ച തിരിച്ചറിവുമായി എത്തിയവരായിരുന്നു ഭൂരിഭാഗം സ‌്ത്രീകളും. തൊഴിലുറപ്പ‌് പദ്ധതിയിലെ കൂടിയ തൊഴിൽദിനങ്ങളും വർധിച്ച സാമൂഹ്യപെൻഷനുകളും സമ്മാനിച്ച സുരക്ഷിതത്വത്തിന്റെ കരുത്തിലാണ‌് അവർ ഒത്തുചേർന്നത‌്.
പാർലമെന്റിലും പുറത്തും സ‌്ത്രീകളുടെ വിഷയങ്ങളിൽ പി കെ ശ്രീമതി ടീച്ചറുടെ ഇടപെടലുകൾ ഉദ‌്ഘാടകയായ ബൃന്ദ കാരാട്ട‌് വിശദീകരിച്ചപ്പോൾ നിറഞ്ഞ കരഘോഷം. കഴിഞ്ഞ അഞ്ചുവർഷം കണ്ണൂരിലുണ്ടാക്കിയ മാറ്റങ്ങൾ തന്റെ അനുഭവം കൂടി ഉൾപ്പെടുത്തിയാണ‌് ബൃന്ദ കാരാട്ട‌് വിശദീകരിച്ചത‌്. ‘ഏഴോ എട്ടോ വർഷം മുമ്പാണ‌് കണ്ണൂർ റെയിൽവേ സ‌്റ്റേഷനിൽ ഇറങ്ങിയത‌്. ഇപ്പോൾ കണ്ടപ്പോൾ പുതിയ സ‌്റ്റേഷൻ പോലെ. ചോദിച്ചപ്പോഴാണ‌് കാര്യം അറിഞ്ഞത‌്. പുതിയ സ്‌റ്റേഷനല്ല. പുതിയ എംപി വന്നതാണ് കാര്യം. പി കെ ശ്രീമതി എംപിയുടെ നേതൃത്വത്തിൽ നടപ്പാക്കിയ വികസനപ്രവർത്തനങ്ങളാണ‌് സ‌്റ്റേഷന‌് പുതുമോടി നൽകിയത‌്’. ബൃന്ദ കാരാട്ട‌് പറഞ്ഞുനിർത്തുമ്പോൾ വനിതാ പാർലമെന്റിനെത്തിയവർക്കും അഭിമാനം. വോട്ട‌് പാഴായില്ലെന്നതിന്റെ അനുഭവസാക്ഷ്യം.
തുല്യതയ‌്ക്കുള്ള വനിതാമതിലിലൂടെ ലോകചരിത്രത്തിൽ കേരളത്തിന്റെ അഭിമാനമുയർത്തിയ സ‌്ത്രീശക്തിയുടെ ഈ മഹാപ്രവാഹത്തിലൂടെ കണ്ണൂരിൽ ഉറപ്പാവുകയാണ് വികസനതുടർച്ചയ്ക്ക് എൽഡിഎഫിന്റെ, പ്രിയപ്പെട്ട ടീച്ചറുടെ രണ്ടാം വിജയം.
കണ്ണൂർ ടൗൺ സ്ക്വയറിൽ നടന്ന വനിതാ പാർലമെന്റിൽ മേയർ ഇ പി ലത അധ്യക്ഷയായി. സ്ഥാനാർഥി പി കെ ശ്രീമതി ടീച്ചർ, എൽഡിഎഫ‌് കണ്ണൂർ നിയമസഭാ മണ്ഡലം കമ്മിറ്റി സെക്രട്ടറി എൻ ചന്ദ്രൻ, ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗം എൻ സുകന്യ, ജില്ലാ സെക്രട്ടറി എം വി സരള, എം ഷാജർ, പി കെ ശബരീഷ്, പി കെ ശ്യാമള, ഇ ബീന തുടങ്ങിയവർ പങ്കെടുത്തു. വി കെ പ്രകാശിനി സ്വാഗതവും എ ജെസി നന്ദിയും പറഞ്ഞു.
ചിറക്കുനിയിൽ സിപിഐ എം പിണറായി ഏരിയാ സെക്രട്ടറി കെ ശശിധരൻ അധ്യക്ഷനായി. അഡ്വ. പി സതീദേവി, എൻ സുകന്യ എന്നിവർ സംസാരിച്ചു. സി പി ബേബി സരോജം സ്വാഗതം പറഞ്ഞു. പി ബാലൻ, കെ കെ നാരായണൻ, കെ വി ബാലൻ, വി ലീല തുടങ്ങിയവർ പങ്കെടുത്തു.