"സ്ഥാനാർഥി കിടുക്കി, തിമിർത്തു, കലക്കി'
Monday Mar 18, 2019
കോട്ടയം> വി എൻ വാസവനെ നേരിൽ കണ്ട‌് കൈകൊടുത്തപ്പോൾ ചലച്ചിത്ര താരം പ്രദീപ‌് കോട്ടയത്തിനു പറയാനുള്ളത‌് ആ സൂപ്പർ ഹിറ്റ‌് ഡയലോഗായിരുന്നു –- "സ്ഥാനാർഥി കിടുക്കി, തിമിർത്തു, കലക്കി'. ഇടതുപക്ഷ സഹയാത്രികനായ പ്രദീപ‌് തന്റെ നാട്ടിലെത്തിയ സ്ഥാനാർഥിയെ സ്വീകരിക്കാൻ നാട്ടുകാർക്കിടയിൽ ഒരാളായി ഉണ്ടായിരുന്നു.
കുമാരനല്ലൂർ വടക്കേനടയിൽ "പ്രശാന്ത‌് നിവാസി'ൽ പ്രശാന്തിന്റെ വീട്ടിൽ നൽകിയ സ്വീകരണത്തിലാണ‌് എൽഐസി ജീവനക്കാരൻ കൂടിയായ പ്രദീപ‌് പങ്കെടുത്തത‌്. "കാലമേറെയായി കാണുന്ന മുഖമാണ‌് വാസവൻ ചേട്ടന്റേത‌്. എൽഐസിയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക‌് അദ്ദേഹത്തെ ബന്ധപ്പെടാറുണ്ട‌്. അപ്പോഴെല്ലാം ഇടപെട്ട‌് പരിഹാരം കണ്ടെത്തി. നാഗമ്പടത്ത‌് എൽഐസി ഓഫീസിനു സമീപം വെയിറ്റിങ‌് ഷെഡ‌് പണിയാൻ സഹായിച്ചത‌് വാസവൻ ചേട്ടനാണ‌്.
കൂട്ടത്തിൽ ഒരാളെ പോലെ തോന്നുന്ന വ്യക്തി' –- പ്രദീപ‌് പറഞ്ഞു. സിനിമയുടെ തിരക്കുകളിലും എൽഡിഎഫിന്റെ വിജയത്തിനായി ഇറങ്ങാൻ പ്രദീപ‌് മറന്നില്ല. 31 വർഷമായി എൽഐസിയിൽ ജീവനക്കാരനാണ‌്.