സത്യഗ്രഹ ഭൂമിയിൽ ജനപിന്തുണ ഉറപ്പിച്ച‌് വി എൻ വാസവൻ

Tuesday Mar 19, 2019

വൈക്കം > നവീന ആശയങ്ങൾക്കും നിസ്വവർഗ പോരാട്ടങ്ങൾക്കും ഒപ്പംനിന്ന‌ വൈക്കത്തിന്റെ ചുവന്ന മണ്ണിൽ വിവിധ സാമൂഹ്യവിഭാഗങ്ങളുടെ പിന്തുണതേടി കോട്ടയം ലോക‌്സഭാ മണ്ഡലം എൽഡിഎഫ‌് സ്ഥാനാർഥി വി എൻ വാസവന്റെ സന്ദർശനം. തിങ്കളാഴ‌്ച രാവിലെ വെച്ചൂർ അച്ചിനകം ജങ‌്ഷനിൽ നിന്നാരംഭിച്ച സന്ദർശനം വൈക്കം മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ ജനപിന്തുണ ഉറപ്പാക്കുന്നതായി.

വെച്ചൂർ, ടി വി പുരം, തലയാഴം, വൈക്കം ടൗൺ, ഉദയനാപുരം, മറവൻതുരുത്ത്, തലയോപ്പറമ്പ്, ചെമ്പ്, വെളളൂർ പഞ്ചായത്തുകളിലെ പള്ളികൾ, ജുമ മസ്ജിദ്, ക്ഷേത്രങ്ങൾ, കന്യാസ‌്ത്രീ മഠങ്ങൾ, കോളേജുകൾ, തൊഴിലിടങ്ങൾ എന്നിവടങ്ങളിൽ എത്തിയ അദ്ദേഹത്തെ  മധുരംനൽകിയും വിജയാശംസ നേർന്നും വരവേറ്റു. ക്രിസ‌്തീയ പുരോഹിതന്മാരും കന്യാസ്‌ത്രീകളും ഇമാമുമാരും ക്ഷേത്രം ഭാരവാഹികളും അടക്കം വി എൻ വാസവനെ വരവേറ്റു. 

സാമൂഹ്യ–-രാഷ‌്ട്രീയ–-സാംസ‌്കാരിക പ്രവർത്തനങ്ങളിലൂടെ അദ്ദേഹം ആർജിച്ച ജനകീയ ബന്ധങ്ങളും  സ്വീകാര്യതയും ഉറപ്പാക്കുന്നതായിരുന്നു ഓരോ കേന്ദ്രത്തിലും ലഭിച്ച വരവേല്പ‌്.  വിവിധ തൊഴിലാളികേന്ദ്രങ്ങളിൽ എത്തിയ അദ്ദേഹത്തെ സ‌്ത്രീകൾ അടക്കമുള്ള നുറുകണക്കിന‌് ആളുകൾ ആവേശപൂർവം സ്വീകരിച്ചു. ഖാദി സംഘങ്ങൾ, കയർ സംഘങ്ങൾ, ഡിഎസ്എസ് മറൈൻ ചെമ്മീൻഫാക്ടറി, ചെമ്പ് ടിവി പുരം ഗ്ലൗസ് ഫാക്ടറി, തൊഴിലുറപ്പ് കേന്ദ്രങ്ങൾ, കെ എസ് മംഗലം കൈത്തറി സംഘം മറ്റ് തൊഴിൽ മേഖലകൾ എന്നിവിടങ്ങളും സന്ദർശിച്ചു.

വൈക്കത്തിന്റെ മനസ‌് എൽഡിഎഫിനൊപ്പമാണ‌് എന്നതിന്റെ തെളിവായിരുന്നു  രാഷ്ട്രീയത്തിനതീതമായി ഓരോ പ്രദേശങ്ങളിലും എത്തിച്ചേർന്ന ജനവിഭാഗം. സി  കെ ആശ എംഎൽഎ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. പി കെ ഹരികുമാർ, ജില്ലാ കമ്മിറ്റിയംഗം കെ കെ ഗണേശൻ, ഏരിയ സെക്രട്ടറിമാരായ കെ ശെൽവരാജ്, കെ അരുണൻ, സിപിഐ നേതാക്കളായ ടി എൻ രമേശൻ, ബാബുരാജ്, പി സുഗതൻ, എൻസിപി ജനറൽ സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടിൽ, ജില്ലാ പ്രസിഡന്റ്, ടി വി ബേബി, ജനാധിപത്യ കേരള കോൺഗ്രസ് നേതാവ് എ ഷാജി തുടങ്ങിയ എൽഡിഎഫ് നേതാക്കൾ ഒപ്പമുണ്ടായിരുന്നു.

