പശ്ചിമ കൊച്ചിയുടെ ചരിത്രഗന്ധമുള്ള വഴികളിലൂടെ
Sunday Mar 17, 2019
സന്തോഷ‌് ബാബു
കൊച്ചി > ഹോളിയുടെ വർണങ്ങളിലേക്ക് വിരിയാനിരിക്കുന്ന ഗുജറാത്തി തെരുവ്. ഇടവഴികൾക്കിടയിലെ ഏതൊക്കെയോ വീടുകളിൽനിന്ന് നിറങ്ങളുടെ നൃത്തത്തിനായുള്ള പരിശീലനത്തിന്റെ ഗുജറാത്തി ശീലുകൾ. പഴക്കടകളുടെയും മധുരപലഹാരക്കടകളുടെയും തെരുവിന് തെക്കേയറ്റത്ത് കൊച്ചിയുടെ ചരിത്രത്തിൽ പേരുകേട്ട ഗുജറാത്തി സ്കൂളിന് മുന്നിൽ കൊച്ചി മഹാജൻ സഭയുടെ നേതൃത്വം പി രാജീവിനെ സ്വീകരിക്കാൻ കാത്തുനിന്നു. ഗുജറാത്തി സ്കൂളിൽനിന്ന് ഗുജറാത്തി ഭാഷ ഇല്ലാതാകാൻ പോകുന്നതിനെക്കുറിച്ച് ഗുജറാത്തി സമുദായത്തിന്റെ സെക്രട്ടറി ചേതൻ ഷായും പ്രസിഡന്റ‌് കിഷോർ ശ്യാംജിയും ആശങ്കയറിയിച്ചപ്പോൾ ഉടനെ വിദ്യാഭ്യാസ മന്ത്രിയുടെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയെ വിളിച്ച് വിവരം ധരിപ്പിച്ചു. വേണ്ട നടപടികളെടുക്കാൻ നിർദേശവും നൽകി രാജീവ് അടുത്ത സ്ഥലത്തേക്ക‌്.
മീനസൂര്യൻ ജ്വലിച്ച് നിൽക്കുന്ന പശ്ചിമ കൊച്ചിയുടെ പൗരാണികമായ തെരുവുകളിലൂടെയായിരുന്നു ശനിയാഴ്ച പി രാജീവിന്റെ തെരഞ്ഞെടുപ്പ് പര്യടനം. തോപ്പുംപടിയിലെ കാത്തലിക് സെന്ററിൽ ഫാ. ജോയി കൂട്ടുങ്കൽ രാജീവിനെ സ്വീകരിച്ചു. അവിടെനിന്ന് കൊച്ചങ്ങാടിയിലെ ചരിത്രപ്രസിദ്ധമായ ചെമ്പിട്ടപള്ളിയിലെ ഉസ്താദ് മുഹമ്മദ് ഉസൈൻ മദനിയുടെ ഊഷ്മളമായ സ്നേഹത്തിലേക്ക്. പിന്നെ ചരിത്രത്തിന്റെ ഗന്ധം തങ്ങിനിൽക്കുന്ന മട്ടാഞ്ചേരി ബസാറിൽ തൊഴിലാളികളും, കടകളിലെ ജീവനക്കാരും രാജീവിനെ സ്നേഹാദരങ്ങളോടെ ഏറ്റെടുത്തു. കൊച്ചിയുടെ സാംസ്കാരിക, കച്ചവട പ്രതാപം വീണ്ടെടുക്കുന്നതിന് എന്നും കൂടെയുണ്ടാകും എന്ന് അവർക്ക‌് ഉറപ്പുനൽകി.
