ദിൽ മേം രാജീവ‌് ദില്ലി മേം രാജീവ‌്; അഭിമന്യുവിന്റെ കലാലയത്തിൽ വീരോചിത വരവേൽപ്പ‌്
Tuesday Mar 19, 2019
കൊച്ചി > വിപ്ലവ വിദ്യാർഥി പ്രസ്ഥാനത്തിന്റെ പഴയ അമരക്കാരന‌് അഭിമന്യുവിന്റെ കലാലയത്തിൽ വീരോചിത വരവേൽപ്പ‌്. ധീരസഖാവേ രാജീവേട്ടാ... ധീരതയോടെ നയിച്ചോളൂ... തേരുതെളിച്ചോരു പോരാളി... മുദ്രാവാക്യം വിളികളുമായി ഇരമ്പിയാര്‍ത്താണ‌് രാജകീയ കലാലയം എൽഡിഎഫ‌് സ്ഥാനാർഥി പി രാജീവിനെ സ്വീകരിച്ചത‌്.
ആയിരങ്ങളുടെ മുദ്രാവാക്യം വിളികളുടെ അകമ്പടിയോടെ മഹാരാജാസിന്റെ കവാടത്തില്‍നിന്ന് ചുവന്ന മാലയണിയിച്ച് സ്വീകരിച്ച പി രാജീവിനെ ആദ്യം കൂട്ടിക്കൊണ്ടുപോയത് മഹാരാജാസിന്റെ വിപ്ലവനക്ഷത്രം അഭിമന്യു കുത്തേറ്റുവീണ മണ്ണിലേക്കാണ്. എസ‌്എഫ‌്ഐ പതാകയും സ. പി രാജീവിനെ വിജയിപ്പിക്കുക എന്നെഴുതിയ പ്ലക്കാർഡുകളുമായി നൂറുകണക്കിനു വിദ്യാർഥികൾ രാജീവിനെ അനുഗമിച്ചു.
മഹാരാജാസിന്റെ മതിലില്‍ അഭിമന്യു അവസാനമായി കോറിയിട്ട ‘വര്‍ഗീയത തുലയട്ടെ’ എന്ന ചുവരെഴുത്തിനു മുന്നില്‍നിന്ന് രാജീവ് വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്തു. ഇന്ത്യയിലെ വര്‍ഗീയവിരുദ്ധ പോരാട്ടത്തിന‌് അത്യന്തം ഊര്‍ജംപകരുന്ന മണ്ണാണിതെന്നും അഭിമന്യുവിന്റെ മുദ്രാവാക്യം സാര്‍ഥകമാക്കാനുള്ള പോരാട്ടത്തിന്റെ പ്രതീകമായാണ് താന്‍ ഇവിടെ നില്‍ക്കുതെന്നും പി രാജീവ് പറഞ്ഞപ്പോള്‍ വീണ്ടും മുദ്രാവാക്യം വിളി ഉയര്‍ന്നു.‘പ്രിയസഖാവെ അഭിമന്യു... ധീരസഖാവേ അഭിമന്യു, നിങ്ങളുയര്‍ത്തിയ മുദ്രാവാക്യം ഞങ്ങളീ മണ്ണില്‍ സാര്‍ഥകമാക്കും.’
തുടർന്ന‌് പ്രിൻസിപ്പലിന്റെ ഓഫീസിലേക്കും വിവിധ വകുപ്പുകളിലേക്കും. അധ്യാപകരെയും ജീവനക്കാരെയും കണ്ട‌് വോട്ട് അഭ്യർഥിച്ചു. എസ‌്എഫ‌്ഐ പ്രവര്‍ത്തന കാലത്ത് മഹാരാജാസിലെ ഓരോ ക്ലാസ് മുറികളിലും കയറിയിറങ്ങി പ്രസംഗിച്ച ഓര്‍മകള്‍ രാജീവ് മാധ്യമങ്ങളോട‌് പങ്കുവച്ചു. വിദ്യാർഥികളെ അടുത്തുകണ്ട‌് കുശലാന്വേഷണം, തുടർന്ന‌് സെൽഫിയെടുക്കാൻ എത്തിയവരുടെ ഒപ്പം അൽപ്പനേരം.