ഒത്തുപിടിക്കാൻ കയർ തൊഴിലാളികൾ

യന്ത്രങ്ങൾ മുരളുന്ന ശബ്ദം കേട്ടാണ് എൽഡിഎഫ്  സ്ഥാനാർഥി വി എൻ വാസവൻ  അവിടേക്ക് എത്തിയത്. അകത്ത് എൽഡിഎഫ് സർക്കാർ സ്ഥാപിച്ച തൊണ്ടുതല്ല് യന്ത്രത്തിൽ ചകിരി ഉല്പാദിപ്പിക്കുന്ന ജോലിയിലാണ് തൊഴിലാളികൾ.  മുറ്റത്ത് അങ്ങിങ്ങായുള്ള ചകിരിക്കൂന കടന്ന് മുന്നോട്ടെത്തിയ വി എൻ വാസവനെ എൺപത്തഞ്ചുകാരി മഹിളാമണി ഹാരമണിയിച്ചു. തൊട്ടുപിന്നാലെ തൊഴിലാളികളും കൂട്ടമായി  എത്തി. വീണ്ടും ചലിച്ചു തുടങ്ങിയ കയർ യന്ത്രങ്ങൾക്കൊപ്പം അവരുടെ ജീവിതവും പുതിയ സ്വപ്നങ്ങൾ നെയ്യുകയാണ്.

ടിവി പുരം പറക്കാട്ടുകുളങ്ങര കയർ വ്യവസായ സഹകരണ സംഘത്തിലേക്ക് എത്തിയ വി എൻ വാസവനെ ഏറെ ആഹ്ലാദത്തോടെയാണ് തൊഴിലാളികൾ എതിരേറ്റത്. കയർ ഫാക്ടറിക്കു സമീപത്തെ ചമ്മംകളം വീട്ടിൽ മഹിളാമണി എത്തിയത് തനിക്ക് മുടങ്ങാതെ കയർ തൊഴിലാളി പെൻഷൻ ലഭിക്കുന്നതിന്റെ സന്തോഷം പങ്കുവയ്ക്കാനാണ്. മാലയിട്ട് സ്വീകരിച്ച വൃദ്ധയെ തന്നോട് ചേർത്തു നിർത്തിയ വാസവനോട് ‘‘ജയിച്ചു വരുമ്പം ഇനീം മാലയിടാം’’ എന്ന വാക്കുകൾ കൊഴിലാളികൾ ഒന്നടങ്കം കരഘോഷത്തോടെ ഏറ്റുവാങ്ങി.

സർക്കാരിന്റെ കയർ പുനരുുദ്ധാരണ പദ്ധതിയുടെ ഭാഗമായി 10 ലക്ഷം രൂപ ചെലവഴിച്ച് സംസ്ഥാനത്ത് ആദ്യമായി ഡീഫൈബറിങ് യൂണിറ്റ് സ്ഥാപിച്ചത് ഇവിടെയാണ്.  ഫാക്ടറിക്ക് അകത്തേക്കു കയറിയ ജനനായകനോട് "ഇതുവരെ അഞ്ച് ലക്ഷം തൊണ്ട് ചകിരിയാക്കി കഴിഞ്ഞതായി' സംഘം സെക്രട്ടറിയും തൊഴിലാളിയുമായ രതിമോൾ പറഞ്ഞു. "ഉല്പാദിപ്പിക്കുന്ന മുഴുവൻ ചകിരിയും സർക്കാർ തന്നെ ഏറ്റെടുക്കുന്നു. തൊഴിലും അതിനൊത്ത  വരുമാനവും ഞങ്ങൾക്കു നൽകിയ സർക്കാരിനൊപ്പമാണ് ഞങ്ങൾ' അവർ പറഞ്ഞു.

