കുതിക്കാൻ തയ്യാറെടുത്ത‌് എൽഡിഎഫ‌് ; പൊതുപര്യടനം 23 മുതൽ
Wednesday Mar 20, 2019
തിരുവനന്തപുരം> ഒറ്റക്കെട്ടായ സ്ഥാനാർഥി നിർണയത്തിലൂടെ പ്രചാരണത്തിന്റെ അടുത്ത ഘട്ടത്തിലേക്ക‌് എൽഡിഎഫ‌് കടന്നു. ഗ്രൂപ്പ‌് തർക്കവും സീറ്റിന‌് വേണ്ടിയുള്ള പിടിവലിയും മൂലം യുഡിഎഫിലും എൻഡിഎയിലും അസ്വസ്ഥത പുകയുന്നു. രാഷ്ട്രീയ, വികസനവിഷയങ്ങൾ മുന്നോട്ടുവച്ച‌് എൽഡിഎഫ‌് പ്രചാരണത്തിൽ ബഹുദൂരം മുന്നിലാണ‌്.
എൽഡിഎഫ‌് സ്ഥാനാർഥികൾ ജനങ്ങൾക്കുമുന്നിലെത്തിയിട്ട‌് പത്ത‌് ദിവസത്തിലേറെയായി. പാർലമെന്റ‌്, അസംബ്ലി മണ്ഡലം കൺവൻഷനുകൾ പൂർത്തിയായി. മേഖലാ, ബൂത്ത‌് തല കൺവൻഷനുകൾ രണ്ട‌് ദിവസത്തിനകം പൂർണമാവും.
പൊതുപര്യടനം 23 മുതൽ
എൽഡിഎഫ‌് സ്ഥാനാർഥികളുടെ ആദ്യഘട്ട പൊതുപര്യടനം 23ന‌് തുടങ്ങും. ഇക്കുറി മൂന്നുഘട്ടമായാണ‌് പര്യടനം. ബൂത്ത‌് അടിസ്ഥാനത്തിലുള്ള കുടുംബയോഗങ്ങളും ഉടൻ തുടങ്ങും. വോട്ടർമാരെ നേരിൽകണ്ട‌് സ്ഥാനാർഥികൾ മുന്നേറുകയാണിപ്പോൾ. 20 മണ്ഡലം കൺവൻഷനുകളിലും വൻജനപങ്കാളിത്തമായിരുന്നു. സ‌്ത്രീകളുടെ പങ്കാളിത്തവും ശ്രദ്ധേയമാണ‌്. ദേശീയ രാഷ്ട്രീയ വിഷയങ്ങളും കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളും, കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നയങ്ങളിലെ വ്യത്യാസവും വിശദീകരിച്ചാണ‌് പ്രചാരണം. ബിജെപിക്കും കോൺഗ്രസിനും എതിരായ രാഷ്ട്രീയ നിലപാടിനും, ഇടതുപക്ഷം എന്തുകൊണ്ട‌് നിർണായക ശക്തിയാകണമെന്ന‌് സ്ഥാപിക്കുന്ന വാദമുഖങ്ങൾക്കും ജനങ്ങളിൽ വൻസ്വീകാര്യതയാണ‌് ലഭിക്കുന്നതെന്ന‌് എൽഡിഎഫ‌് കൺവീനർ എ വിജയരാഘവൻ പറഞ്ഞു. ഏപ്രിൽ ഒന്നു മുതൽ ഇടതുപക്ഷ ദേശീയ നേതാക്കളും സംസ്ഥാന നേതാക്കളും പ്രചാരണ രംഗത്ത‌് സജീവമാകും. എല്ലാ മണ്ഡലങ്ങളിലെയും പ്രവർത്തനാവലോകം മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ എന്നിവരുടെ സാന്നിധ്യത്തിൽ നടക്കുന്നു.
ലീഗ്‐എസ്‌ഡിപിഐ സഖ്യം
ചില മാധ്യമങ്ങൾ യുഡിഎഫിന‌് പ്രതീക്ഷ പകരാൻ വിഫലശ്രമം നടത്തിയെങ്കിലും സ്ഥാനാർഥി നിർണയത്തിൽ അരങ്ങേറിയ അന്തർ നാടകങ്ങളും തർക്കവും ജനങ്ങളിൽ അവമതിപ്പുണ്ടാക്കി. ദേശീയ രാഷ്ട്രീയ വിഷയങ്ങളിലേക്ക‌് ഇതുവരെ പ്രവേശിക്കാൻ കോൺഗ്രസിനായിട്ടില്ല. മുന്നണി എന്നനിലയിൽ മുന്നോട്ടുവരാൻ യുഡിഎഫിനും കഴിഞ്ഞിട്ടില്ല. മുസ്ലിംലീഗിന‌് മുമ്പെങ്ങുമില്ലാത്ത വിധംആത്മവിശ്വാസം ചോർന്നതിന്റെ തെളിവാണ‌് എസ‌്ഡിപിഐയുമായി നടത്തിയ രഹസ്യ ചർച്ച.
തീവ്രവാദ സംഘടനകളുമായി സന്ധി ചെയ്യാനാണ‌് ലീഗും കോൺഗ്രസും അവസരം പാർത്തിരിക്കുന്നതെന്ന‌് ഇതിനകം ബോധ്യമായി. സ്ഥാഡനാർഥി നിർണയത്തിൽ നടക്കുന്ന പിടിവലി ബിജെപിയിലെ ജീർണതയാണ‌് വെളിപ്പെടുത്തുന്നത‌്. ഭൂരിപക്ഷം മണ്ഡലത്തിലും കാര്യമായ പ്രകടനം കാഴ‌്ച വയ‌്ക്കാനാകില്ലെന്ന‌് ബോധ്യമാണെങ്കിലും സീറ്റിന‌് വേണ്ടിയുള്ള കടിപിടിക്ക‌് പിന്നിൽ ലക്ഷ്യം മറ്റു പലതാണ‌്. ഒരുകേന്ദ്രമന്ത്രി തന്നെ സീറ്റിനുവേണ്ടി നേതൃത്വത്തോട‌് യാചിക്കുകയാണ‌്.
സംസ്ഥാന സർക്കാരിനുള്ള ജനപിന്തുണ വ്യക്തം
സംസ്ഥാന സർക്കാരിന്റെ പ്രവർത്തനം ജനങ്ങളിലുണ്ടാക്കിയിട്ടുള്ള മതിപ്പ‌് പ്രചാരണത്തിൽ പ്രകടമാണ‌്. സർക്കാരിന്റെ രാഷ്ട്രീയ നിലപാടിനുള്ള ജനപിന്തുണയ‌്ക്കുള്ള സാക്ഷ്യപത്രമാണ‌് കൺവൻഷനുകളിലെ പങ്കാളിത്തം.