വികസനം തൊട്ടറിഞ്ഞ‌് ചാലക്കുടി; അഞ്ച്‌ വർഷംകൊണ്ട്‌ 1750 കോടി

Tuesday Mar 19, 2019

തൃശൂർ > എംപി ഫണ്ടിൽനിന്ന് കൃത്യതയോടെ പണം ചെലവഴിച്ചു എന്നതു മാത്രമല്ല, ഓരോ പദ്ധതിയും സൂക്ഷ‌്മതയോടെ നടപ്പാക്കാനായി എന്നതുമാണ‌് ഇന്നസെന്റിനെ മറ്റ‌് ജനപ്രതിനിധികളിൽനിന്ന‌് വ്യത്യസ‌്തനാക്കുന്നത‌്.  1750 കോടി രൂപയാണ് കഴിഞ്ഞ അഞ്ചാണ്ടായി വികസനത്തിന് മണ്ഡലത്തിൽ ചെലവഴിച്ചത്. വികസനം തൊട്ടറിയാത്ത ഒരിടംപോലും  മണ്ഡലത്തിൽ  കാണാനാകില്ല. ആശുപത്രികൾ, റോഡുകൾ, വിദ്യാലയങ്ങൾ, കുടിവെള്ള–- വൈദ്യുതി പദ്ധതികൾ തുടങ്ങി സർവമേഖലയിലും  വികസനമെത്തിക്കാൻ ഇന്നസന്റ് എന്ന ജനകീയ എംപിക്ക് കഴിഞ്ഞു. ജനമനസ്സറിഞ്ഞ വികസനത്തിനുള്ള അംഗീകാരമാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എല്ലാ കേന്ദ്രങ്ങളിൽനിന്നും എംപിക്ക് ലഭിക്കുന്നത്.

എറണാകുളം, തൃശൂർ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ചാലക്കുടി മണ്ഡലത്തിലെ കൊടുങ്ങല്ലൂർ, കയ്പമംഗലം, ചാലക്കുടി നിയോജകണ്ഡലങ്ങളിൽ വൻ വികസന നേട്ടങ്ങളാണ് അരങ്ങേറിയത്. കൊടുങ്ങല്ലൂരിൽ വെള്ളാങ്കല്ലൂർ–-ചാലക്കുടി റോഡിന് 15 കോടി, അഷ്ടമിച്ചിറ–- വൈന്തല–- അമ്പഴക്കാട് റോഡിന് 10 കോടി, ആറാട്ടുപുഴ–- വെള്ളാങ്കല്ലൂർ റോഡിന് 16 കോടി, നടവരമ്പ്–-കരിങ്ങാച്ചിറ–- മാള റോഡിന് 12 കോടി, കൊടുങ്ങല്ലൂർ ചേരമാൻ മസ്ജിദ് വികസനത്തിന് 25 കോടി എന്നിങ്ങനെ അനുവദിച്ചത് പ്രധാന നേട്ടങ്ങളാണ്.  ഇന്നസെന്റ് പാർലമെന്റിൽ നടത്തിയ അർബുദ വിരുദ്ധ പോരാട്ടം മണ്ഡലത്തിലും ജനശ്രദ്ധനേടി. എംപി മുഖേന തുടങ്ങിയ അഞ്ച‌് മാമോഗ്രാം യൂണിറ്റുകളിലൊന്ന് 70 ലക്ഷം രൂപ ചെലവിൽ കൊടുങ്ങല്ലൂർ താലൂക്കാശുപത്രിയിലാണ്. 41 ലക്ഷം രൂപ ചെലവിൽ ഇവിടെ സൗജന്യ ഡയാലിസിസ് യൂണിറ്റും തുടങ്ങി. ഇതിനകം 4020 പേർക്ക് പ്രയോജനം ലഭിച്ചുകഴിഞ്ഞു. മാള സർക്കാർ ആശുപത്രിയിൽ 30 ലക്ഷം രൂപ ചെലവിൽ എക്സ്റേ പ്ലാന്റ് തുടങ്ങി. മണ്ഡലത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ ഹൈമാസ്റ്റ് ലൈറ്റുകൾ എംപി ഫണ്ടുപയോഗിച്ച് സ്ഥാപിച്ചു.

