മേയർപദവിയിൽനിന്ന‌് ലോക‌്സഭയിലേക്ക‌്; ലോക‌്സഭയിൽനിന്ന് വീണ്ടും മേയർപദവിയിലേക്ക‌്
Tuesday Mar 19, 2019
കെ പ്രേമനാഥ‌്
കോഴിക്കോട‌് > മേയർപദവിയിൽനിന്ന‌് ലോക‌്സഭയിലേക്ക‌്. രണ്ടുതവണ ലോക‌്സഭയിൽ അംഗമായശേഷം വീണ്ടും മേയർപദവിയിലേക്ക‌്. ഈ അപൂർവ ബഹുമതിക്ക‌് ഉടമയാണ‌് പ്രൊഫ. എ കെ പ്രേമജം. പ്രായത്തിന്റെ ചെറിയ അവശതകൾ അലട്ടുന്നുണ്ടെങ്കിലും ജനങ്ങൾക്കിടയിൽ ജീവിച്ച ആ നാളുകളെക്കുറിച്ചോർക്കുമ്പോൾ ടീച്ചർ ഉത്സാഹവതി.
‘കോഴിക്കോട‌് ഗവൺമെന്റ‌് ആർട‌്സ‌് ആൻഡ‌് സയൻസ‌് കോളേജ‌് പ്രിൻസിപ്പൽ സ്ഥാനത്തുനിന്ന‌് വിരമിച്ചയുടനെയാണ‌് കോർപറേഷൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാർടി ആവശ്യപ്പെട്ടത‌്. ജയിച്ചപ്പോൾ മേയറുമാക്കി. രണ്ടര വർഷം ആ സ്ഥാനത്തിരുന്നപ്പോഴാണ‌് 1998ൽ ലോക‌്സഭാ തെരഞ്ഞെടുപ്പ‌് വന്നത‌്. വടകരയിൽ മത്സരിക്കാൻ പാർടി പറഞ്ഞു. കോർപറേഷൻ വാർഡുമായി താരതമ്യം ചെയ‌്താൽ വലിയ തലത്തിലേക്കാണ‌് മത്സരം. ജനങ്ങൾക്കിടയിലേക്കിറങ്ങിയതോടെ ആവേശമായി. 59,161 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ‌് അന്ന‌് ജയിച്ചത‌്’– -ടീച്ചർ പറഞ്ഞു.
നാട്ടുകാർക്ക‌് ഏറെ ഗുണം കിട്ടുന്ന ഒരു വലിയ പദ്ധതി തുടങ്ങണം എന്ന‌് ചിന്തിച്ചപ്പോൾ ആദ്യം ഞാനോർത്തത‌് ചോറോട‌് റെയിൽവേ ഗേറ്റാണ‌്. വിവാഹദിവസം എന്നെയും കുടുംബാംഗങ്ങളെയും ഏറെ തീ തീറ്റിച്ചതാണ‌് ഈ റെയിൽവേ ഗേറ്റ‌്. തൃശൂരിൽനിന്ന‌് കണ്ണൂർ തളാപ്പിലെ എന്റെ വീട്ടിലേക്ക‌് റോഡുവഴി പുറപ്പെട്ട വരനും കൂട്ടരും ഏറെ നേരം അവിടെ കുടുങ്ങി. മുഹൂർത്തം കഴിഞ്ഞ‌് അര മണിക്കൂറിനുശേഷമാണ‌് അവർ എത്തിയത‌്. രോഗികൾ ഉൾപ്പെടെ ഇതുപോലെ നിത്യേന ബുദ്ധിമുട്ടുന്ന ഈ ഗേറ്റിൽ മേൽപ്പാലം പണിയാൻ തീരുമാനിച്ചു. ഇതിന്റെ പ്രാഥമിക പ്രവർത്തനം തുടങ്ങിയപ്പോഴേക്കും പാർലമെന്റ‌് പിരിച്ചുവിട്ടു. 1999ലെ തെരഞ്ഞെടുപ്പിൽ രണ്ടാമതും വടകരയിൽ മത്സരിച്ച‌് ജയിച്ചു.
ചോറോട‌് ഗേറ്റിൽ മേൽപ്പാലത്തിന‌് തറക്കല്ലിടാനും പണി പൂർത്തിയാക്കി ഉദ‌്ഘാടനം ചെയ്യാനും ഇക്കാലയളവിൽ സാധിച്ചു. നന്തി, ചെങ്ങോട്ട‌്കാവ‌്, വെങ്ങാലി, വെങ്ങളം എന്നിവിടങ്ങളിലും മേൽപ്പാലത്തിന‌് തുടക്കമായി. ജീവിതത്തിലെ ഏറ്റവും വലിയ വികസന അനുഭവമായി ഇതിനെ കാണുന്നു. ചോറോടിലൂടെ മലബാറിന‌് കിട്ടിയത‌് മേൽപ്പാലങ്ങളുടെ പരമ്പരയാണ‌്.
പാർലമെന്റ‌് ജീവിതം തീർന്നപ്പോൾ കോർപറേഷനിലേക്ക‌് മത്സരിക്കാൻ പ്രേമജത്തോട‌് പാർടി വീണ്ടും ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പു പോരാട്ടം ബിഗ‌് സ‌്ക്രീനിൽനിന്ന‌് വീണ്ടും മിനി സ‌്ക്രീനിലേക്ക‌്. ജയിച്ചപ്പോൾ മേയർപദവി ഏറ്റെടുക്കാൻ നിർദേശം. ആറര വർഷംമുമ്പ‌് ഒഴിഞ്ഞ പദവി പൂർണമാക്കാനുള്ള ദൗത്യം. അങ്ങനെ വീണ്ടും ജനങ്ങൾക്കൊപ്പം അഞ്ച‌് വർഷം.
‘30 വർഷം കുട്ടികൾക്കൊപ്പം കഴിഞ്ഞശേഷമാണ‌് ഞാൻ രാഷ‌്ട്രീയത്തിലിറങ്ങിയത‌്. ഒരിക്കലും മറക്കാനാകാത്ത അംഗീകാരമാണ‌് സിപിഐ എമ്മും ഇടതുപക്ഷവും എനിക്ക‌് തന്നത‌്. നാടിനുവേണ്ടി പ്രവർത്തിച്ചതിന‌്, കമ്യൂണിസ്റ്റ‌് പാർടി പ്രവർത്തകനായതിന‌് 1948ൽ അറസ്റ്റ‌് ചെയ്യപ്പെട്ട ഒരു തയ്യൽത്തൊഴിലാളിയുടെ മകളാണ‌് ഞാൻ. അച്ഛന്റെ ആ രാഷ‌്ട്രീയ ബോധമാണ‌് ഇന്നും എന്നെ നയിക്കുന്നത‌്’–- പ്രേമജം ഓർക്കുന്നു.