ബംഗാളിൽ ഇടതുമുന്നണി 38 മണ്ഡലങ്ങളിലേക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു
Wednesday Mar 20, 2019
കൊൽക്കത്ത> ബംഗാളിൽ ഇടതുമുന്നണി ഒറ്റയ്ക്ക് മത്സരിക്കും. തൃണമൂൽ ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതെ ജനാധിപത്യ മതേതര കക്ഷികള്‍ യോജിച്ച് തെരഞ്ഞെടുപ്പിനെ നേരിടാന്‍ നടത്തിയ ശ്രമം പരാജപ്പെട്ടതിനെ തുടര്‍ന്ന‌് ഇടതുമുന്നണി ചൊവ്വാഴ്ച 13 മണ്ഡലങ്ങളിലേക്ക് കൂടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ആകെയുള്ള 42 സീറ്റുകളിൽ 38 ഇടത്തെ സ്ഥാനാര്‍ത്ഥികളെയാണ് ഇതുവരെ പ്രഖ്യാപിച്ചത്.
കഴിഞ്ഞ തവണ ഇടതുമുന്നണിയും കോൺഗ്രസും ജയിച്ച മണ്ഡലങ്ങളിൽ പരസ്പരം മത്സരിക്കില്ലെന്ന ധാരണ ലംഘിച്ച് കോൺഗ്രസ് സിപിഐ എം ജയിച്ച റായ്ഗഞ്ച‌്, മൂര്‍ഷിദാബാദ് ഉള്‍പ്പടെ 11 സീറ്റുകളിലേക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ഇടതു മുന്നണി കൂടുതൽ സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. ധാരണ പ്രകാരം കോൺഗ്രസ് ജയിച്ച ബഹരാംമ്പൂര്‍, ജാലംഗി, ഉത്തര മാള്‍ദ, ദക്ഷിണ മാള്‍ദ എന്നീ മണ്ഡലങ്ങിൽ സ്ഥാനാര്‍ത്ഥികളെ ഇടതുമുന്നണി ഇതുവരെ പ്രഖ്യാപിച്ചിട്ടിണ്ട‌്.
ജനാധിപത്യ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ നീക്കു പോക്കിന് കോൺഗ്രസ് തയ്യാറായാൽ തങ്ങള്‍ ഇപ്പോഴും തയ്യാറാണെന്ന‌് ഇടതുമുന്നണി ചെയര്‍മാന്‍ ബിമന്‍ ബസു പട്ടിക പ്രസീദ്ധീകരിച്ചതിനു ശേഷം പറഞ്ഞു. അതിനാലാണ് കോൺഗ്രസിന്റെ നിലവിലെ സീറ്റുകള്‍ ഒഴിച്ചിട്ടിരിക്കുന്നത്. വിട്ടുവീഴ്ചയില്ലാത്ത യാഥാര്‍ത്ഥ്യത്തിന് നിരക്കാത്ത അവകാശവാദം കോൺഗ്രസ് ഉന്നയിക്കുന്നതാണ് ധാരണ തകരാന്‍ കാരണം.
ഇടതുമുന്നണി പ്രഖ്യാപിച്ച 38 സ്ഥാനാര്‍ത്ഥികളിൽ 29 പേര്‍ സിപിഐ എമ്മിന്റേതാണ്. ഘടക കക്ഷികളായ സിപിഐ, ആര്‍എസ്പി ,ഫോര്‍വേഡ് ബ്ലോക്ക് എന്നിവര്‍ മൂന്നു സീറ്റുകളിൽ വീതവും മത്സരിക്കും. സിപിഐ എം പോളിറ്റ‌് ബ്യൂറോയംഗം മുഹമ്മദ് സലിം റായഗഞ്ചിൽ വീണ്ടും ജനവിധി തേടും. കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ഡോക്ടര്‍ രാമചന്ദ്ര ഡോം ബോള്‍പ്പൂരിലും അമിയ പത്ര ബാങ്കുറയിലും മത്സരിക്കും.
ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കനികാ ഘോഷ് ഉത്തര കൊൽക്കത്തയിൽ നിന്ന‌് ജനവിധി തേടും. ആദിവാസി മഹിളാ നേതാവും സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗവുമായ ദേബ്ലിനാ ഹേംറാം ജാര്‍ഗ്രാമിൽ സ്ഥാനാര്‍ത്ഥിയാണ്. ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളിൽ 6 പേര്‍ വനിതകളാണ്. നിരവധി ചെറുപ്പക്കാരും പട്ടിയിലുണ്ട‌്.