എംപിയുടെ ഫണ്ടിൽനിന്ന് കോടികളാണ് കയ്പമംഗലം മണ്ഡലത്തിന്റെ വികസനത്തിനായി ലഭിച്ചത്. എടത്തിരുത്തി പഞ്ചായത്തിലെ കടലായിക്കുളം ജലവൈദ്യുത പദ്ധതി, പെരിഞ്ഞനം കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെ മാതൃശിശു വാർഡ് കെട്ടിടം, നിരവധി സ്കൂളുകൾക്ക് ബസ്, കംപ്യൂട്ടറുകൾ, ലൈബ്രറികൾക്ക് ധനസഹായം, പെരിഞ്ഞനം കുറ്റിലക്കടവ് മതിലകം റോഡ്, റോഡുകളുടെ നവീകരണം തുടങ്ങിയവ ഇതിൽപ്പെടുന്നു.

ചാലക്കുടിയിൽ വനത്തിനകത്തെ കുടിയേറ്റ ഗ്രാമമായ പുളിയിലപ്പാറയിൽ എംപിയുടെ 60 ലക്ഷം രൂപ ചെലവഴിച്ച് കുടിവെള്ള പദ്ധതി സാധ്യമാക്കി.  ചാലക്കുടിപ്പുഴയിൽ നിർമിച്ച കൂടപ്പുഴ കൊമ്പൻപാറക്കടവ് തടയണകൾ, മേലൂർ, പരിയാരം എന്നീ പഞ്ചായത്തുകളിലേയും ചാലക്കുടി നഗരസഭയിലേയും കുടിവെള്ള പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കുന്നതിൽ നിർണായകമായി. പ്രളയത്തിൽ തകർന്ന ചാലക്കുടി താലൂക്ക് ആശുപത്രി ദേശീയ നിലവാരത്തിലേക്ക് ഉയർത്തി നവീകരിച്ചു. ആധുനിക സൗകര്യങ്ങളോടുകൂടിയ ബഹുനിലക്കെട്ടിട സമുച്ചയം, 24 മണിക്കൂറും ലഭ്യമാകുന്ന സേവനം, ഇന്നസെന്റ് എംപിയുടെ ഫണ്ടിൽനിന്നും 1.5 കോടി രൂപ  ചെലവഴിച്ച് നിർമിച്ച അർബുദ നിർണയത്തിനുള്ള മാമോഗ്രാം യൂണിറ്റ്, വൃക്ക രോഗികൾക്കാശ്വാസമായി ഡയാലിസിസ് യൂണിറ്റ‌് എന്നിവയടക്കം 50 കോടി രൂപയുടെ വികസനം നടപ്പാക്കി.

ചാലക്കുടി മണ്ഡലത്തിലെ മുഴുവൻ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും നവീകരിച്ചു. മലക്കപ്പാറയിൽ ആരംഭിച്ച ആരോഗ്യ കേന്ദ്രം ആദിവാസി മേഖലയ്ക്ക് ആശ്വാസമായി. കേരളത്തിലാദ്യമായി മൊബൈൽ ക്ലിനിക്ക് ആദിവാസി മേഖലയിൽ നടപ്പാക്കിയത് ചാലക്കുടിയിലാണ്. രാഘവൻ തിരുമുൽപ്പാടിന്റെ സ്മാരകമായി ആധുനിക സൗകര്യങ്ങളോടുകൂടിയ ആയുർവേദ ചികിത്സാ കേന്ദ്രം ആരംഭിക്കാൻ 170 കോടി രൂപ നീക്കിവച്ചു. പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇന്നസെന്റിന്റെ കൃത്യതയോടെയുള്ള ഇടപെടലിന്റെ ഭാഗമായാണ് ചാലക്കുടിയിൽ ഇന്നേവരെ കാണാത്ത വികസന മുന്നേറ്റം സാധ്യമായത്.

