കെ കരുണാകരൻ തോറ്റു; ജയിച്ചിട്ടും ‘എന്താഘോഷം’ എന്ന മട്ട‌്

Monday Mar 18, 2019

തൃശൂർ
കേരളമൊന്നാകെ ഇടത്തോട്ട് ചരിഞ്ഞ തെരഞ്ഞെടുപ്പായിരുന്നു 1996. പക്ഷേ, തേക്കിൻകാട് മൈതാനത്ത്  യുഡിഎഫിന് ഒന്നുതിമിർക്കാൻ വകുപ്പുണ്ടായിരുന്നു. തേറമ്പിൽ രാമകൃഷ്ണൻ വിജയിച്ച വകയിൽ. പക്ഷേ, യുഡിഎഫ് ക്യാമ്പ് മരണവീട് പോലെ.  കാരണം, പട നയിച്ച ലീഡർ കെ കരുണാകരൻ വീണിതല്ലോ കിടക്കുന്നു. നിയമസഭയൊക്കെ സമർഥമായി നയിച്ചയാളാണ് തേറമ്പിൽ. പക്ഷേ,  ഈ സംഭവം പറയുമ്പോൾ ഒരു ധർമസങ്കടം നിഴലിക്കും ആ മുഖത്ത്.

‘‘ ലീഡർ ലോക്സഭയിലേക്ക് കന്നിയങ്കമായതിനാൽ എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ട്. ഫലം വന്നപ്പോൾ കേരളമാകെ ഞെട്ടി. കരുണാകരൻ തോറ്റു. ഞാൻ  പതിനായിരത്തിൽപ്പരം വോട്ടുകൾക്ക് ജയിച്ച മണ്ഡലത്തിലും ലീഡർ പിന്നിൽ. എന്റെ തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാൻ പ്രവർത്തകരെത്തി. ഒടുവിൽ ഞാൻ തന്നെ അനുനയിപ്പിച്ചു.  കെ കരുണാകരന്റെ തോൽവി രാജ്യമാകെ ചർച്ചയാകുമ്പോൾ ഞാനെങ്ങനെ വിജയമാഘോഷിക്കും? മാത്രമല്ല, അതിന്റെ പിറകിൽ വരുന്ന പുകിലുകൾക്ക് സമാധാനം പറയണം. ഒടുവിൽ രണ്ടാഴ്ച കഴിഞ്ഞ് ആഘോഷം സൈക്കിൾ റാലിയിലൊതുക്കി’’

തേറമ്പിലിന്റെ ഓർമയിൽ ഇതുപോലെ പതിഞ്ഞ മറ്റൊരു തെരഞ്ഞെടുപ്പുണ്ടാകില്ല.

എട്ടു തവണ മത്സരിക്കുകയും ആറു തവണയായി 30 വർഷം  എംഎൽഎയും രണ്ടു തവണ സ്പീക്കറുമായി കോൺഗ്രസ് നേതാവ് അഡ്വ. തേറമ്പിൽ രാമകൃഷ്ണൻ. തൃശൂർ സിവിൽ ലെയ്നിലെ വീട്ടിലിരുന്ന്  തെരഞ്ഞെടുപ്പ് അനുഭവങ്ങൾ വിവരിക്കുമ്പോൾ പിന്നിട്ടതെല്ലാം സ്വപ്നംപോലെ. അല്ലെങ്കിലും ഏറ്റവും ശാശ്വതമായത് സ്ഥാനങ്ങളില്ലാത്ത "എക്സ്' തന്നെ. പിൻഗാമികളായ നേതാക്കളോട് ഉപദേശിക്കാനുള്ളതും ഇതുതന്നെ: ‘എക്സ്’.

കെ കരുണാകരൻ  കോൺഗ്രസ് നേതൃത്വവുമായി കലഹിച്ച് 2005ൽ ഡിഐസി കെ രൂപീകരിക്കുമ്പോൾ, കരുണാകരപക്ഷത്തുള്ള ഒമ്പത് എംഎൽഎമാർ രാജിക്കത്തു നൽകിയത് സ്പീക്കറായിരുന്ന തേറമ്പിലിനാണ്. രാജി സ്വീകരിച്ചു. അവരോടും അന്ന് പറഞ്ഞു: "എക്സ്' ആണ് ശാശ്വതം. അപ്പോഴും കരുണകരപക്ഷക്കാരനായ  താൻ രാജിവയ്ക്കാത്തതിനാൽ സ്പീക്കർസ്ഥാനത്തു  തുടർന്നു. പക്ഷങ്ങളൊക്കെയുണ്ടെങ്കിലും വ്യക്തിപൂജ തനിക്കിഷ്ടമല്ലെന്നായിരുന്നു തേറമ്പിലിന്റെ നിലപാട്.

