ചേർത്തലയുടെ സ്വന്തം ആരിഫ‌്

Saturday Mar 16, 2019
പട്ടണക്കാട്‌ സെന്റ്‌ ജോസഫ്‌ പബ്ലിക്‌ സ്‌കൂളിലെത്തിയ എ എം ആരിഫിനെ കുട്ടികർ വരവേൽക്കുന്നു

  ചേർത്തല> ആലപ്പുഴ ലോക‌്സഭ മണ്ഡലം എൽഡിഎഫ‌് സ്ഥാനാർഥി എ എം ആരിഫിലെ രാ‌ഷ‌്ട്രീയക്കാരനെ വാർത്തെടുത്ത ചേർത്തല അദ്ദേഹത്തിന്റെ സ്ഥാനാർഥിത്വത്തെ അത്യാവേശത്തോടെ സ്വീകരിക്കുന്നുവെന്ന‌് തെളിയിക്കുന്നതായി മണ്ഡലത്തിലെ വോട്ടർമാരുടെ പ്രതികരണം. വിദ്യാർഥിയായും എസ‌്എഫ‌്ഐ–- -ഡിവൈഎഫ‌്ഐ നേതാവായും സിപിഐ എം ഏരിയ സെക്രട്ടറിയായുമുള്ള പ്രവർത്തനങ്ങളിലെ കേന്ദ്രസ്ഥാനമായ ചേർത്തലയിൽ ആബാലവൃദ്ധത്തിന‌് സുപരിചിതനായ സ്ഥാനാർഥിക്ക‌് ഊഷ‌്മളമായ വരവേൽപ്പാണ‌് ലഭിച്ചത‌്. 

 രാവിലെ പട്ടണക്കാട‌് പബ്ലിക‌് സ‌്കൂളിൽനിന്ന‌് പര്യടനം തുടങ്ങി. വിദ്യാർഥികളും അധ്യാപകരും ജീവനക്കാരും ആവേശത്തോടെയാണ‌് സ്വീകരിച്ചത‌്. കോൺവെന്റിലെത്തി കന്യാസ‌്ത്രീകളുടെ പിന്തുണതേടി. തുടർന്ന‌് സാമൂഹ്യസംഘടനകളുടെ പ്രാദേശിക ഓഫീസുകൾ സന്ദർശിച്ചു. മേനാശേരി രക്തസാക്ഷിമണ്ഡപത്തിൽ പുഷ‌്പാർച്ചന നടത്തിയാണ‌് പര്യടനം തുടർന്നത‌്. മേനാശേരി ക്ഷേത്രോത്സവത്തിലും പങ്കാളിയായി. തൊഴിലുറപ്പ‌് തൊഴിലാളികൾ വേപ്പിൻതൈ നൽകിയാണ‌് വരവേറ്റത‌്. കോനാട്ടുശേരി സ‌്കൂൾ വാർഷികാഘോഷത്തിലും പങ്കെടുത്തു.
 
പൊന്നാംവെളി പുങ്കാവ‌് മസ‌്ജിദ‌് ഭാരവാഹികളുടെ സ്വീകരണവും ഹൃദ്യമായി. തുടർന്ന‌് തങ്കി പള്ളിയും കോൺവെന്റും സന്ദർശിച്ച‌് പിന്തുണതേടി. 
 കോർമശേരി എൽപി സ‌്കൂളിലെ യാത്രയയപ്പ‌് സമ്മേളനവേദിയിൽ എത്തിയ ആരിഫിനെ കുട്ടികൾ സ‌്കൂൾ അങ്കണത്തിൽ വിളയിച്ച പച്ചക്കറികൾ നൽകി വരവേറ്റു. കടക്കരപ്പള്ളി കണ്ടമംഗലം സ‌്കൂളിലെത്തിയും അധ്യാപകരുടെയും വിദ്യാർഥികളുടെയും പിന്തുണ അഭ്യർഥിച്ചു. പിന്നീട‌് വയലാർ കരപ്പുറം മിഷൻ സ‌്കൂളിലെ പരിപാടി ഉദ‌്ഘാടനംചെയ‌്തു. വയലാർ ഗവ. ഐടിഐയും സന്ദർശിച്ചു. തങ്കിക്കവലയിലെ മന്ദിരം ആശുപത്രിയിലെത്തി അധികൃതരുടെയും മറ്റും പിന്തുണതേടി. തുടർന്ന‌് മാടയ‌്ക്കൽ ജീവ സ‌്പെഷൽ സ‌്കൂളിലെത്തിയപ്പോൾ കുട്ടികൾ സ‌്നേഹവായ‌്പോടെ വരവേറ്റു.    
 
