‘വർണാഭമായ’ തിരിച്ചടി

Saturday Mar 16, 2019

  

ഇഎംഎസ‌് അടക്കമുള്ള നേതാക്കൾ റാലികളിൽ പ്രസംഗിക്കാൻ എത്തിയിരുന്നു. സിപിഐ എം പ്രവർത്തകർ ആവേശത്തോടെ രംഗത്തിറങ്ങി. തെരഞ്ഞെടുപ്പ‌് കമ്മിറ്റി സെക്രട്ടറിയായിരുന്നവരിൽ ഒരാൾ പിണറായി വിജയനും തലശേരി മണ്ഡലത്തിലെ മേൽനോട്ടം കോടിയേരി ബാലകൃഷ‌്ണനും ആയിരുന്നു

 

കോഴിക്കോട‌്
കേരള രാഷ്ട്രീയത്തിൽ അരങ്ങേറിയ കോലീബി സഖ്യത്തെ മുട്ടുകുത്തിച്ച വടകര ലോക‌്സഭാ തെരഞ്ഞെടുപ്പ‌് വിജയത്തിന്റെ ആവേശം ഇപ്പോഴും  കെ പി ഉണ്ണികൃഷ‌്ണന്റെ ഓർമയിൽ.  കോൺഗ്രസ‌്–-ലീഗ‌്–-ബിജെപി സഖ്യത്തിന്റെ സ്ഥാനാർഥിയായി 1991 ൽ ആണ‌് പ്രമുഖ അഭിഭാഷകനും അഡ്വക്കറ്റ‌് ജനറലുമായിരുന്ന എ രത്നസിങ‌് ഉണ്ണികൃഷ‌്ണനെതിരെ മത്സരിച്ചത‌്. എൽഡിഎഫ‌് പിന്തുണയിൽ കോൺഗ്രസ‌് എസ‌് സ്ഥാനാർഥിയായാണ‌് ഉണ്ണികൃഷ‌്ണൻ ശക്തമായ പോരാട്ടത്തിലൂടെ രത്നസിങ്ങിനെ തറപറ്റിച്ചത‌്. തന്റെ തെരഞ്ഞെടുപ്പുകാലത്തേക്ക‌് തിരിഞ്ഞുനോക്കുകയാണ‌് ഉണ്ണികൃഷ‌്ണൻ: 

‘അന്നാണ‌് കോലീബി സഖ്യം ഉടലെടുത്തത‌്. കോൺഗ്രസും മുസ്ലിംലീഗും ബിജെപിയും ഒരേ മണ്ഡലത്തിൽ ഒന്നിച്ച‌് പ്രത്യക്ഷപ്പെടുക എന്ന, അതുവരെ സംഭവിക്കാത്ത രംഗം വീക്ഷിക്കാൻ കേരളത്തിലെ ജനങ്ങൾക്ക‌് ഇത‌് കളമൊരുക്കി. എന്നിട്ടും ഞാൻ ജയിച്ചുവെന്നത‌് അത്ഭുതമായിരുന്നു’. ‘എന്നെ എന്തുവില കൊടുത്തും പരാജയപ്പെടുത്തുമെന്ന‌് അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരൻ രാജീവ‌് ഗാന്ധിക്ക‌് ഉറപ്പ‌ുകൊടുത്തിരുന്നു. പക്ഷേ മുസ്ലിം വോട്ടർമാരിൽ നല്ലൊരു വിഭാഗം, പ്രത്യേകിച്ച‌് സ‌്ത്രീകളും യുവാക്കളും എന്നെ അനുകൂലിച്ചു.  പ്രചാരണ യോഗങ്ങളും റാലികളും വൻതോതിൽ സ‌്ത്രീകളടക്കമുള്ള ജനങ്ങളെ ആകർഷിച്ചു. വർണാഭമായ മത്സരമായി അത‌് മാറി. കോലീബി സഖ്യം എന്ന  അവസരവാദത്തിന്റെ തനിനിറം തുറന്ന‌ുകാട്ടിയ അവസരങ്ങളിൽ ഒന്നായിരുന്നു ഇത‌്. തെരഞ്ഞെടുപ്പിൽ എന്തുമാകാം എന്ന‌് വ്യക്തമാക്കിയ തെരഞ്ഞെടുപ്പായിരുന്നു അത‌്’.

ഇഎംഎസ‌് അടക്കമുള്ള നേതാക്കൾ റാലികളിൽ പ്രസംഗിക്കാൻ എത്തിയിരുന്നു. സിപിഐ എം പ്രവർത്തകർ ആവേശത്തോടെ രംഗത്തിറങ്ങി. തെരഞ്ഞെടുപ്പ‌് കമ്മിറ്റി സെക്രട്ടറിയായിരുന്നവരിൽ ഒരാൾ പിണറായി വിജയനും തലശേരി മണ്ഡലത്തിലെ മേൽനോട്ടം കോടിയേരി ബാലകൃഷ‌്ണനും ആയിരുന്നു. രത്നസിങ്ങിനെ 17,489 വോട്ടിനാണ‌്   പരാജയപ്പെടുത്തിയത‌്.

1977ൽ ഇടതുപക്ഷ പിന്തുണയോടെ അരങ്ങിൽ ശ്രീധരനും കോൺഗ്രസ‌് സ്ഥാനാർഥിയായി താനും ഏറ്റുമുട്ടിയതാണ‌് ശക്തമായ മത്സരം. മറ്റു പല എതിർ സ്ഥാനാർഥികളും എങ്ങനെയോ മത്സരിച്ച‌് കടന്നുപോയ വ്യക്തികളായിരുന്നു. മുല്ലപ്പള്ളി രാമചന്ദ്രൻ, എ സുജനപാൽ എന്നിവർ അക്കൂട്ടത്തിൽപെടുന്നു–- എഐസിസി അംഗവും മുൻമന്ത്രിയുമായ അദ്ദേഹം മനസ്സ‌് തുറന്നു.

ഡൽഹിയിൽ മാതൃഭൂമിയുടെ രാഷ്ട്രീയ ലേഖകനായി പ്രവർത്തിക്കവെയാണ‌് 1971ൽ  വടകരയിൽ കെ പി ഉണ്ണികൃഷ‌്ണൻ ആദ്യതവണ സ്ഥാനാർഥിയായതും ജയിച്ചതും. തുടർന്ന‌് 1977, 1980, 1984, 1989, 1991 വർഷങ്ങളിലും. ആറുതവണ തുടർച്ചയായി എംപിയായ ഉണ്ണികൃഷ‌്ണൻ കോഴിക്കോട‌് പന്നിയങ്കര ‘പത്മാലയ’ത്തിൽ വിശ്രമജീവിതത്തിലാണ‌്.


വോട്ടുബുക്ക്
സ്പെഷ്യല്‍
ഫേക്ക് ഇന്‍ ഇന്ത്യ
ഓര്‍ത്തെടുപ്പ്
വാര്‍ത്തകള്‍