മാർ ജോർജ‌് ആലഞ്ചേരിയുടെ അനുഗ്രഹം തേടി
കൊച്ചി

ചാലക്കുടി ലോക‌്സഭാ മണ്ഡലത്തിലെ എൽഡിഎഫ‌് സ്ഥാനാർഥി ഇന്നസെന്റ‌് സിറോ മലബാർ സഭാ മേജർ ആർച്ച‌് ബിഷപ‌് മാർ ജോർജ‌് ആലഞ്ചേരിയെ കണ്ട‌് ആശീർവാദം തേടി. തിങ്കളാഴ‌്ച വൈകിട്ടാണ‌് കാക്കനാട‌് സെന്റ‌് തോമസ‌് മൗണ്ടിലെ അതിരൂപത ആസ്ഥാനത്തെത്തി ഇന്നസെന്റ‌് മേജർ ആർച്ച‌് ബിഷപ്പിനെ കണ്ടത‌്. അദ്ദേഹം തന്നെ, എല്ലാ അനുഗ്രഹങ്ങളും ആശംസകളും അറിയിച്ചതായി ഇന്നസെന്റ‌് പറഞ്ഞു. താൻ രചിച്ച ‘ക്യാൻസർ വാർഡിലെ ചിരി’ പുസ‌്തകം മാർ ആലഞ്ചേരിക്ക‌് സമ്മാനിച്ചു. ‘ഇന്നസെന്റ‌് എന്റെ ഹൃദയത്തിലുണ്ട‌്’ എന്ന‌ു പറഞ്ഞാണ‌് ആർച്ച‌് ബിഷപ‌് ആശംസ അറിയിച്ചത‌്.  കഴിഞ്ഞ തെരഞ്ഞെടുപ്പിലും അദ്ദേഹത്തിന്റെ അനുഗ്രഹം തേടിയിരുന്നു. 

എംപിയാകുന്നതിനുമുമ്പേ തുടങ്ങിയ ഹൃദയബന്ധമാണ‌് തനിക്ക‌് അദ്ദേഹത്തോടുള്ളതെന്നും ഇന്നസെന്റ‌് പറഞ്ഞു.
‘ക്യാൻസർ ചികിത്സ കഴിഞ്ഞ‌് വീട്ടിൽ വിശ്രമിക്കുമ്പോൾ ആലഞ്ചേരി പിതാവ‌് ഇരിങ്ങാലക്കുട അതിരൂപത ബിഷപ‌് മാർ പോളി കണ്ണൂക്കാടനൊപ്പം എന്നെ കാണാനെത്തിയിരുന്നു. അന്ന‌് ഒരു നടൻമാത്രമായിരുന്നു ഞാൻ. എന്തുകൊണ്ടാണ‌് പിതാവ‌്  കാണാനെത്തിയതെന്ന‌് പലവട്ടം ആലോചിച്ചിട്ടുണ്ട‌്.

അന്നത്തെ കൂടിക്കാഴ‌്ചയുടെ പടം ‘ക്യാൻസർ വാർഡിലെ ചിരി’ എന്ന പുസ‌്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട‌്. അത‌് അദ്ദേഹത്തെ കാണിച്ചുകൊടുക്കുകയും ചെയ‌്തു. പുസ‌്തകം ഇറ്റാലിയൻ ഭാഷയിലേക്ക‌് പരിഭാഷപ്പെടുത്തിയ കാര്യം പറഞ്ഞപ്പോൾ പരിഭാഷ കാണാൻ ബിഷപ‌് താൽപ്പര്യം പ്രകടിപ്പിച്ചു’ –-  ഇന്നസെന്റ‌് പറഞ്ഞു.

