‘മകൻ ജയിക്കും, റ്റാറ്റാ... ജയിച്ചു വാ'
Sunday Mar 17, 2019
എ എസ‌് ജിബിന
മൂവാറ്റുപുഴ > ‘സാരിയുടുത്തൊരു പെണ്ണേ... നിന്നെ, കാണാനെന്തൊരു സൗന്ദര്യം...’ ഇടുക്കി ലോക്‌സഭാ മണ്ഡലം എൽഡിഎഫ‌് സ്ഥാനാർഥി ജോയ്‌സ് ജോർജിനെ പെരിങ്ങുഴ സെന്റ് ജോസഫ് പുവർ ഹോമിലേക്ക‌് വരവേറ്റു പാട്ടുപാടാൻ എൺപതുകാരി മേബിളിന‌് പ്രായവും അവശതയും തടസ്സമായില്ല.
25 വർഷമായി ഹോമിലെ അന്തേവാസിയാണ‌് മേബിൾ. പലവിധ രോഗങ്ങളാൽ കിടപ്പിലായ മേബിളിന് തല ഉയർത്താൻ പ്രയാസം. എങ്കിലും ജോയ്‌സ് ജോർജ് എത്തിയപ്പോൾ താഴേക്ക് ചെരിഞ്ഞുകിടന്ന തല ഉയർത്തിപ്പിടിക്കാനുള്ള ശ്രമത്തിലായിരുന്നു അവർ. രണ്ടാമതും ലോക്‌സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോവുകയാണെന്നു പറഞ്ഞപ്പോൾ ഉടനെ മറുപടിയെത്തി... ‘മകൻ ജയിക്കും’ എന്ന‌്. ഇനിയും കാണാമെന്ന് യാത്ര പറഞ്ഞപ്പോൾ, ‘റ്റാറ്റാ’ പറഞ്ഞു കൈവീശി.
ജോയ്‌സ് ജോർജ് വൃദ്ധസദനത്തിലെത്തിയപ്പോൾ അന്തേവാസികളെല്ലാം സന്തോഷത്തിലായി. പ്രാർഥനാസമയമായിട്ടും സ്ഥാനാർഥിയോട് സംസാരിക്കാനും വിശേഷങ്ങൾ തിരക്കാനുമായിരുന്നു തിടുക്കം. കമലാക്ഷി ചുറുചുറുക്കോടെ സംസാരിച്ചപ്പോൾ ലൈസയുടെ മുഖത്ത് ചമ്മൽ. ലക്ഷ്മിയാകട്ടെ, സ്ഥാനാർഥി തനിക്കരികിലെത്തുന്നതിനുമുമ്പെ ധരിച്ചിരിക്കുന്ന വസ്ത്രം ഒന്നുകൂടി ശരിയാക്കുന്ന തിരക്കിലായിരുന്നു. ഒരാളെപ്പോലും വിട്ടുപോകാതെ വിശേഷങ്ങൾ തിരക്കിയ ജോയ്‌സ് ജോർജ്, അതിവേഗത്തിൽ അവരുടെ പ്രിയപ്പെട്ടവനായി. ജോയ്‌സ് ജോർജിന്റെ കൈപിടിച്ചും അനുഗ്രഹിച്ചും അവർ സ്‌നേഹം പ്രകടിപ്പിച്ചു. 23 അന്തേവാസികളാണ് ഇവിടെ താമസിക്കുന്നത്.
ഗ്രാൻഡ്മാ വ്യവസായ യൂണിറ്റിലെത്തിയ സ്ഥാനാർഥിയോട് സംസാരിക്കാനും വിശേഷങ്ങൾ തിരക്കാനും ആവശ്യങ്ങൾ പറയാനും തൊഴിലാളികൾ മുന്നോട്ടുവന്നു. ഇടുക്കി മണ്ഡലത്തിന്റെ അതിർത്തിയായ ഞാറക്കാട് രാവിലെ 7.30ന് ജോയ്‌സ് ജോർജെത്തി. പിന്നീട് പൈങ്ങോട്ടൂർ, പോത്താനിക്കാട്, സിദ്ധൻപടി, മൂവാറ്റുപുഴ മുനിസിപ്പൽ ടൗൺ എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. മൂവാറ്റുപുഴയിൽ എംസിഎസ് ഹോസ‌്പിറ്റൽ, സെൻട്രൽ ജുമാ മസ്ജിദ്, എസ്ഡി കോൺവെന്റ്, ഗ്രാൻഡ്മാ വ്യവസായശാല, മൂവാറ്റുപുഴ നിർമല ഹോസ‌്പിറ്റൽ, മറ്റപ്പള്ളി ക്ഷേത്രം എന്നിവിടങ്ങളിലാണ് സന്ദർശനം നടത്തിയത്. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം ഗോപി കോട്ടമുറിക്കൽ, എൽദോ എബ്രഹാം എംഎൽഎ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി എം ഇസ്മയിൽ, പി ആർ മുരളീധരൻ തുടങ്ങിയവർ ഒപ്പമുണ്ടായി.
ആശംസയുമായി മുൻമന്ത്രി വിശ്വനാഥമേനോൻ
മൂവാറ്റുപുഴ > മികച്ച പാർലമെന്റേറിയന് മുൻമന്ത്രി വി വിശ്വനാഥമേനോന്റെ അനുഗ്രഹവും വിജയാശംസകളും. മൂവാറ്റുപുഴ വാഴപ്പിള്ളിയിലെ വസതിയിലെത്തിയ എൽഡിഎഫ് സ്ഥാനാർഥി ജോയ്സ് ജോർജുമായി മുൻ ധനകാര്യമന്ത്രി വി വിശ്വനാഥമേനോൻ പരിചയം പുതുക്കി തെരഞ്ഞെടുപ്പ് വിശേഷങ്ങൾ തിരക്കി വിജയമാശംസിച്ചു. ജോയ്സ് ജോർജിന്റ പ്രവർത്തനങ്ങളെ അഭിനന്ദിച്ച അദ്ദേഹം സ്ഥാനാർഥിക്കൊപ്പമെത്തിയ എൽഡിഎഫ് നേതാക്കളോടും കുശലം പറഞ്ഞ് ഓർമകൾ പങ്കുവച്ചു.
ഭാര്യ പ്രഭാവതി മേനോനും കുടുംബാംഗങ്ങളും ജോയ്സിന് വിജയമാശംസിച്ചു. എൽഡിഎഫ് നേതാക്കളായ ഗോപി കോട്ടമുറിയ്ക്കൽ, എൽദോ എബ്രഹാം എംഎൽഎ, പി എം ഇസ്മയിൽ, പി ആർ മുരളീധരൻ, എൻ അരുൺ എന്നിവരും ഒപ്പമുണ്ടായി.