പരിഹാരങ്ങളുടെ പേര‌്.. അതാണ് രാജീവ്
Saturday Mar 16, 2019
കൊച്ചി> കൊച്ചു കടവന്ത്ര പാലം സ‌്റ്റോപ്പിൽവച്ചാണ‌് പി രാജീവിനെ തൊട്ടുങ്കൽ വീട്ടിൽ ജ്യോതി കാണുന്നത‌്. കണ്ടയുടൻ ഓടിയെത്തി–- ഭർത്താവ‌് തമിഴ‌്നാട‌് സ്വദേശിയായ സോമു ക്യാൻസർ ബാധിതനായി ചികിത്സയിലാണെന്നും റേഷൻകാർഡിൽ പേരില്ലാത്തതിനാൽ ആരോഗ്യ ഇൻഷുറൻസ‌് കിട്ടുന്നില്ലെന്നുമായിരുന്നു പരാതി. രാജീവ‌് ഉടൻ ഫോണെടുത്ത‌് ആശുപത്രി സൂപ്രണ്ടിനെ വിളിച്ചു. നാളെ വന്നു കാണൂ, ശരിയാക്കാമെന്ന‌് മറുപടി. ജ്യോതി സന്തോഷത്തോടെ കൈകൂപ്പി.
തെരഞ്ഞെടുപ്പുപര്യടനം നടത്തുന്ന രാജീവിനുമുന്നിൽ തങ്ങളുടെ ആവശ്യങ്ങളും വിഷമങ്ങളും പങ്കുവയ‌്ക്കുന്നവർ നിരവധിയാണ‌്. ശരിയാക്കാം എന്ന ഒഴുക്കാൻ മറുപടിയല്ല, മറിച്ച‌് അപ്പോൾത്തന്നെ ആവുന്ന കാര്യങ്ങൾക്ക‌് പരിഹാരവും ഉറപ്പിച്ചാണ‌് മടക്കം. അതിൽ ക്ഷേത്രോത്സവത്തിന‌് ആനയെ എഴുന്നള്ളിക്കാൻ അനുവാദം ലഭിക്കുന്നത‌് തുടങ്ങി മാലിന്യപ്രശ‌്നംവരെയുണ്ട‌്. തമ്മനത്ത‌് ഒരുകൂട്ടം ഉദ്യോഗാർഥികളാണ‌് രാജീവിനെ കാണാനെത്തിയത‌്. എൽഡിസി റാങ്ക‌് ലിസ‌്റ്റിൽനിന്ന‌് നിയമനം നടത്തുന്നതായിരുന്നു അവരുടെ ആവശ്യം. വിഷയം ഇന്നുതന്നെ ബന്ധപ്പെട്ടവരെ അറിയിക്കുമെന്ന‌് മറുപടി.
തൃക്കാക്കര നിയമസഭാ മണ്ഡലത്തിലായിരുന്നു പി രാജീവിന്റെ വെള്ളിയാഴ‌്ചത്തെ പര്യടനം. ചമ്പക്കര സെന്റ് ജെയിംസ് പള്ളിയിലായിരുന്നു ആദ്യസന്ദർശനം. ഗായകൻ കെ ജെ മാർക്കോസിനെ കടവന്ത്രയിലെ വീട്ടിലെത്തി കണ്ടു. രാജ്യത്ത‌് മാറ്റം അനിവാര്യമാണെന്ന‌് കെ ജെ മാർക്കോസ‌്. രാജീവിനൊപ്പം ഉണ്ടാകുമെന്നും മാർക്കോസ‌് ഉറപ്പുനൽകി. തൃപ്പൂണിത്തറ പാലസ് റോഡിലെത്തിയപ്പോൾ സ്വീകരിക്കാൻ ഒരുങ്ങിനിന്ന സംഘത്തിലെ ശാന്തകുമാരിയമ്മ മാലയിട്ട് പി രാജീവിന്റെ തലയിൽ ഉമ്മവച്ചശേഷം പറഞ്ഞു.
