അയോധ്യ; സൂഫികളുടെയും നഗരം
Saturday Mar 16, 2019
വി ബി പരമേശ്വരൻ
പതിനാലാം ലോക‌്സഭാ തെരഞ്ഞെടുപ്പുവേളയിലാണ് അയോധ്യയിലെത്തിയത്. നേരത്തെയും പോയിട്ടുണ്ടെങ്കിലും നഗരത്തിൽ അലസമായ യാത്രയ‌്ക്ക് സമയം ലഭിച്ചിരുന്നില്ല. ദിഗംബർ അകാഡയിൽനിന്ന് പ്രമോദ് വൻവരെയും അവിടെനിന്ന് വസുദേവ് ഘാട്ട്, ലക്ഷ്മൺ കില, അഷ്റാഫി ഭവൻ, ഗുപ്ത ഘാട്ട്, മാനസ്ഭവൻ അങ്ങനെ രാത്രി വൈകുംവരെയുള്ള യാത്ര. ആറ് മണിക്കൂറുലധികം നീണ്ട ഈ കറക്കം ഒരു കാര്യം ബോധ്യപ്പെടുത്തി. അയോധ്യ ഹിന്ദുക്കളുടെ പുണ്യഭൂമിയോ ക്ഷേത്രനഗരമോ മാത്രമല്ലെന്ന്. മുസ്ലിങ്ങൾക്കും ജൈനർക്കും ബുദ്ധർക്കും ഇത് പുണ്യഭൂമിയാണെന്ന്.
അയോധ്യയിലെ ഏറ്റവും വലിയ ക്ഷേത്രമായ ഹനുമൻ ഗഡി ഉൾപ്പെടെ നൂറോളം ക്ഷേത്രം ഉണ്ടെന്നത് വസ്തുതയാണ്. അതിൽത്തന്നെ അറുപതോളം വൈഷ്ണവ ക്ഷേത്രങ്ങളാണെങ്കിൽ മുപ്പതോളം ശിവക്ഷേത്രങ്ങളാണ്. എൺപതോളം സൂഫി ദർഗകളും മസറുകളും പള്ളികളും ഈ കൊച്ചുനഗരത്തിലുണ്ട്. ജൈന തീർഥങ്കരൻ റിഷബ് ദേവിന്റെ ജന്മസ്ഥലമാണിത‌്. ബുദ്ധമതക്കാരുടെ പത്ത‌് ആരാധനാകേന്ദ്രവും ഈ നഗരത്തിലുണ്ടായിരുന്നു. പലതും പിന്നീട് ഹിന്ദുമതക്ഷേത്രങ്ങളായി. ‘ജനമോർച്ച’ പത്രത്തിന്റെ എഡിറ്റർ ശീതള സിങ്ങിന്റെ അഭിപ്രായത്തിൽ അയോധ്യയിലെ ഏറ്റവും പുരാതനമായ ക്ഷേത്രങ്ങൾ ദന്തധാവൻകുണ്ട് ക്ഷേത്രവും ചന്ദ്രഹരികുണ്ട് ക്ഷേത്രവുമാണ്. അതേക്കുറിച്ച് ആരും ചർച്ച ചെയ്യാറില്ലെന്നുമാത്രം.
അയോധ്യ ഹിന്ദുക്കളുടെമാത്രം ക്ഷേത്രനഗരമാണെന്ന വാദം ശരിയല്ലെന്ന് ഹനുമാൻഗഡി ക്ഷേത്രത്തിന്റെ പൂജാരി മഹന്ത് ഗ്യാൻദാസ് തന്നെ വാദിക്കുന്നു
ബാബറിന്റെ അധിനിവേശത്തിന് നൂറ്റാണ്ടുകൾക്കുമുമ്പുതന്നെ മുസ്ലിങ്ങൾ അവരുടെ ആവാസകേന്ദ്രമാക്കിയ നഗരമാണ് അയോധ്യ. പന്ത്രണ്ടാം നൂറ്റാണ്ടിൽ മധ്യേഷ്യയിൽനിന്നെത്തിയ ക്വാസി ക്വദ്വത്തുദ്ദീൻ അവധി, ഷെയ്ഖ് ജമാൽ ഗുജ്ജറി, സൂഫി സന്യാസിനി ബഡി ബുവ എന്നിവരെല്ലാം ജീവിക്കുകയും മരിക്കുകയും ചെയ്ത നഗരമാണിത്. പ്രസിദ്ധ സൂഫി സന്യാസി ഷെയ്ഖ് നസിറുദ്ദീൻ ചിരാഗ ഇ ദില്ലിയും അയോധ്യക്കാരനായിരുന്നു. അതുകൊണ്ടുതന്നെ അയോധ്യ ഹിന്ദുക്കളുടെമാത്രം ക്ഷേത്രനഗരമാണെന്ന വാദം ശരിയല്ലെന്ന് ഹനുമാൻഗഡി ക്ഷേത്രത്തിന്റെ പൂജാരി മഹന്ത് ഗ്യാൻദാസ് തന്നെ വാദിക്കുന്നു.
ഹിന്ദു മുസ്ലിം ഐക്യത്തിന്റെയും സഹവാസത്തിന്റെയും ഏറ്റവും നല്ല മാതൃക ഹനുമാൻഗഡി ക്ഷേത്രത്തിനു മുമ്പിലുള്ള രംകോട്ടിലെ തേഡി ബസാർതന്നെ. ക്ഷേത്രത്തിലേക്കുള്ള പൂക്കളും മാലകളും വിൽക്കുന്നത് മുസ്ലിങ്ങളാണ്. സന്യാസിമാർ ഉപയോഗിക്കുന്ന മരംകൊണ്ട് മെതിയടികൾ നിർമിക്കുന്നതും വിൽക്കുന്നതും മുസ്ലിങ്ങൾതന്നെ. കിഴക്കൻ ഉത്തർപ്രദേശിൽനിന്നും ബിഹാറിൽനിന്നുമുള്ളവരാണ് ഇവരധികവും.
ക്ഷേത്രത്തിലേക്കുള്ള ഭൂരിപക്ഷം സാധനങ്ങളുടെയും വിൽപ്പനക്കാർ ഇപ്പോഴും ഇവർതന്നെ. ബാബ്റി മസ്ജിദ് തകർക്കപ്പെട്ടതിനുശേഷം മുസ്ലിംകച്ചവടക്കാരുടെ വരവ് കുറഞ്ഞിട്ടുണ്ടെങ്കിലും നേരത്തെയുള്ളവർ കച്ചവടം തുടരുകയാണെന്ന് അയോധ്യ കി ആവാസ് എന്ന സംഘടനയുടെ പ്രവർത്തകൻ യുഗൽകിഷോർ ശാസ്ത്രി വിശദീകരിച്ചു. പുറത്തുനിന്ന‌് വരുന്നവരാണ് (സംഘപരിവാറുകാരാണ്) എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്ന് ബിഹാറിലെ ദർബംഗയിൽനിന്നുള്ള കച്ചവടക്കാരനായ മുഹമ്മദ് കലീം പറഞ്ഞപ്പോൾ അത‌് അംഗീകരിക്കാതിരിക്കാൻ കഴിയുമായിരുന്നില്ല.