ഉച്ചയോടെ ചേർത്തല തെക്ക‌് പഞ്ചായത്തിലെ പ്രധാന കേന്ദ്രങ്ങളിലാണ‌് വോട്ടർമാരെ കണ്ടത‌്. പഞ്ചായത്ത‌് ഓഫീസിലെത്തി ജീവനക്കാരുടെ പിന്തുണ അഭ്യർഥിച്ചു. ചേർത്തല തെക്ക‌് സഹകരണബാങ്ക‌് സന്ദർശിച്ചപ്പോൾ ജീവനക്കാരും ഭരണസമിതി അംഗങ്ങളും ഇടപാടുകാരും ചേർന്ന‌്  ഊഷ‌്മള വരവേൽപ്പാണ‌് നൽകിയത‌്. ബാങ്ക‌ിന്റെ പൊതുപരിപാടികളിൽ വർഷങ്ങളായി സ്ഥിരസാന്നിധ്യമായ ആരിഫിനെ കുടുംബാംഗം എന്നപോലെയാണ‌് സ്വീകരിച്ചത‌്. തൈക്കലിലെ ആരാധനാകേന്ദ്രത്തിൽ എത്തിയപ്പോൾ അധികൃതരും വിശ്വാസികളും എതിരേറ്റു. തുടർന്ന‌് കഞ്ഞിക്കുഴി മേഖലയിലെ തൊഴിലിടങ്ങൾ സന്ദർശിച്ച‌ു. കയർഫാക്ടറികളിലും ആധുനിക വ്യവസായ സ്ഥാപനങ്ങളിലും ഹൃദ്യമായ വരവേൽപ്പാണ‌് ലഭിച്ചത‌്. മുഹമ്മ സിഎംഎസ‌് സ‌്കൂൾ വാർഷികാഘോഷ വേദിയിലും ആരിഫ‌് ആവേശമായി. 
 
ചേർത്തല നഗരത്തിലെത്തി മണ്ഡലം വനിതാ പാർലമെന്റ‌് വേദിയിലെത്തിയപ്പോൾ സ‌്നേഹനിർഭരവും ആവേശകരവുമായി സദസിന്റെ വരവേൽപ്പ‌്. പിന്നീട‌് ചേർത്തല നഗരത്തിലെ തിരക്കേറിയ വീഥികളിലൂടെ സഞ്ചരിച്ച‌് വ്യാപാരശാലകൾ സന്ദർശിച്ചു. വഴിനീളെ യാത്രക്കാരും ഡ്രൈവർമാരും തൊഴിലാളികളും കച്ചവടക്കാരും നിറമനസോടെയാണ‌് ആരിഫിനെ വരവേറ്റത‌്. വിവിധയിടങ്ങളിൽ എൽഡിഎഫ‌് നേതാക്കളായ കെ പ്രസാദ‌്, എൻ എസ‌് ശിവപ്രസാദ‌്, എൻ പി ഷിബു, എം സി സിദ്ധാർഥൻ, വി ജി മോഹനൻ, ടോമി എബ്രഹാം, വി ടി രഘുനാഥൻനായർ, എസ‌് രാധാകൃഷ‌്ണൻ, ആർ സുഖലാൽ തുടങ്ങിയവർ ആരിഫിനൊപ്പമുണ്ടായി..

 


വോട്ടുബുക്ക്
സ്പെഷ്യല്‍
ഫേക്ക് ഇന്‍ ഇന്ത്യ
ഓര്‍ത്തെടുപ്പ്
വാര്‍ത്തകള്‍