‘‘ഞാൻ കോൺഗ്രസാണ്, പക്ഷേ, രാജീവിനോട് താൽപ്പര്യമുണ്ട്''. അതുകേട്ട് തനിക്ക് വോട്ട് ചെയ്യില്ലേ എന്ന രാജീവിന്റെ ചോദ്യത്തിന് ചെയ്യുമെന്ന‌് ഉറപ്പുനൽകി യാത്രയാക്കി.
വൈറ്റില പൂക്കട സ‌്റ്റാൻഡിൽ ഐഎൻടിയുസി പ്രവർത്തകരാണ‌് രാജീവിനെ സ്വീകരിക്കാനെത്തിയത‌്. ഐഎൻടിയുസി മേഖലാ വൈസ‌് പ്രസിഡന്റ‌് അടക്കം 16 ഓട്ടോഡ്രൈവർമാരാണ‌് അവിടെയുണ്ടായിരുന്നത‌്. തങ്ങൾ ഐഎൻടിയുസി വിടുകയാണെന്നും സിഐടിയുവിൽ ചേർന്ന‌് പ്രവർത്തിക്കുമെന്നും അറിയിച്ചു. 16 പേരെയും രാജീവ‌് ചുവപ്പുഹാരമണിയിച്ചു. ഒപ്പംനിന്ന‌് സെൽഫിയെടുത്തപ്പോൾ അവർ ഉറപ്പുനൽകി; സഖാവിന്റെ വിജയത്തിനായി തങ്ങൾ മുന്നിട്ടിറങ്ങുമെന്ന‌്. നന്ദി പറഞ്ഞ‌് അവിടെനിന്ന‌് മടക്കം.
വൈറ്റില ഹബ്ബിലെത്തിയപ്പോൾ ഓട്ടോഡ്രൈവർമാരും ബസ‌് ഡ്രൈവർമാരും യാത്രക്കാരുമടക്കം ഓടി അരികിലെത്തി. ഹബ്ബിലെ ഹൗസ‌് കീപ്പിങ‌് തൊഴിലാളികൾ ഹാരമണിയിച്ചും പൂച്ചെണ്ടു നൽകിയുമാണ‌് വരവേറ്റത‌്. ചമ്പക്കര മാർക്കറ്റിലെ മത്സ്യത്തൊഴിലാളികളുടെ സ്വീകരണത്തിനുശേഷം സാമൂഹിക നീതിവകുപ്പിന് കീഴിയിലുള്ള മഹിളാമന്ദിരം സന്ദർശിച്ചു. അന്തേവാസികൾ നിർമിച്ച പേപ്പർബാഗുകൾ നൽകി സ്ഥാനാർഥിയെ വരവേറ്റു. കേരള ഓർഗാനിക് ഇക്കോ ഷോപ്പിലെ മുതിർന്ന ജീവനക്കാരികളായ ജനറ്റും ശാന്തയും പീച്ചിങ്ങത്തൈകൾ സമ്മാനിച്ചു. ക്യാൻസർ ചികിത്സാവിദഗ‌്ധൻ ഡോ. വി പി ഗാംഗാധാരൻ വിജയാശംസകളോടെ രാജീവിനെ സ്വീകരിച്ചു. ആരോഗ്യ, ചികിത്സാ രംഗങ്ങളിലേക്ക് സംസാരം നീണ്ടു.രക്തസാക്ഷി വിദ്യാധരന്റെ അമ്മ സരോജിനി പൊന്നാടയണിയിച്ചാണ് രാജീവിനെ വരവേറ്റത‌്. വിദ്യാധരന്റെ ഭാര്യ ജിജോ, മക്കളായ അശ്വനി, അതുല്യ എന്നിവർ പ്രിയസഖാവിനു വിജയാശംസ നേർന്നു.