ഏലവും മഞ്ഞളും കുരുമുളകും പാണ്ടികശാലകളുടെ പഴമയും മണക്കുന്ന ജ്യൂസ്ട്രീറ്റിലേക്കാണ‌് തുടർന്ന‌് പോയത‌്. ഓരോയിടത്തും ചെറുപ്പക്കാരുടെ വലിയ കൂട്ടം രാജിവിനൊപ്പം സെൽഫിക്കായി മത്സരിച്ചു. രാഷ്ട്രീയത്തിനപ്പുറം ഒരു സൗഹൃദമുള്ള വ്യക്തിയാണ് രാജീവെന്നും അതാണ് അദ്ദേഹത്തെ വേറിട്ടു നിർത്തുന്നതെന്നും കൈക്കുഞ്ഞുമായി ചിത്രമെടുക്കാൻ നിന്ന അനീഷ് എന്ന യുവാവ് പറഞ്ഞു.
ഫോർട്ട് കൊച്ചി കമാലക്കടവിലെത്തിയപ്പോൾ ചീനവലത്തൊഴിലാളികൾ രാജീവിനെ ഊഷ‌്മളമായി സ്വീകരിച്ചു. കൊച്ചിയുടെ സാംസ്കാരിക ചിഹ്നമായ ചീനവലകൾ സംരക്ഷിക്കാൻ വേണ്ട നടപടികളെക്കുറിച്ച് അവരുമായി സംസാരിച്ച് അവർക്കൊപ്പം അഴിമുഖത്ത് ചീനവല വലിക്കാൻ കൂടി തൊഴിലാളിക്കൂട്ടായ്മയിൽ പങ്കാളിയായി.
ഫോർട്ടുകൊച്ചി കടലോരത്തെ സർക്കാർ ഗസ്റ്റ് ഹൗസിൽ ഹോംസ്റ്റേ അസോസിയേഷൻ ഭാരവാഹികൾ കാത്തുനിൽപ്പുണ്ടായിരുന്നു. കോർപറേഷൻ അന്യായമായി നികുതി ചുമത്തുന്നുവെന്ന അവരുടെ പരാതി സശ്രദ്ധം കേട്ടു. പിന്നെ, കൊച്ചി ബിനാലെയുടെ മുഖ്യവേദിയായ ആസ്പിൻവാളിലേക്ക് കടന്നു. ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ‌് ബിനാലെ മുദ്ര പതിപ്പിച്ച പരുത്തി ബാഗ് നൽകിയാണ‌് രാജീവിനെ സ്വീകരിച്ചത‌്. ബിനാലെ ക്യുറേറ്റർ അനിതാ ദുബെയുമായി രാജീവ് വെനീസ് ബിനാലെ കണ്ടതിന്റെ ഓർമകൾ പങ്കുവച്ചു.
ബിനാലെ വേദിയിൽനിന്ന് കൊച്ചിയുടെ പ്രിയ ഗസൽ ഗായകൻ ഉമ്പായിയുടെ വീട്ടിലേക്ക്. ഉമ്പായിയുടെ മകൻ സമീറുമായി പഴയ പാട്ടോർമകൾ പങ്കുവച്ചു. നിറകണ്ണുകളുമായി പുറത്തേക്ക് വന്ന ഉമ്പായിയുടെ പ്രിയ പത്നി ഹബീസ ഉമ്മയെ ആശ്വസിപ്പിച്ചു. ഉമ്പായി അസുഖബാധിനായിരിക്കുമ്പോൾ രാജീവ് ഇടയ്ക്കിടെ കാണാനെത്തുമായിരുന്നത് ഹബീസുമ്മ ഓർത്തു.
