ഫ്ലക‌്സിന്റെ കാലം കഴിഞ്ഞു; ഇനി ബോഹർ
Sunday Mar 17, 2019
കോട്ടയം > സ്ഥാനാർഥിയുടെ വെട്ടിത്തിളങ്ങുന്ന ചിത്രങ്ങളോട‌് കൂടിയ ബോർഡുകളും ഫ്ലക‌്സുകളുമില്ലാത്ത തെരഞ്ഞെടുപ്പ‌് കാലം അടുത്തൊന്നും ഉണ്ടായിട്ടില്ല. എന്നാൽ ഫ്ലക‌്‌സ‌് നിരോധിച്ചുകൊണ്ടുള്ള കോടതി വിധിയോടെ ഈ യുഗത്തിന‌് തിരശീല വീഴുകയാണ‌്. ഈ സ്ഥാനം കൈയടക്കാൻ പുതിയ സാങ്കേതികവിദ്യ എത്തിക്കഴിഞ്ഞു –- അതാണ‌് ബോഹർ. കട്ടികൂടിയ കടലാസ‌് കൊണ്ടുള്ള ബോഹറിലെ പ്രിന്റിങ‌് ഫ്ലക‌്സിനു തുല്യമായ നിലവാരമുള്ളതാണ‌്. പരിസ്ഥിതിക്ക‌് ഇണങ്ങുന്നതും. രാഷ‌്ട്രീയ പാർടികൾ ഇപ്പോൾ ബോഹറും തുണി ബാനറുകളും ബുക്ക‌് ചെയ്യാനുള്ള തിരക്കി
ലാണ‌്.
സാധാരണ കടലാസ‌്കൊണ്ടാണ‌് ബോഹർ നിർമിക്കുന്നത‌്. കപ്പ, ചോളം എന്നിവയിൽ നിന്നെടുക്കുന്ന പോളിലാക്ടിക‌് ആസിഡ‌് ഉപയോഗിച്ച‌് കടലാസിനെ കോട്ട‌് ചെയ്യുന്നു. മിനുസമുള്ള പ്രതലത്തിലാണ‌് പ്രിന്റിങ‌്. ആസിഡ‌് കോട്ടിങ‌് ചിത്രത്തിന‌് മിഴിവേകും. ഫ്ലക‌്സിനെ സ്ഥാനാർഥികൾ കൈയൊഴിഞ്ഞതോടെ കേരളത്തിലെങ്ങും പ്രിന്റിങ‌് സ്ഥാപനങ്ങളിൽ ബോഹർ എത്തിത്തുടങ്ങി. മണ്ണിലടിയുന്ന ബോഹറിന‌് പക്ഷേ വില അൽപം കൂടുതലാണ‌്. ആറടി ഉയരവും നാലടി വീതിയുമുള്ള ഫ‌്ളക‌്സിന‌് 290 രൂപയാണെങ്കിൽ അത്രതന്നെ വലിപ്പമുള്ള ബോഹിന‌് 480 രൂപയാകും. പക്ഷേ നിലവാരമുള്ളതും പരിസ്ഥിതി സൗഹൃദവുമായതിനാൽ ബോഹർ തന്നെയാണ‌് പ്രിയമെന്ന‌് കോട്ടയത്ത‌് "ഇന്നർ ഐ' പ്രിന്റിങ‌് സ്ഥാപനത്തിന്റെ ഉടമ എസ‌് സനൂപ‌് പറഞ്ഞു. തുണിബാനറുകളും കൂടുതൽ ഉപയോഗിക്കുന്ന തെരഞ്ഞെടുപ്പാണ‌് വരുന്നത‌്. കട്ടിയുള്ള ക്യാൻവാസിനു തുല്യമായ തുണിയാണ‌് പ്രിന്റിങ്ങിന‌് ഉപയോഗിക്കുന്നത‌്.