തിരികെ കോളേജിന്റെ പ്രധാന കവാടത്തിലേക്ക‌് നീങ്ങുമ്പോൾ ഒരുകൂട്ടം വിദ്യാർഥികൾ ‘ദിൽ മേം രാജീവ‌് ദില്ലി മേം രാജീവ‌്’ എന്നെഴുതിയ ബാനറുയർത്തി മുദ്രാവാക്യം വിളിയുമായി കാത്തുനിൽപ്പുണ്ടായിരുന്നു. അവർ പൂമാലകൾ ചാർത്തി. കൂട്ടത്തിൽ അഭിമന്യുവിനൊപ്പം കുത്തേറ്റ‌് തലനാരിടയ‌്ക്ക‌് ജീവൻ തിരിച്ചുകിട്ടിയ അർജുനുമുണ്ടായിരുന്നു. തുടർന്ന‌് ഗേറ്റിനു പുറത്തെത്തിച്ച‌് വാഹനത്തിൽ കയറ്റിവിട്ടശേഷമാണ‌് മുദ്രാവാക്യംവിളി അവസാനിപ്പിച്ച‌് വിദ്യാർഥികൾ പിരിഞ്ഞത‌്.
ജനങ്ങളുടെ പ്രതികരണം ഏറെ പ്രതീക്ഷ നൽകുന്നത‌്: പി രാജീവ‌്
പ്രചാരണത്തിന്റെ ആദ്യ റൗണ്ട‌് പൂർത്തിയായപ്പോൾ ഏറെ പ്രതീക്ഷ നൽകുന്ന പ്രതികരണമാണ‌് ജനങ്ങളിൽനിന്നു ലഭിക്കുന്നതെന്ന‌് എറണാകുളം മണ്ഡലത്തിലെ എൽഡിഎഫ‌് സ്ഥാനാർഥി പി രാജീവ‌് പറഞ്ഞു. എണാകുളം മഹാരാജാസിലെ പര്യടനശേഷം മാധ്യമങ്ങളോട‌് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലായിടത്തും നല്ല ആവേശമാണ‌് കാണുന്നത‌്. എല്ലാ വിഭാഗം ജനങ്ങളും നല്ല സ‌്നേഹത്തോടെയാണ‌് സമീപിക്കുന്നത‌്. എതിർസ്ഥാനാർഥി ആരെന്നു നോക്കിയല്ല, ഞങ്ങൾക്കെന്തു ചെയ്യാൻ കഴിയും എന്ന‌് പരാമർശിച്ചാണ‌് തെരഞ്ഞെടുപ്പ‌് പ്രവർത്തനത്തിലേർപ്പെടുന്നതെന്ന‌് ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു. മൂന്നര പതിറ്റാണ്ട‌്, ഈ മണ്ണിൽ ആഴത്തിൽ വേരുള്ള എംപിയാണ‌് സ്ഥാനർഥിയെന്നായിരുന്നു ആദ്യം പ്രചാരണം. ഇപ്പോൾ സ്ഥലം എംഎൽഎയാണ‌് മത്സരിക്കുന്നത‌്. ഈ പേരുകളൊക്കെ ഉയർന്ന ഘട്ടത്തിലൊക്കെ അതിനെ പരാമർശിച്ചല്ല, ഈ മണ്ഡലത്തിന്റെ വികസനത്തിന‌് എന്തുചെയ്യാൻ കഴിയും എന്നു പറഞ്ഞായിരുന്നു പ്രചാരണം. ജനങ്ങളിലാണ‌് വിശ്വാസമർപ്പിക്കുന്നത‌്, എന്തെങ്കിലും മുൻവിധികളിലല്ല. ക്രിയാത്മകമായ സർഗസംവാദമാക്കി തെരഞ്ഞെടുപ്പു പോരാട്ടത്തെ മാറ്റുകയാണ‌് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ചേരാനല്ലൂർ നിത്യസഹായമാതാ പള്ളിയിൽ വോട്ടർമാരെ കാണുന്നു
മെട്രോ നഗരത്തിന്റെ സല്യൂട്ട‌്
ജനനേതാവിനെ ഹൃദയത്തിലേറ്റുവാങ്ങി കേരളത്തിന്റെ മെട്രോ നഗരം. യുവതയുടെ സ്വപ‌്നങ്ങൾക്കു നിറവേകിയും തൊഴിലാളികളുടെ അവകാശസംരക്ഷണ പോരാളിയായും നഗരത്തിന്റെ വികസന നായകനായും രണ്ടര പതിറ്റാണ്ടിലധികമായി എറണാകുളത്തെ സജീവ സാന്നിധ്യമായ പി രാജീവിന‌് നഗരത്തിന്റെ ഉജ്വല വരവേൽപ്പ‌്.
