പ്രതീക്ഷ നൽകുന്നത് ഇടതുപക്ഷം മാത്രമാണ്; അത് വിശാലമായ കാഴ്ചപ്പാടും മൂല്യങ്ങളും ഒത്തുചേരുന്ന സ്നേഹപക്ഷമാണ്: കെ ആർ മീര
Tuesday Mar 19, 2019
കൊല്ലം > മോഡി വീണ്ടും അധികാരത്തിലെത്തിയാൽ ഇനിയൊരു തെരഞ്ഞെടുപ്പ‌് ഉണ്ടാകില്ലെന്ന കേന്ദ്ര ഭരണകക്ഷി നേതാവിന്റെ പ്രസ്താവന ജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ച് വലിയ ആശങ്കയുളവാക്കുന്നതാണെന്ന് എഴുത്തുകാരി കെ ആർ മീര. അതുകൊണ്ട് ഈ തെരഞ്ഞെടുപ്പ് നിർണായകമാണ്.
ജനാധിപത്യവും ഭരണഘടനയും അട്ടിമറിക്കപ്പെടാവുന്ന ഭീതിജനകമായ അവസ്ഥയിൽ പ്രതീക്ഷ നൽകുന്നത് ഇടതുപക്ഷം മാത്രമാണ്. എൽഡിഎഫ് സ്ഥാനാർഥി കെ എൻ ബാലഗോപാലിന്റെ വിജയത്തിനായി സംഘടിപ്പിച്ച ആദ്യകാല എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകരുടെ സംഗമത്തിൽ സംസാരിക്കുകയായിരുന്നു കെ ആർ മീര.
ഇടതുപക്ഷമെന്നത് വിശാലമായ കാഴ്ചപ്പാടും മൂല്യങ്ങളും ഒത്തുചേരുന്ന സ്നേഹപക്ഷമാണ്. വിശ്വാസത്തിന്റെയും മതസ്പർധയുടേയും പേരിൽ കൊടും ക്രൂരതയ്ക്ക‌് ഇരയാകുന്ന സാധാരണക്കാരെയും ന്യൂനപക്ഷങ്ങളെയും സംരക്ഷിക്കാനും ഹൃദയത്തോട് ചേർത്തുനിർത്താനും ഇടതുപക്ഷത്തിനേ കഴിയൂ. തൊഴിലില്ലായ്മയും താഴെത്തട്ടിലുള്ള മനുഷ്യരുടെ ജീവിത ദുരിതങ്ങളും നാസിക്കിലെ കർഷകരുടെ ദയനീയാവസ്ഥയും കശ്മീരിൽനിന്ന‌് ഉയരുന്ന നിലവിളികളും രാജ്യത്തെ അസ്വസ്ഥമാക്കുമ്പോൾ പ്രതീക്ഷ നൽകുന്നത് ഇടതുപക്ഷത്തിന്റെ നയങ്ങളും പരിപാടികളുമാണ് –- കെ ആർ മീര പറഞ്ഞു.