‘‘കമ്യൂണിസ‌്റ്റുകാരാരും വോട്ടു തേടി വരേണ്ട’’

Sunday Mar 17, 2019
ആർ ഹണീഷ്‌കുമാർ

 പൊതുയോഗങ്ങളിൽ തൊണ്ട പൊട്ടുമാറുള്ള  പ്രചാരണം–-1987ലെ തെരഞ്ഞെടുപ്പ‌ുകാലം ഓർക്കുകയാണ‌് ടി ശിവദാസമേനോൻ. മലമ്പുഴ മണ്ഡലത്തിലായിരുന്നു കന്നിയങ്കം. ‘‘കമ്യൂണിസ‌്റ്റുകാരാരും വോട്ടുതേടി ഇങ്ങോട്ട‌് വരേണ്ട. ഭൂപരിഷ‌്കരണനിയമം നടപ്പാക്കി ഞങ്ങളെ ദുരിതത്തിലേക്ക‌്  തള്ളിവിട്ടവരാണ‌് നിങ്ങൾ–- പ്രബല ജനവിഭാഗങ്ങൾ താമസിക്കുന്ന അകത്തേത്തറയിലെ ഭൂരിഭാഗം വീടുകളിലെത്തുമ്പോഴും ഈ വാക്കുകളാണ‌് വരവേറ്റത‌്. എങ്കിലും തളരാതെ, പതറാതെ സഖാക്കളോടൊപ്പം എല്ലാ വീടുകളിലും കയറിയിറങ്ങി വോട്ടു ചോദിച്ചു. ബാലറ്റ‌് തുറന്നപ്പോൾ എതിരാളികളുടെ ഈറ്റില്ലമെന്ന‌് അറിയപ്പെട്ടിരുന്ന അകത്തേത്തറയിലും പരിസരപ്രദേശങ്ങളിലും വൻഭൂരിപക്ഷം.

‘‘കുന്നും മലകളും നടന്നുകയറി വോട്ടു ചോദിച്ചു. പുലർച്ചെ അഞ്ചുമുതൽ തുടങ്ങിയിരുന്ന പ്രചാരണത്തിൽ ചായക്കടകളും കവലകളും കേന്ദ്രീകരിച്ച‌് പുതിയൊരു കാമ്പയിനും തുടങ്ങി. ഓരോ പ്രദേശങ്ങത്തെയും തീരുമാനിക്കപ്പെട്ട പാർടി പ്രവർത്തകർ ചായക്കടകളിലും കവലകളിലുമെത്തി പരിചയക്കാരോടും അടുപ്പമുള്ളവരോടും കുശലത്തിലേർപ്പെടും. ഒപ്പം എതിർസ്ഥാനാർഥിയുടെയും മുന്നണിയുടെയും അഴിമതിയെപ്പറ്റിയും പറയും. എൽഡിഎഫിന്റെ രാഷ‌്ട്രീയ നിലപാടുകളും ചർച്ചയാകും. നാട്ടിൻപുറങ്ങളിൽ ആ ട്രിക്ക‌് ഏറ്റു. 10,314 വോട്ട് ഭൂരിപക്ഷത്തിൽ വിജയം.’’

സിപിഐ എം ജില്ലാ സെക്രട്ടറിയായി പ്രവർത്തിക്കുമ്പോഴാണ‌്   ഇ കെ നായനാരുടെ പിൻഗാമിയായി മലമ്പുഴയിൽ മത്സരിക്കാൻ തീരുമാനിക്കുന്നത‌്. വോട്ടെണ്ണൽ പൂർത്തിയാകുന്നതിനുമുമ്പേ  തിരുവനന്തപുരത്തുനിന്നു വിളിയെത്തി. ഉടൻ പുറപ്പെടണം. പിന്നീട‌് പാലക്കാട്ടേക്ക‌് മടങ്ങിയത‌്  ഇ കെ നായനാർ മന്ത്രിസഭയിൽ വൈദ്യുതി  ഗ്രാമവികസനമന്ത്രിയായി. പിന്നീട‌് രണ്ടുതവണ കൂടി  മലമ്പുഴയെ പ്രതിനിധാനംചെയ‌്തു.  “കയ്യൂർ സമര സേനാനിയിൽനിന്ന‌്  പുന്നപ്രവയലാർ സേനാനിയിലേക്ക‌് പോറൽപോലും ഏൽക്കാതെ മലമ്പുഴയെ കൈമാറുക–-അതായിരുന്നു  ദൗത്യമെന്ന‌് ശിവദാസമേനോൻ പറഞ്ഞു.

പാലക്കാട് വിക്ടോറിയ കോളേജിൽ പഠിക്കുമ്പോഴാണ് വിദ്യാർഥിരാഷ്ട്രീയത്തിൽ സജീവമാകുന്നത‌്.  അധ്യാപനരംഗത്തുനിന്ന‌്  രാഷ്ട്രീയത്തിലേക്കും. ഇപ്പോൾ അവശത ശരീരത്തെ വലയ‌്ക്കുന്നുണ്ടെങ്കിലും നിലപാടിലെ കാർക്കശ്യവും നേതൃപാടവവും ആജ്ഞാശക്തിയും ഉരുക്കുപോലെ ഉറച്ചതാണ‌്. “വർഗീയതയാണ‌് ഇന്നത്തെ നമ്മുടെ എതിരാളി. വർഗീയവാദികളെയും വർഗീയ കക്ഷികളെയും രാജ്യത്തുനിന്ന‌് എന്നത്തേക്കുമായി തുടച്ചുനീക്കണം’’–-വാക്കുകൾക്ക‌് ഇന്നും പഴയ കാർക്കശ്യക്കാരന്റെ ഊർജം.

മഞ്ചേരി കച്ചേരിപ്പടിയിലെ ‘നീതി’ വീട്ടിൽ മകൾ ലക്ഷ്മിദേവി, മരുമകൻ ഡയറക്ടർ ജനറൽ ഓഫ‌് പ്രോസിക്യൂഷൻ അഡ്വ. ശ്രീധരൻനായർ എന്നിവർക്കൊപ്പം വിശ്രമജീവിതത്തിലാണ‌് ശിവദാസമേനോൻ.


വോട്ടുബുക്ക്
സ്പെഷ്യല്‍
ഫേക്ക് ഇന്‍ ഇന്ത്യ
ഓര്‍ത്തെടുപ്പ്
വാര്‍ത്തകള്‍