മലയോരത്തിനും ശ്രീമതി
Sunday Mar 17, 2019
എൽഡിഎഫ‌് ധർമടം മണ്ഡലം കൺവൻഷനെത്തിയ കണ്ണൂർ പാർലമെന്റ‌് മണ്ഡലം സ്ഥാനാർഥി പി കെ ശ്രീമതി ടീച്ചർ വോട്ടർമാർക്കിടയിൽ.
ഇരിട്ടി
ചിരപരിചിതയായ ജനപ്രതിനിധി വീണ്ടുമെത്തി കൈപിടിച്ചപ്പോൾ വഴിയിൽ ബസ് കാത്തുനിന്ന കന്യാസ്ത്രീകളും കർഷകരും വിദ്യാർഥികളും യുവാക്കളുമടങ്ങിയ മലയോര ജനതയ‌്ക്ക‌് ആഹ്ലാദം. അവർ സ‌്നേഹാദരങ്ങളോടെ ശ്രീമതി ടീച്ചറെ അഭിവാദ്യം ചെയ‌്തു. തെരഞ്ഞെടുപ്പ‌് പ്രചാരണത്തിന്റെ ഭാഗമായി ഇരിട്ടി ടൗണിലെത്തിയതായിരുന്നു എൽഡിഎഫ‌് സ്ഥാനാർഥി പി കെ ശ്രീമതി ടീച്ചർ.
ബാൻഡ‌് മേളത്തിന്റെ അകമ്പടിയോടെ ശ്രീമതി ടീച്ചറുടെ റോഡ് ഷോ നഗരത്തെ ഇളക്കിമറിച്ചു. സിറ്റി സെന്ററിൽനിന്നാരംഭിച്ച പര്യടന സംഘത്തിനൊപ്പം ചുമട്ടുതൊഴിലാളികളും മറ്റു ജനവിഭാഗങ്ങളും അണിനിരന്നു. വഴിനീളെ ഓരോരുത്തരെയായി കണ്ട‌് അവർ കുശലം പറഞ്ഞു. പരിചയക്കാർ കടകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നുമിറങ്ങിവന്ന് ടീച്ചർക്ക‌് പിന്തുണയറിയിച്ചു. പുതിയ ബസ‌്സ്റ്റാൻഡ‌് പിന്നിട്ട‌് പര്യടനം മേലെ സ്റ്റാൻഡിൽ സമാപിച്ചു.
ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ അങ്കണവാടി ജീവനക്കാരുടെ യോഗത്തിനെത്തി എല്ലാവരുമായും പരിചയം പുതുക്കി. ആരോഗ്യ മന്ത്രിയായിരിക്കെ മാതൃ ശിശുക്ഷേമ രംഗത്ത് നടപ്പാക്കിയ ചില കാര്യങ്ങളെക്കുറിച്ച് ചെറിയൊരു വിവരണം. വിളക്കോട് ഗ്ലോബൽ ഇന്ത്യാ പബ്ലിക് സ്കൂൾ പിടിഎ യോഗസ്ഥലത്തെത്തിയ ടീച്ചർ സ്നേഹവും പരിചയവും പുതുക്കി അൽപസമയം അവർക്കൊപ്പം.
കുന്നോത്ത് ഗുഡ് ഷെപേർഡ് മേജർ സെമിനാരിയിലെത്തിയ പി കെ ശ്രീമതി ടീച്ചറെ വൈദികരും അധ്യാപകരും വിദ്യാർഥികളും വരവേറ്റു. ‘ജയിച്ചു വരും; ഉറപ്പ് ' വൈദികർ നൽകിയ ആശിർവാദം സ്ഥാനാർഥിയുടെ ജനസമ്മതി വിളിച്ചോതുന്നതായി. കുന്നോത്ത് ഇ എം എസ് സ്മാരക ഐഎച്ച്ആർഡി കോളേജ‌്, അങ്ങാടിക്കടവ് ഡോൺ ബോസ്കോ കോളേജ‌് എന്നിവിടങ്ങളിലും സ്ഥാനാർഥിക്ക് ഊഷ്മള വരവേൽപ‌് ലഭിച്ചു. കഴിഞ്ഞ ദിവസം നിര്യാതനായ കൂളിച്ചെമ്പ്രയിലെ കെ പി ചന്ദ്രന്റെ വസതിയിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ടീച്ചർ നേരമ്പോക്കിൽ നിര്യാതനായ കുന്നുമ്മൽ കുഞ്ഞിക്കണ്ണന്റെ വീടും സന്ദർശിച്ചാണ് മലയോരത്തെ ആദ്യ ദിവസ പര്യടനം അവസാനിപ്പിച്ചത്.
വൈകിട്ട‌് എൽഡിഎഫ‌് ധർമടം മണ്ഡലം കൺവൻഷനിലും പങ്കെടുത്തു. ധർമടം മണ്ഡലത്തിൽ കടകളും സ്ഥാപനങ്ങളും വ്യക്തികളെയും സന്ദർശിച്ച‌് വോട്ടഭ്യർഥിച്ചു.