കടവന്ത്ര ഗാന്ധിനഗറിലാണ‌് എറണാകുളം മണ്ഡലം എൽഡിഎഫ‌് സ്ഥാനാർഥി പി രാജീവ‌് തിങ്കളാഴ‌്ച പര്യടനം ആരംഭിച്ചത‌്. എസ‌്എഫ‌്ഐ കാലം മുതൽ ഒരുമിച്ചു പ്രവർത്തിച്ചവരടക്കം സ്വീകരണ കേന്ദ്രങ്ങളിലെത്തി. ഓരോ സ്വീകരണ കേന്ദ്രങ്ങളിലും സ്ഥാനാർഥിയെ അടുത്തറിയുന്നവരുടെ നീണ്ടനിര. കുശലം ചോദിച്ചും സുഖവിവരം അന്വേഷിച്ചും പേരെടുത്തു വിളിച്ചും അവരിലൊരാളായി രാജീവ‌് മാറി. രാവിലെ ഗാന്ധിനഗറിൽ സെന്റ് സെബാസ്റ്റ്യൻസ് പള്ളി, മാതാനഗർ പള്ളി എന്നിവിടങ്ങൾ സന്ദർശിച്ചു. മാതാനഗർ സ്‌കൂളിലെ വിദ്യാർഥികളോട് വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. തുടർന്ന‌് ഗാന്ധിനഗർ നിവാസികളെ കണ്ട് വോട്ട് അഭ്യർഥിച്ചു. ബ്രദർ മാവൂരൂസ്, കെഎസ്ഐഡിസി ബോർഡ് അംഗം ഇ എസ് ജോസ്, മരിയറാണി കോൺവെന്റിലെ കന്യാസ്ത്രീകൾ എന്നിവരെ സന്ദർശിച്ചു.
ലിസി ആശുപത്രിയിൽ ഡയറക്ടർ ഫാ. തോമസ് വൈക്കത്തുപറമ്പിൽ രാജീവിനെ സ്വീകരിച്ചു. ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടർന്ന് ആശുപത്രിയിൽ കഴിയുന്ന സിപിഐ എം ആലങ്ങാട് ഏരിയ സെക്രട്ടറി എം കെ ബാബുവിനെയും മറ്റു രോഗികളെയും അടുത്തെത്തി സുഖവിവരങ്ങൾ തിരക്കി. തുടർന്ന് മഹാരാജാസിൽ എത്തിയ രാജീവിനെ വിദ്യാർഥികൾ ഉഷ്മളമായി വരവേറ്റു. അഭിമന്യു സ്‌ക്വയറിലെത്തി അഭിവാദ്യങ്ങളർപ്പിച്ചു.
തുടർന്ന‌് കലൂർ മുസ്ലിം ജമാഅത്ത് പ്രസിഡന്റ് ടി ഇ ബിലാൽ, സെക്രട്ടറി ഒ പി സലാം, നൂറിന്റെ നിറവിൽ നിൽക്കുന്ന സ്വാതന്ത്ര്യ സമരസേനാനി വൈലോപ്പിള്ളി ബാലകൃഷ്ണമേനോൻ, എളമക്കര ജനക്ഷേമ സമിതി അധ്യക്ഷൻ പ്രൊഫ. ഭാസ്‌കരൻനായർ എന്നിവരെ സന്ദർശിച്ചു.
എളമക്കര ശ്രീ നാരായണ ദാർശനിക ഭവൻ, പുതുക്കലവട്ടം മഹാദേവ ക്ഷേത്രം, എളമക്കര ലൂർദ‌് മാതാ പള്ളി എന്നിവിടങ്ങൾ സന്ദർശിച്ച ശേഷം കാശി മഠാധിപതി രാഘവേന്ദ്ര തീർഥ, പ്രസിദ്ധ ഹോമിയോ ഡോക്ടർ സന്നന്റെ മകൾ ഡോ. സി എസ് സുമിത എന്നിവരെ കണ്ടു.
എളമക്കരയിലെ ഓട്ടോ തൊഴിലാളികളും സിഐടിയു പ്രവർത്തകരും പൊന്നാടയണിയിച്ചാണ‌് സ്ഥാനാർഥിയെ വരവേറ്റത‌്. തുടർന്ന് ചേരാനല്ലൂർ ജോസാലയം സ്‌കൂൾ, നിത്യസഹായ മാതാ പള്ളി, സെന്റ് ജെയിംസ് പള്ളി എന്നിവിടങ്ങളിലെത്തിയ രാജീവ് പള്ളിയിലെ നേർച്ച സദ്യക്കായി പച്ചക്കറിയരിയുന്നവരോട് നർമം പങ്കിട്ടും വോട്ടു ചോദിച്ചും ഏറെനേരം ചെലവഴിച്ചു.
എഫ്എംഎം സിസ്റ്റേഴ്‌സ് കോൺവെന്റ്, ചേരാനല്ലൂർ ജുമാ മസ്ജിദ് എന്നിവിടങ്ങളും സന്ദർശിച്ചു. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം എം അനിൽകുമാർ, ഏരിയ സെക്രട്ടറി പി എൻ സീനുലാൽ, സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം പി സി സഞ്ജിത് തുടങ്ങിയവർ രാജീവിനൊപ്പമുണ്ടായി.