നന്മവഴികളിലെ വെളിച്ചത്തിൽ ഇന്നസെന്റ‌്
Saturday Mar 16, 2019
പെരുമ്പാവൂർ
കൂവപ്പടി ബത‌്‌ലഹേം അഭയഭവനിലേക്ക‌് ചാലക്കുടി മണ്ഡലം എൽഡിഎഫ‌് സ്ഥാനാർഥി ഇന്നസെന്റ‌് എത്തുമ്പോൾ അന്തേവാസികൾ പതിവുപ്രാർഥനയിലായിരുന്നു. കുന്തിരിക്കം പുകച്ചതിന്റെ സുഗന്ധം. യൂണിഫോമിലായിരുന്ന അഞ്ഞൂറോളം അന്തേവാസികൾ ഒരേതാളത്തിൽ കൈയടിച്ച‌് പ്രിയനേതാവിനെ വരവേറ്റു.
‘നിങ്ങൾക്ക‌് എല്ലാവർക്കും മലയാളം മനസ്സിലാകുമോ? ഓർ ക്യാ തുമ‌്ഹേ ഹിന്ദി മാലൂം?’
‘ നിങ്ങൾ ഏതൊക്കെയോ തരത്തിൽ ഇവിടെയെത്തി, സഹോദരങ്ങളെപ്പോലെ ഒന്നിച്ചുകഴിയാൻ ഇടവന്നു. ഞാനിവിടെ നിങ്ങളെ കാണാനെത്തിയിരിക്കുന്നു. ഇതൊരു നിയോഗമാണ‌്. പ്രാർഥനയാണ‌്. നല്ല മനഃസുഖവും ആരോഗ്യവും കിട്ടട്ടെയെന്ന‌് ആശംസിക്കുന്നു. എംപിയായാൽ നിങ്ങൾക്കായി എന്തെങ്കിലുമൊക്കെ ചെയ്യാനാകുമെന്ന പ്രതീക്ഷയും ആഗ്രഹവുമുണ്ട‌്. അതിന‌് അനുഗ്രഹം വേണം’–-
ഇന്നസെന്റ‌് പറഞ്ഞുനിർത്തിയപ്പോൾ അന്തേവാസികളിലൊരാൾ -സാർ ഞങ്ങൾക്ക‌് വോട്ടുണ്ടെന്ന‌് വിളിച്ചുപറഞ്ഞു.
‘ആഹാ സന്തോഷമായി. അപ്പോൾ വോട്ട‌് എനിക്ക‌് അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിൽ ചെയ്യില്ലേ?’ എന്നായി ഇന്നസെന്റ‌്.
ഉടൻ വന്നു കോറസ‌്–-
‘ഉറപ്പ‌് സാർ’.
പെരുമ്പാവൂർ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലായിരുന്നു വെള്ളിയാഴ‌്ച പകൽ ഇന്നസെന്റ‌്. പെരുമ്പാവൂരിലെ എസ‌്എൻഡിപി യൂണിയൻ കുന്നത്തുനാട‌് താലൂക്ക‌് ഓഫീസ‌് സന്ദർശനത്തോടെയായിരുന്നു പര്യടനത്തിന്റെ തുടക്കം. പ്രസിഡന്റ‌് കെ കെ കർണന്റെ നേതൃത്വത്തിൽ സ്ഥാനാർഥിയെ സ്വീകരിച്ചു. ആയത്തുപടി നിത്യസഹായമാതാ പള്ളിയിൽ വികാരി ഫാ. ജോൺ പൈനുങ്കലും സഹപ്രവർത്തകരും ചേർന്ന‌് സ്വീകരിച്ചു.
പെരുമ്പാവൂർ കോടതിവളപ്പിൽ അഭിഭാഷകരും കോടതിജീവനക്കാരും കാത്തുനിന്നു. യുക്തിവാദിസംഘം സംസ്ഥാന സെക്രട്ടറി കെ എൻ അനിൽകുമാറും എഐഎൽയു യൂണിറ്റ‌് സെക്രട്ടറി അഡ്വ. കെ എം ഷംസുദീനും ഇന്നസെന്റിനെ പൊന്നാടയണിയിച്ചു. കോടതിവളപ്പിലുണ്ടായിരുന്ന സ‌്ത്രീ ഇന്നസെന്റിനെ മൊബൈൽ ക്യാമറയിൽ പകർത്താൻ തുനിഞ്ഞപ്പോൾ അദ്ദേഹം പോസ‌് ചെയ‌്തു.
‘നന്നായിട്ടില്ലേ, അതുമാത്രം പോരാട്ടോ, വോട്ടും വേണം’ എന്നൊരു ഡയലോഗും.
വല്ലം സെന്റ‌് തെരേസാസ‌് ഫൊറോന പള്ളിയിൽ വികാരി ഫാ. ഹോർമിസ‌് മൈനാട്ടിയും സഹപ്രവർത്തകരും ചേർന്ന‌് വരവേറ്റു. റയോൺപുരം മുനവിറുൾ ഇസ്ലാം ജുമാ മസ‌്ജിദിൽ ഇമാം ഷാഹുൽഹമീദ‌് അൻവരിയുടെ നേതൃത്വത്തിൽ വരവേറ്റു. പെരുമ്പാവൂർ ബ്രോഡ‌്‌വേയ‌്ക്കടുത്ത‌് നടി ആശാ ശരത്തിന്റെ വീട്ടിലെത്തി അമ്മ കലാമണ്ഡലം സുമതിയെയും അച്ഛൻ കൃഷ‌്ണൻകുട്ടിയെയും കണ്ടു. അവിടെനിന്ന‌് പെരുമ്പാവൂർ മുനിസിപ്പൽ ഓഫീസിലേക്ക‌്. ചെയർപേഴ‌്സൺ സതി ജയകൃഷ‌്ണന്റെ നേതൃത്വത്തിൽ ഹൃദ്യമായ വരവേൽപ്പാണ‌് ലഭിച്ചത‌്. അശമന്നൂരിൽ അന്തരിച്ച സിഎംപി ജില്ലാ സെക്രട്ടറി വി എൻ രാജന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടു. ഉച്ചയ‌്ക്കുശേഷം പെരുമ്പാവൂർ, കുന്നത്തുനാട‌്, ആലുവ നിയോജകമണ്ഡലം കൺവൻഷനുകളിലും പങ്കെടുത്തു. ശനിയാഴ‌്ച കൊടുങ്ങല്ലൂരിലാണ‌് പര്യടനം.