പേരിലും പ്രവൃത്തിയിലും‘ഇന്നസെന്റ‌്’

Monday Mar 18, 2019
ചാലക്കുടി പാർലമെന്റ്‌ മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി ഇന്നസെന്റിന്‌ വിജയാശംസ നേരുന്ന സമരിറ്റൻ നേഴ്‌സിങ്‌ കോളേജിലെ വിദ്യാർഥികൾ


കോലഞ്ചേരി> വിലങ്ങ് പ്രൊവിഡൻസ് ഹോമിലെ അന്തേവാസികൾക്കൊപ്പം ചേർന്നപ്പോൾ സ്ഥാനാർഥി അക്ഷരാർഥത്തിൽ ഇന്നസെന്റായി. അവിടത്തെ സൗകര്യങ്ങളെല്ലാം നോക്കിക്കണ്ടശേഷം  അന്തേവാസികളോടൊപ്പം  കളിചിരിയുമായി ചേർന്നു. പാട്ടുപാടിയും നൃത്തംവച്ചും തങ്ങളുടെ സ്നേഹം സിനിമയിലെ പ്രിയതാരവുമായി അവർ പങ്കുവച്ചു. ഞായറാഴ്ച നാലോടെ ബുദ്ധിമാന്ദ്യമുള്ളവരെ പരിചരിക്കുന്ന പ്രൊവിഡൻസ് ഹോമിലെത്തിയ ചാലക്കുടി ലോക‌്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ഇന്നസെന്റിനെ സിസ്റ്റർ ഷാന്റിയുടെ നേതൃത്വത്തിലാണ‌് സ്വീകരിച്ചത‌്. എല്ലാവർക്കും മധുരം നൽകി നിറഞ്ഞ മനസ്സോടെയാണ് സ്ഥാനാർഥി പ്രൊവിഡൻസ് ഹോമിന്റെ പടിയിറങ്ങിയത്. 

പഴങ്ങനാട് സമരിറ്റൻ ആശുപത്രി കോൺവെന്റിലെത്തിയ സ്ഥാനാർഥിയെ അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ സിസ്റ്റർ താര സ്വീകരിച്ചു. ഇന്നസെന്റ‌് എത്തിയതറിഞ്ഞ‌് ആശുപത്രിയുടെ സമീപത്തുള്ള നേഴ്സിങ് ഹോസ്റ്റലിലെ കുട്ടികളുമെത്തി. ഇവരുമായി തന്റെ പുതിയ സിനിമയായ കുഞ്ഞാലി മരക്കാറിന്റെ വിശേഷങ്ങൾ പങ്കുവച്ചു.  തെരത്തെടുപ്പിൽ  ഇക്കുറി സഖാവ് ഇന്നസെന്റായിട്ടാണ‌് മത്സരിക്കുന്നതെന്നും അവരോട് പറയാൻ മറന്നില്ല. കുട്ടികളോടൊത്ത് സെൽഫിയെടുക്കാനും സമയം കണ്ടെത്തി. വിജയത്തിന‌് ഒപ്പമുണ്ടാകണമെന്നും അഭ്യർഥിച്ചു. തന്റെ പുസ്തകമായ ‘ക്യാൻസർ വാർഡിലെ ചിരി’ സിസ്റ്റർമാർക്ക് സമ്മാനമായി നൽകിയാണ‌്  ആശുപത്രിയുടെ പടിയിറങ്ങിയത‌്. തുടർന്ന് ഞാറള്ളൂർ ബേത‌്‌ലഹേം ദയറ സ്കൂൾ കോൺവെന്റിലെത്തി അവിടത്തെ കുട്ടികളോടൊപ്പം കൂടി. അവരുടെ ചോദ്യങ്ങൾക്ക് മറുചോദ്യങ്ങളെറിഞ്ഞ‌് പ്രോത്സാഹിപ്പിച്ചു. അഭ്രപാളികളിലെ വേഷപ്പകർച്ചകൾ ഒന്നൊന്നായി  പറഞ്ഞ‌പ്പോൾ കുട്ടികൾ കൈയടിയോടെയാ ണ് സ്വീകരിച്ചത്. അഞ്ചാംക്ലാസിലെ വിദ്യാർഥികൾക്ക് തന്റെ പുസ്തകത്തിലെ ‘ചിരിയും ചിന്തയും’ ഭാഗം പഠിക്കാനുള്ളത് അവരെ ഓർമിപ്പിച്ചു. ക്യാൻസറിനെ ചിരിച്ചുകൊണ്ട് നേരിട്ട അനുഭവങ്ങളാണ് പുസ്തക രചനയ‌്ക്ക് പ്രചോദനമായതെന്നും ഇന്നസെന്റ് പറഞ്ഞു. 

ഞാറള്ളൂർ സെന്റ്‌ മേരീസ്‌ ബത്‌ലഹേം കോൺവെന്റിൽ എത്തിയ ഇന്നസെന്റ്‌ കുട്ടികളുമായി സൗഹൃദസംഭാഷണത്തിൽ

ഞാറള്ളൂർ സെന്റ്‌ മേരീസ്‌ ബത്‌ലഹേം കോൺവെന്റിൽ എത്തിയ ഇന്നസെന്റ്‌ കുട്ടികളുമായി സൗഹൃദസംഭാഷണത്തിൽ

 

ഉച്ചകഴിഞ്ഞ് മൂന്നോടെ കുന്നത്തുനാട് മണ്ഡലാതിർത്തിയായ ചേലക്കുളത്ത് എത്തിയ സ്ഥാനാർഥിയെ പൂക്കൾ നൽകി വരവേറ്റു. ഹമീദിക്കയുടെ ഹോട്ടലിൽ ചായ കുടിക്കാൻ കയറിയ സ്ഥാനാർഥി സ്വതസിദ്ധമായ ശൈലിയിൽ തമാശകളുമായി അവരോടൊപ്പംകൂടി. ചേലക്കുളത്തുനിന്ന‌് വിലങ്ങിലേക്ക് പോകുംവഴി സ്ഥാനാർഥിയെ കാത്ത് റോഡരികിൽ സ്ത്രീകളും കുട്ടികളുമടക്കം മുപ്പതോളംവരുന്ന സംഘം കാത്തുനിന്നിരുന്നു. അവരുമായി കുശലം പറഞ്ഞശേഷം കിഴക്കമ്പലം സെന്റ് ആന്റണീസ് ഫെറോന കാതോലിക്ക പള്ളിയിലെത്തിയ ഇന്നസെന്റ‌് വികാരി ഫാ. അലക്സ് കാട്ടേഴത്തിനെയും കിഴക്കമ്പലം  സെന്റ് ഫ്രാൻസിസ് കോൺവെന്റിലെ  കന്യാസ്ത്രികളെയും സന്ദർശിച്ചു. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം കെ വി ഏലിയാസ് ഒപ്പമുണ്ടായിരുന്നു. തുടർന്ന് പട്ടിമറ്റം, കുന്നത്തുനാട്, തിരുവാണിയൂർ, മഴുവന്നൂർ, ഐക്കരനാട് വെസ്റ്റ് ലോക്കൽ കൺവൻഷനുകളിലും അമ്പലമുകളിൽ തൊഴിലാളി കുടുംബസംഗമത്തിലും പങ്കെടുത്തു.

 


വോട്ടുബുക്ക്
സ്പെഷ്യല്‍
ഫേക്ക് ഇന്‍ ഇന്ത്യ
ഓര്‍ത്തെടുപ്പ്
വാര്‍ത്തകള്‍