ചരിത്രം തിരുത്തി വികസന പാലം
സന്തോഷ‌് ബാബു
തിരുവാണിയൂർ
‘പേടിയായിരുന്നു അടിയാക്കത്തോട്. ഒരു ചെറിയ മുളപ്പാലമായിരുന്നു തോടിനുമുകളിൽ. ആഴമുള്ള തോട്. കണ്ണ്  തെറ്റിയാൽ, ശ്രദ്ധയൊന്ന് പാളിപ്പോയാൽ...’ അടിയാക്കൽ പാലത്തിന‌ുസമീപമുള്ള എഴുപത്തൊമ്പതുകാരൻ ആറ്റുപുറത്ത് കളപ്പുരയ്ക്കയിൽവീട്ടിൽ പരമേശ്വരൻനായർ  ഓർത്തെടുത്തു; രണ്ട‌് ദേശങ്ങളുടെ തലയിലെഴുത്ത് മാറ്റിമറിച്ച ഒരു പാലത്തിന്റെ പഴയ കാലത്തെക്കുറിച്ച്. ചോറ്റാനിക്കര, തിരുവാണിയൂർ ദേശക്കാർ അടിയാക്കത്തോട‌്  കടക്കാൻ വഴിയില്ലാതെ പ്രയാസപ്പെട്ടിരുന്ന കാലം. 

ചോറ്റാനിക്കര ക്ഷേത്രത്തിൽനിന്ന‌് ‌തിരുവാണിയൂർ പഞ്ചായത്തിലെ വെണ്ണിക്കുളത്തേക്കും മുരിയമംഗലം നരസിംഹസ്വാമി ക്ഷേത്രത്തിലേക്കും നീളുന്ന ചോറ്റാനിക്കര–-വെണ്ണിക്കുളം -റോഡ് ഇടവഴിയിൽനിന്ന‌് ടാർറോഡായിട്ടും പാലം ഇല്ലാത്തതിനാൽ 20 വർഷമായി വാഹനഗതാഗതം സാധ്യമായിരുന്നില്ല. ജലസേചനവകുപ്പ‌് പണിത ചെറിയൊരു സിമെന്റ‌് സ്ലാബിലൂടെ കഷ്ടിച്ച് ഇരുചക്രവാഹനം പോകും.

ഒടുവിൽ 2017ൽ ഇന്നസെന്റ‌് എംപി തിരുവാണിയൂർ പഞ്ചായത്ത് സന്ദർശിച്ചതോടെയാണ് അടിയാക്കൽ പാലം യാഥാർഥ്യമായത്.  ‘ഇവിടെ ഇങ്ങനെയൊരു പാലം വരുമെന്ന് സ്വപ്നത്തിൽ വിചാരിച്ചില്ല.  ഈ പാലം തന്ന ഇന്നസെന്റ‌് എംപിക്ക‌് എത്ര നന്ദിപറഞ്ഞാലും മതിയാകില്ല’  ഓട്ടോറിക്ഷത്തൊഴിലാളി കാനാംകുന്നത്ത് രമണന്റെ ഹൃദയത്തിൽനിന്ന‌് വീണ വാക്കുകൾ.

എംപിയുടെ ഇച്ഛാശക്തി  സർക്കാർ പദ്ധതിയുടെ നിയമാവലിയിൽത്തന്നെ ഭേദഗതി വരുത്തിച്ചതിന്റെ കഥകൂടിയാണിത‌്.  ‘ഇന്നസെന്റ‌് എംപി പഴയ റോഡ് കോൺട്രാക്ടറെ വിളിച്ചുവരുത്തി സംസാരിച്ച് ഒരു യോജിപ്പിലെത്തിച്ചു. പാലം എംപി പണിത‌് തരാമെന്ന് ഞങ്ങൾക്ക്  ഉറപ്പും നൽകി.’–- തിരുവാണിയൂർ പഞ്ചായത്ത് പ്രസിഡന്റ‌് കെ സി പൗലോസ് പറഞ്ഞു.