പൊന്നുരുന്നി കപ്പൂച്ചിൻ ആശ്രമത്തിലെ വിശുദ്ധ തിയോഫിനച്ചന്റെ കബറിടവും സന്ദർശിച്ചു. പൊന്നുരുന്നി പള്ളിപ്പടി മുസ്ലിം പള്ളിയിൽ വെള്ളിയാഴ‌്ചത്തെ നിസ‌്കാരം കഴിയുമ്പോഴാണ‌് രാജീവെത്തിയത‌്. കെട്ടിപ്പിടിച്ചും അഭിവാദ്യം നൽകിയും കൈകൊടുത്തും നൂറുകണക്കിനു പേർ ചുറ്റുംകൂടി ഒപ്പമുണ്ടാകുമെന്ന‌് അറിയിച്ചു. ഖത്തീബ‌് കുഞ്ഞുമുഹമ്മദ‌് മുസ്ലിയാർ വിജയാശംസകൾ നേർന്നാണ‌് രാജീവിനെ യാത്രയാക്കിയത‌്.
മറവിയിലും മായാത്ത സ‌്മരണകൾക്ക‌് തങ്കത്തിളക്കം
കൊച്ചി
രണ്ടുവർഷമായി തങ്കം ഡിമൻഷ്യ സെന്ററിലെത്തിയിട്ട്. പെരുമ്പാവൂരിലെ ആദ്യകാല കമ്യൂണിസ‌്റ്റ‌് നേതാവ് രാമൻ വൈദ്യരുടെ മകളാണ്. സഹോദരനും ഭർത്താവും പാർടിയുടെ മുന്നണിപ്പോരാളികളായി അടിയന്തരാവസ്ഥക്കാലത്ത് കൊടിയ മർദനമേറ്റ് ജീവിച്ച് മരിച്ചവരാണ്. തങ്കത്തിന്റെ മക്കളും സജീവ പാർടി പ്രവർത്തകർ. ഏഷ്യയിലെതന്നെ സർക്കാർസംവിധാനത്തിലുള്ള ഏക ഡിമൻഷ്യ സെന്ററാണ് എടവനക്കാട്ട‌് പ്രവർത്തിക്കുന്നത്.
പി രാജീവിനായി ഐഎൻടിയുസി പ്രവർത്തകരും
കൊച്ചി
മേഖലാ വൈസ‌് പ്രസിഡന്റടക്കം 16 തൊഴിലാളികൾ ഐഎൻടിയുസി വിട്ട‌് സിഐടിയുവിൽ ചേർന്ന‌് പ്രവർത്തിക്കാനും എൽഡിഎഫ‌് സ്ഥാനാർഥി പി രാജീവിന്റെ വിജയത്തിനായി രംഗത്തിറങ്ങാനും തീരുമാനിച്ചു. വൈറ്റില പൂക്കട സ‌്റ്റാൻഡിലെ ഓട്ടോ ഡ്രൈവർമാരാണ‌് ഐഎൻടിയുസി വിട്ടത‌്. വെള്ളിയാഴ‌്ച തെരഞ്ഞെടുപ്പു പ്രചാരണത്തിനായി പി രാജീവ‌് എത്തിയപ്പോൾ സ്വീകരിക്കാൻ ഇവർ മുന്നിട്ടിറങ്ങി. 16 പേരെയും പി രാജീവ‌് ചുവപ്പുഹാരമണിയിച്ചു.
ഐഎൻടിയുസി മേഖലാ വൈസ‌് പ്രസിഡന്റ‌് സി ആർ അയ്യപ്പൻ, സജിത‌് നിക്കോളാസ‌്, എസ‌് ഗോപാലൻ, ഡെന്നി തോമസ‌്, ബിജു സേവ്യർ, പി ഡി ബാബു, ആന്റണി ഫ്രാൻസിസ‌്, ജി ഗോപിനാഥ‌്, കെ എസ‌് രതീഷ‌് ചന്ദ്രൻ, എം കാർത്തിക‌്, പി ആർ സെബാസ‌്റ്റ്യൻ, എൻ ജി നിധിൻ, എം എസ‌് സിജു, സി ആർ രാജീവ‌്, പി കെ ഡെനീഷ‌്, ശ്രീജിത്ത‌് ബാബു എന്നിവരാണ‌് ഐഎൻടിയുസി വിട്ട‌് സിഐടിയുവിൽ ചേർന്നത‌്.