‘‘ 2011ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃശൂരിനടുത്ത നെട്ടിശേരിയിലെ പ്രചാരണയോഗം. അവിടെ  എന്റെ വലിയൊരു ചിത്രം സ്ഥാപിച്ച് അതിൽ ഒരു പൂമാലയിട്ട്, ചന്ദനത്തിരികളും കത്തിച്ചുവച്ചിരിക്കുന്നു. തെരഞ്ഞെടുപ്പു പ്രചാരണത്തിനിടയിൽ തന്നെ ആരാണ് കൊന്നതെന്ന് അന്വേഷിച്ചു. തമിഴ്നാട് ബന്ധമുമുള്ള, രജനീകാന്തിനെ അനുകരിക്കുന്ന ഒരു ആരാധകന്റെ പണിയാണ് ഇതെന്ന് സഹപ്രവർത്തകർ. "രജനീ സ്റ്റൈലിൽ' കൂളിങ്ഗ്ലാസ് ധരിച്ചുനിൽക്കുന്നു.

അയാൾ പറഞ്ഞു;

"സാർ തമിഴ് നാട്ടിൽ വീരാരാധന കൂടുമ്പോഴാണ് ഇങ്ങനെ മാലയിട്ട്, തിരിവച്ച് ആദരിക്കുക.

എന്നാൽ, വാർത്ത പരന്നത് മറ്റൊരുവിധത്തിൽ. താൻ മരിച്ചുവെന്ന് കേട്ട് പലരും വീട്ടിലേക്കും ഡിസിസിയിലേക്കും വിളിച്ചു. പിറ്റേന്ന് തെരഞ്ഞെടുപ്പ് വിശേഷവാർത്തകളിൽ രജനീസ്റ്റൈലും സ്ഥാനംപിടിച്ചു. ’’

1970ൽ കന്നിയങ്കത്തിൽ ഗുരുവായൂരിൽ സിപിഐ എം പിന്തുണയുള്ള വർക്കി വടക്കനോട് തോറ്റെന്നു മാത്രമല്ല കടക്കാരനുമായി തേറമ്പിൽ.  മാന്ത്രികൻ പ്രൊഫ. ഭാഗ്യനാഥിന്റെ "ഫാന്റസി' ഷോ നടത്തിയിട്ടും കാര്യമുണ്ടായില്ല. ഒടുവിൽ കുറിവിളിച്ച് കടംവീട്ടിയ കഥയും തേറമ്പിന്റെ തെരഞ്ഞെടുപ്പ് ഡയറിയിൽ തെളിഞ്ഞു കിടപ്പുണ്ട്. ഗുരുവായൂരിലും തുടർന്ന് ചേർപ്പിലും പെട്ടി പൊട്ടിയതോടെ ‘ഗസ്റ്റ് ആർട്ടിസ്റ്റ് ’ പണി നിർത്തി. ഇനി സ്വന്തം തട്ടകമായ തൃശൂരിൽ കോൺഗ്രസ് ടിക്കറ്റിലേ മത്സരിക്കൂ എന്ന് തീരുമാനം. 1982ൽ എൻഡിപിക്ക് എന്നപേരിൽ തൃശൂർ സീറ്റ്  ‘തട്ടിയെടുത്ത്’ തുടങ്ങിയ മത്സരം പതിറ്റാണ്ടുകൾ നീണ്ട പ്രാതിനിധ്യമായി മാറി. എംഎൽഎ സ്ഥാനമൊന്നുമില്ലെങ്കിലും തൃശൂരിൽ വിളിപ്പാടകലെ തേറമ്പിലുണ്ട്.


വോട്ടുബുക്ക്
സ്പെഷ്യല്‍
ഫേക്ക് ഇന്‍ ഇന്ത്യ
ഓര്‍ത്തെടുപ്പ്
വാര്‍ത്തകള്‍