അപ്പോഴും അതെങ്ങനെ നടക്കുമെന്ന് അവർ ആശങ്കപ്പെട്ടു. കാരണം പ്രധാനമന്ത്രി ഗ്രാമീൺ സഡക് യോജന പദ്ധതിപ്രകാരം റോഡുമാത്രമേ പണിയാൻ കഴിയുമായിരുന്നുള്ളൂ. പാലം പണിയാൻ വകുപ്പുണ്ടായിരുന്നില്ല. എന്നിട്ടും പക്ഷേ എംപി ഡൽഹിയിൽ  വേണ്ട നീക്കങ്ങൾ നടത്തി. നിരവധി ഓഫീസുകൾ കയറിയിറങ്ങി പ്രത്യേക അനുമതി വാങ്ങി. അങ്ങനെ ഇന്ത്യയിൽ ആദ്യമായി പിഎംജിഎസ്‌വൈ  പദ്ധതിയിൽ ഒരു പാലം പണിതെടുത്തു. രണ്ടു നാടുകൾക്കുവേണ്ടിയുള്ള എംപിയുടെ ദൃഢനിശ്ചയത്തിനുമുന്നിൽ ഒരു സർക്കാർ സ്കീംതന്നെ തിരുത്തപ്പെട്ടു. 17. 62 മീറ്റർ നീളവും 8.30 മീറ്റർ വീതിയുമുള്ള ഈ പാലം 2,52,59,959 രൂപയുടെ പദ്ധതിയായിരുന്നു. ‘പ്രളയം വന്ന് രണ്ടുമാസം പണി മുടങ്ങിയിട്ടും പറഞ്ഞ സമയത്തുതന്നെ പണി പൂർത്തിയായി.’–- പാലത്തിന് തൊട്ടടുത്ത് താമസിക്കുന്ന മത്തോക്കിൽവീട്ടിൽ തമ്പി പറയുന്നു.

പുത്തൻകുരിശ്, കോലഞ്ചേരി, വെണ്ണിക്കുളം പ്രദേശങ്ങളിൽനിന്ന‌് ചോറ്റാനിക്കര, മുളന്തുരുത്തി, കോട്ടയം ഭാഗങ്ങളിലേക്കുള്ള ദൂരത്തിൽ നാലു കിലോമീറ്ററുകൾ ലാഭിക്കാമെന്നതുമാത്രമല്ല, അതിരൂക്ഷമായ ഗതാഗതതടസ്സം നേരിടുന്ന തിരുവാങ്കുളം ഒഴിവാക്കി പോകാമെന്നതിനാൽ ഒരുമണിക്കൂറോളം ലാഭിക്കാം. ടാറ്റാ ആശുപത്രി, പടിയാർ ഹോമിയോ മെഡിക്കൽ കോളേജ്, പാലിയേറ്റീവ് സെന്റർ, ചോറ്റാനിക്കര സർക്കാർ സ്കൂൾ, ജയഭാരത് കോളേജ്, സെന്റ‌് പീറ്റേഴ്സ് കോളേജ് തുടങ്ങിയ ഇടങ്ങളിലേക്കുള്ള നൂറുകണക്കിന് രോ​ഗികൾക്കും വിദ്യാർഥികൾക്കും ഈ പാലം നൽകുന്ന ആശ്വാസം ചെറുതൊന്നുമല്ല.

ഇന്നസെന്റ് നടൻ മാളഅരവിന്ദന്റെ കുടുംബത്തെ സന്ദർശിക്കുന്നു

ഇന്നസെന്റ് നടൻ മാളഅരവിന്ദന്റെ കുടുംബത്തെ സന്ദർശിക്കുന്നു


വോട്ടുബുക്ക്
സ്പെഷ്യല്‍
ഫേക്ക് ഇന്‍ ഇന്ത്യ
ഓര്‍ത്തെടുപ്പ്
വാര്‍ത്തകള്‍