ചകിരി ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിച്ച് കയർ വ്യവസായത്തെ രക്ഷിക്കാനുള്ള സർക്കാർ പരിശ്രമം വിജയം വരിക്കുന്നു എന്നതിന്റെ തെളിവായിരുന്നു തൊളിലാളികളുടെ തെളിഞ്ഞ മുഖവും വിടർന്ന പുഞ്ചിരിയും. വൈക്കത്തെ കയർ തൊഴിലാളികൾ നടത്തിയ പോരാട്ടമാണ് കയർ പുനഃസംഘാടനത്തിലേക്കു നയിച്ചത്. തൊഴിലാളികളിൽ ഏറെയും ചെറുപ്പക്കാരികൾ. യന്ത്രവൽകൃത കയർപിരി യൂണിറ്റ് സ്ഥാപിച്ചതോടെ പുതുതലമുറയും തൊഴിൽ തേടി എത്തുന്നു എന്നതിനെ അത് സാക്ഷ്യപ്പെടുത്തി. കമ്പനിയുടെ പ്രവർത്തനവും മറ്റും ചോദിച്ചറിഞ്ഞ സ്ഥാനാർഥി ചുരുങ്ങിയ വാക്കുകളിൽ വോട്ടഭ്യർഥിച്ചു. നിശ്ചലമായി കിടന്ന കയർ ഫാക്ടറികൾ വീണ്ടും ജീവൻ വച്ചുതുടങ്ങിയതിലെ സന്തോഷം അദ്ദേഹം പങ്കുവച്ചു. കയർ വ്യവസായത്തെ രക്ഷിക്കാൻ എൽഡിഎഫ് സർക്കാർ നടത്തിയ ഇടപെടലുകൾ വിശദീകരിച്ച വാസവൻ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യവും ചൂണ്ടിക്കാട്ടി. കയർ വ്യവസായ മേഖലയിലെ പുത്തനുണർവും ഉന്മേഷവും അലയടിക്കുന്നതായിരുന്നു സ്വീകരണങ്ങൾ.

ഞങ്ങൾ ഒന്നടങ്കം കൂടെയുണ്ട്

എൽഡിഎഫ് സ്ഥാനാർഥി വി എൻ വാസവന്റെ വിജയത്തിനായി ഒന്നടങ്കം രംഗത്തിറങ്ങുമെന്ന് ഖാദി തൊഴിലാളികൾ. ഉദയനാപുരം ഖാദി ഉൽപ്പാദന കേന്ദ്രത്തിലെ തൊഴിലാളികളെ സന്ദർശിക്കുകയായിരുന്നു അദ്ദേഹം. തൊഴിലാളികൾ ഒന്നടങ്കം സ്വീകരിച്ചാനയിച്ച അദ്ദേഹത്തെ തൊഴിലാളി യൂണിയൻ നേതാവുകൂടിയായ സുരേഖ മാലയിട്ട് സ്വീകരിച്ചു.

65 ഓളം തൊഴിലാളികൾ പണിയെടുക്കുന്ന ഈ  സംഘം പൂട്ടിപ്പോകേണ്ട സ്ഥിതിയായിരുന്നു. എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷമാണ് ഇന്ന് കാണുന്ന നിലയിലേക്ക് ഈ സംഘം മെച്ചപ്പെട്ടതെന്നും ശമ്പളമടക്കമുള്ള ആനുകൂല്യങ്ങൾ തങ്ങൾക്ക് ലഭിച്ചുതുടങ്ങിയതെന്നും തൊഴിലാളികൾ  പറഞ്ഞു.
പുതുക്കിയ മിനിമം കൂലി ലഭിക്കാൻ ഇടപെടണമെന്ന തൊഴിലാളികളുടെ ആവശ്യം പരിഹരിക്കുമെന്ന് ഉറപ്പുംനൽകി.

എൽഡിഎഫ് സർക്കാർ ഈ മേഖലയിൽ വരുത്തിയ മുന്നേറ്റം അദ്ദേഹം തൊഴിലാളികളുമായി പങ്കുവച്ചു. പൊതുമേഖലാ വ്യവസായങ്ങളെ സംരക്ഷിക്കാനും തൊഴിലാളികൾക്ക് ജീവിക്കാൻ ആവശ്യമായ വരുമാനം ഉറപ്പുവരുത്താൻ സ്വീകരിച്ച നടപടികളും അദ്ദേഹം വിശദീകരിച്ചു. എൽഡിഎഫ് കൂടുതൽ ശക്തിപ്പെടേണ്ടതിന്റെ ആവശ്യകത അടക്കം ചൂണ്ടിക്കാട്ടിയ അദ്ദേഹം ലോക‌്സഭാ തെരഞ്ഞെടുപ്പിൽ പിന്തുണയും അഭ്യർഥിച്ചു.

വി എൻ വാസവന്‌  വൈക്കം  മണ്ഡലത്തിലെ നീർപ്പാറ അസ്സീസി ഹയർ സെക്കൻഡറി ബധിര വിദ്യാലയത്തിൽ നൽകിയ സ്വീകരണം

വി എൻ വാസവന്‌ വൈക്കം മണ്ഡലത്തിലെ നീർപ്പാറ അസ്സീസി ഹയർ സെക്കൻഡറി ബധിര വിദ്യാലയത്തിൽ നൽകിയ സ്വീകരണം

 

