32 വർഷങ്ങൾക്കുശേഷവും മായാത്ത ഓർമയായി ടി കെ രാമകൃഷ്ണന്റെ ചുവരെഴുത്ത‌്

Wednesday Mar 20, 2019

കുമരകം> പൊതുസ്ഥലങ്ങളിൽ സ്ഥാനാർഥിയുടെ പരസ്യം പാടില്ലെന്ന നിയമം വരുന്നതിനുമുമ്പുള്ള ഒരു ചുമർ പരസ്യം ഇന്നും മായാതെ നിലനിൽക്കുന്നു. ഒരു തെരഞ്ഞെടുപ്പ‌് ഓർമ. വെയിലിനെയും മഴയെയും അതിജീവിക്കുന്ന ഈടുറ്റ പെയിന്റുകൊണ്ടല്ല എഴുത്ത‌്. വെറും കുമ്മായം കുഴച്ചായിരുന്നു. ആ അക്ഷരങ്ങൾ 32 വർഷങ്ങൾക്കുശേഷവും  മിഴിവോടെ നിലനിൽക്കുന്നു. 1987ൽ ഇടതുമുന്നണി സ്ഥാനാർഥിയായി കോട്ടയം അസംബ്ലി നിയോജക മണ്ഡലത്തിൽ മത്സരിച്ച ടി കെ രാമകൃഷ്ണന് അരിവാൾ ചുറ്റിക നക്ഷത്ര ചിഹ്നത്തിൽ വോട്ട് ചെയ്യണമെന്ന ചുവരെഴുത്താണ് ഇന്നും മായാതെ  നിലനിൽക്കുന്നത്. കുമരകം ജെട്ടിപ്പാലത്തിലെ ചുവരിലാണ‌് സ്ഥാനാർഥി ഓർമയായിട്ടും  ഒളിമങ്ങാതെ സ്ഥിതി ചെയ്യുന്നു ഈ പ്രചാരണ ചുവരുകൾ.
 
കുമരകം ജെട്ടി പാലത്തിന്റെ ഇരുവശങ്ങളിലും എഴുതിയ ചുവരെഴുത്തിൽ കിഴക്കുവശത്തേതാണ് പിന്നീട് പല തെരഞ്ഞെടുപ്പുകൾ കഴിഞ്ഞിട്ടും വെയിലും മഴയും മാറിമറഞ്ഞിട്ടും മായാതെയുളളത‌്. നീലയും കറുപ്പും നിറങ്ങൾ ചാലിച്ച് വെള്ള കുമ്മായത്തിൽ എഴുതിയതാണീ ചുവർപരസ്യം. പാലത്തിന്റെ കൈവരികളിൽ കയർ കെട്ടി പലകയിൽ ഇരുന്ന് സാഹസികമായിട്ടായിരുന്നു എഴുത്ത‌്.  സിപിഐക്കാരനായ ആപ്പിത്ര സുഗുണനാണ് ചുവരെഴുതിയത്
 
1991 ലും 96 ലും ടി കെ രാമകൃഷ്ണനും ഇടതുമുന്നണിക്കും ഈ ചുവരെഴുത്ത് മാറ്റേണ്ടി വന്നില്ല.  പാലത്തിന്റെ പടിഞ്ഞാറുവശത്തെ ചുവരെഴുത്ത് മറ്റു പരസ്യങ്ങൾക്കു വഴിമാറിയെങ്കിലും കാലം മായ്ക്കാത്ത ഓർമയായി  ടി കെ യുടെ ഈ ചുവരെഴുത്തു മിഴിവോടെ ഇന്നും ഇവിടെ നിൽക്കുന്നു.

 


വോട്ടുബുക്ക്
സ്പെഷ്യല്‍
ഫേക്ക് ഇന്‍ ഇന്ത്യ
ഓര്‍ത്തെടുപ്പ്
വാര്‍ത്തകള്‍