ചെർളായി റോട്ടിൽ കേരള മുസ്ലിം ജമാ അത്തിന്റെ ഓഫീസിൽ സർക്കിൾ പ്രസിഡന്റ‌് അഹമ്മദ്കുട്ടി മുസ്ലിയാർ രാജീവിനെ സ്വീകരിച്ചു. മട്ടാഞ്ചേരിയിലെ മിനർവ ജങ്ഷനിലേക്ക് നടക്കുമ്പോൾ പി എം ഹൽവാ സെന്ററിനുള്ളിൽനിന്ന് ചിരപരിചിതനപ്പോലെ ഒരാൾ ഓടിവന്നു, അമരാവതിക്കാരൻ ഹനീഫ്. ‘രാജീവ് ജനറലാശുപത്രിക്ക‌് വേണ്ടി ചെയ്തകാര്യം മാത്രം മതി അദ്ദേഹത്തെ മനസ്സിലാക്കാൻ. പിന്നെ പാർലമെന്റിലെ പ്രകടനത്തെക്കുറിച്ച് എതിരാളികൾപോലും അഭിനന്ദിച്ച് പറയുന്നത് ലോകം മുഴുവൻ കേട്ടതുമാണല്ലോ’. ഹനീഫ് പറഞ്ഞു. ഇടയ്ക്ക് അൽമദ്റസത്തുന്നൂരിയയിൽ ഉസ്താദ് അലിയാരുടെ സ്വീകരണം ഏറ്റുവാങ്ങി യാത്രതുടർന്നു.
സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള പോരാട്ടം
കൊച്ചി > രാജ്യം അത്യന്തം അപകടകരമാംവിധം ഫാസിസത്തിന്റെ അതിക്രമങ്ങളെ അനുഭവിക്കുമ്പോൾ നാടിനും സമൂഹത്തിനും വേണ്ടി കലാപ്രവർത്തകർ സാംസ്കാരിക രാഷ്ട്രീയപ്രതിരോധം സൃഷ്ടിക്കേണ്ടതുണ്ടെന്ന് ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ‌് ബോസ് കൃഷ്ണമാചാരി.
രാജീവ‌് വെനീസിൽ പോയപ്പോൾ അവിടെ വെനീസ് ബിനാലെയുടെ ചിത്രങ്ങൾ അയച്ചുതരികയും കൊച്ചി ബിനാലേക്ക‌് സ്വീകരിക്കാവുന്ന ചില കാര്യങ്ങൾ പങ്കുവയ‌്ക്കുകയുംചെയ‌്തിരുന്നു. രാഷ‌്ട്രീയ പ്രവർത്തനത്തിനിടയിലും കലയോടും സംസ്കാരത്തോടും കാണിക്കുന്ന ഈ താൽപ്പര്യമാണ് പി രാജീവ് എന്ന വ്യക്തിയെ വേറിട്ട വ്യക്തിത്വമാക്കുന്നത്.
പി രാജീവ് ബോസ് കൃഷ്ണമാചാരിക്കും അനിത ദുബെയ്ക്കുമൊപ്പം
കലയും സംസ്കാരവും അറിയുന്ന ഒരാൾക്ക് ജനങ്ങളെയും അവരുടെ പ്രശ്നങ്ങളെയും ശരിക്കും മനസ്സിലാക്കാൻ കഴിയും. അത് രാജീവ് പലതവണ തെളിയിച്ചിട്ടുമുണ്ട്. കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കുകയും ദീർഘവീക്ഷണത്തോടെ പ്രവർത്തിക്കുകയും ചെയ്യുന്നതാണ് നേതൃശക്തി. മതേതര, സ്വതന്ത്ര ലോകത്തെക്കുറിച്ച് സംസാരിക്കാൻ ഒരു ശബ്ദം പാർലമെന്റിൽ ഉണ്ടാകണമെന്നത് സ്വാതന്ത്ര്യം പിടിച്ചെടുക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഇക്കാലത്ത് വളരെ പ്രധാനമാണ‌്.
ജനങ്ങളുടെ, കലാപ്രവർത്തകരുടെ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള ഈ പോരാട്ടത്തിൽ പി രാജീവിനെപ്പോലെയുള്ളവർക്കുവേണ്ടി പ്രവർത്തിക്കുകയും അവരെ വിജയിപ്പിക്കുകയും ചെയ്യേണ്ടത് കലാപ്രവർത്തകരുടെ ഉത്തരവാദിത്തമാണ്–- ബോസ് കൃഷ്ണമാചാരി പറഞ്ഞു.