ആർത്തിരമ്പി ക്യാമ്പസുകൾ   

എൽഡിഎഫ് സ്ഥാനാർഥി വി എൻ വാസവൻ എത്തിയതോടെ പരീക്ഷാ ചൂടിനെ വെല്ലുന്ന പോരാട്ട ചൂടിലായി കലാലയങ്ങൾ. നേരിന്റെ പൂമരമായി നാട്ടിലാകെ പടർന്നു നിൽക്കുന്ന ജനകീയ നേതാവ് പുതിയ രാഷ്ട്രീയ പോർമുഖം തുറന്നെത്തിയതോടെ ക്യാമ്പസുകൾ ആർത്തിരമ്പി. വിദ്യാർഥി രാഷ്‌ട്രീയത്തിലൂടെ പൊതുരംഗത്തെത്തി സ്വീകാര്യത ആർജിച്ച അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ   ക്യാമ്പസ് യൗവനം കാറ്റു പിടിച്ച തിരമാല പോലെ അലയടിച്ചുയർന്നു.
വൈക്കം മണ്ഡലത്തിലെ കോളേജുകളിലായിരുന്നു വി എൻ വാസവൻ പുതുയുഗത്തിന്റെ തീനാമ്പുകളെ കാണാനെത്തിയത്. യുവജന സമൂഹം ഇടതുപക്ഷത്തെ  ഹൃദയത്തോട് ചേർക്കുന്നു എന്നതിന്റെ നേർസാക്ഷ്യമായിരുന്നു കലാലയങ്ങളിലെ വരവേൽപ്പ്.

കോട്ടയം പാർലമെന്റ്‌ മണ്ഡലം എൽഡിഎഫ്  സ്ഥാനാർഥി വി എൻ വാസവന്‌ തലയോലപ്പറമ്പ്‌ ഡിബി കോളേജിൽ നൽകിയ സ്വീകരണം

കോട്ടയം പാർലമെന്റ്‌ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വി എൻ വാസവന്‌ തലയോലപ്പറമ്പ്‌ ഡിബി കോളേജിൽ നൽകിയ സ്വീകരണം

കൊതവറ സെന്റ് സേവ്യേഴ്സ് കോളേജിലേക്ക് സ്ഥാനാർഥി എത്തുമ്പോൾ അദ്ദേഹത്തെ കാത്തുനിന്ന വിദ്യാർഥികളിൽ ആരവമായി. മുദ്രാവാക്യം വിളികളോടെ കോളേജിലേക്ക് എതിരേറ്റു. വിദ്യാർഥികളോടും അധ്യാപകരോടും ജീവനക്കാരോടും അദ്ദേഹം വോട്ടഭ്യർഥിച്ചു. പ്രിൻസിപ്പാൾ രാജുമോൻ ടി മാവുങ്കൽ സ്ഥാനാർഥിയെ സ്വീകരിച്ചു.  ഓഫീസിൽ ക്രമീകരിച്ചിരിക്കുന്ന എൽഇഡി ടിവിയിൽ വിവിധ പരീക്ഷാ ഹാളിൽ നിന്നുള്ള സിസിടിവി ദൃശ്യം ചൂണ്ടിക്കാട്ടി വിദ്യാർഥികൾക്ക് പരീക്ഷ തുടങ്ങിയ തായി അദ്ദേഹം പറഞ്ഞു. പരീക്ഷ ഇല്ലാത്തവർ പുറത്തുണ്ട്. സർക്കാരിൽ നിന്നും പ്രവർത്തകരിൽ നിന്നും ഒരുപാട് സഹായം ലഭിക്കുന്നുണ്ടെന്നു പറഞ്ഞ അദ്ദേഹം വി എൻ വാസവന് വിജയാശംസയും നേർന്നു.

തലയോലപ്പറമ്പ് ഡി ബി കോളേജിൽ എത്തിയ ജനനായകനെ അദ്ദേഹത്തിന്റെ ചിത്രം പതിച്ച നൂറു കണക്കിന് പ്ലക്കാർഡുകളുമായി എത്തിയാണ് വിദ്യാർഥികൾ വരവേറ്റത്. പെൺകുട്ടികളടക്കം വിജയാശംസയോടെ  പുഷ്പവൃഷ്ടിയോടെയും ഉശിരാർന്ന മുദ്രാവാക്യം വിളികളോടെയും സ്ഥാനാർഥിക്ക് ആവേശോജ്വല സ്വീകരണം  നൽകി. വെൽഫയർ കോളേജ്, ചെമ്മനാകരി നേഴ്സിങ് കോളേജ് എന്നിവിടങ്ങളിലും സ്ഥാനാർഥിക്ക് വൻ സ്വീകരണമാണ് ലഭിച്ചത്.


വോട്ടുബുക്ക്
സ്പെഷ്യല്‍
ഫേക്ക് ഇന്‍ ഇന്ത്യ
ഓര്‍ത്തെടുപ്പ്
വാര്‍ത്തകള്‍