ആധിപത്യമുറപ്പിച്ചും ആവേശംവിതറിയും വികസന നായകൻ ജോയ്സ് ജോർജ്
Wednesday Mar 20, 2019
കട്ടപ്പന> കാർഷിക– തോട്ടം മേഖലയിൽ ആധിപത്യമുറപ്പിച്ചും ആവേശംവിതറിയും വികസന നായകൻ ജോയ്സ് ജോർജിന്റെ സന്ദർശനം. ചൊവ്വാഴ്ച രാവിലെ എട്ടിന് മാട്ടുക്കട്ടയിൽ നിന്നായിരുന്നു തുടക്കം. ആരാധനാലയങ്ങൾ, സാമുദായിക സംഘടനാ ഓഫീസുകൾ, തൊഴിലാളി ലയങ്ങൾ എന്നിവിടങ്ങളിലെല്ലാം സന്ദർശനം നടത്തി.
ഇ എസ് ബിജിമോൾ എംഎൽഎ, പീരുമേട് അസംബ്ലി മണ്ഡലം സെക്രട്ടറി ആർ തിലകൻ, ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോർഡ‌് ചെയർമാൻ പി എസ‌് രാജൻ, സിപിഐ ജില്ലാ എക്സിക്യൂട്ടീവ‌് അംഗം ജോസ് ഫിലിപ്പ്, പഞ്ചായത്ത് പ്രസിഡന്റ് എ എൽ ബാബു എന്നിവരുടെ നേതൃത്വത്തിലാണ‌് രാവിലെ എൽഡിഎഫ‌് സ്ഥാനാർഥി ജോയ‌്സ‌് ജോർജിനെ സ്വീകരിച്ചത‌്.
ഉപ്പുതറ പഞ്ചായത്തിലെ വ്യാപാരികൾ, ഓട്ടോ ടാക‌്സി ചുമട്ടുതൊഴിലാളികൾ, തൊഴിലുറപ്പ‌് തൊഴിലാളികൾ എന്നിവരെ നേരിൽകണ്ട് വോട്ട് അഭ്യർഥിച്ചു. പിന്നീട‌് ഏലപ്പാറ, പീരുമേട്, കൊക്കയാർ, പെരുവന്താനം പഞ്ചായത്തുകളിൽ സന്ദർശനം നടത്തി.
വൻ ജനാവലിയാണ‌് സ്ഥാനാർഥിയുടെ വരവറിഞ്ഞ‌് സ്വീകരണകേന്ദ്രങ്ങളിൽ കാത്തുനിന്നത്. സന്ദർശനത്തിന്റെ ഭാഗമായി കുട്ടിക്കാനം, പാമ്പനാർ, പീരുമേട‌് എന്നിവിടങ്ങളിലെ പൊതു ചടങ്ങുകളിലും സ്ഥാനാർഥിയെത്തി. പാതയോരങ്ങളിൽ കാത്തുനിന്നിരുന്ന സ്ത്രീകളും കുട്ടികളുമടങ്ങുന്ന ചെറു സംഘങ്ങളുമായി വോട്ട് അഭ്യർഥിച്ചും ക്ഷേമാന്വേഷണങ്ങൾ നടത്തിയുമാണ‌് മുന്നോട്ടുനീങ്ങിയത്. പീരുമേട് മണ്ഡലത്തിലെ കുമളി ഒഴികെ എട്ട് പഞ്ചായത്തുകളും എൽഡിഎഫാണ‌് ഭരിക്കുന്നത്.
പഞ്ചായത്തുകളിലെ സന്ദർശനത്തിൽ ഉടനീളം ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടെ സാന്നിധ്യം ദൃശ്യമായിരുന്നു. കഴിഞ്ഞ വർഷം 7000 വോട്ടിന്റെ ഭൂരിപക്ഷമാണ‌് ജോയ‌്സ‌് ജോർജിന‌് മണ്ഡലത്തിൽനിന്നും ലഭിച്ചത്.
സ്വദേശി ദർശൻ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി 99 കോടി രൂപ അനുവദിപ്പിച്ച് നിർമാണം പൂർത്തീകരിച്ച വാഗമൺ ടൂറിസം കേന്ദ്രത്തിലും ജോയ്സ‌് ജോർജ് സന്ദർശനം നടത്തി ജീവനക്കാരോട‌് വോട്ട് അഭ്യർഥിച്ചു.
പീരുമേടിന്റെ ടൂറിസം സാധ്യതകൾ മുന്നോട്ട് കൊണ്ടുപോകും
ഇടുക്കി
പീരുമേടിൻറെ ടൂറിസം സാധ്യതകൾ ഇനിയും മുന്നോട്ടുകൊണ്ടുപോകുമെന്ന് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി അഡ്വ. ജോയ്സ് ജോർജ് പറഞ്ഞു. പീരുമേട്ടിലെ വിവിധ കേന്ദ്രങ്ങളിൽ വോട്ടർമാരോട് സംവദിക്കുകയായിരുന്നു സ്ഥാനാർഥി. ടൂറിസം കേന്ദ്രങ്ങളാൽ സമ്പന്നമാണ് പീരുമേട് മണ്ഡലം. കേന്ദ്ര സ്വദേശി ദർശൻ ടൂറിസം പദ്ധതിയിൽ 99 കോടി അനുവദിപ്പിച്ചാണ് വാഗമൺ ടൂറിസം പദ്ധതി നിർമാണം പൂർത്തിയാക്കിയത്. 5.5 കോടി ചെലവിൽ പീരുമേട് എക്കോലോഗും നിർമാണം പൂർത്തിയായി വരികയാണ്. തേക്കടിയും പരുന്തുംപാറയും പാഞ്ചാലിമേടും കുട്ടിക്കാനവും അണക്കരയും ഉൾപ്പടെ പീരുമേട്ടിലെ ടൂറിസം കേന്ദ്രങ്ങളെ സംയോജിപ്പിച്ചുകൊണ്ടുള്ള ടൂറിസം ക്ലസ്റ്റർ പദ്ധതിക്ക് രൂപം നൽകും. മലയോര ഹൈവേയുടെ ഭാഗമായി പുളിയൻമല മുതൽ ചപ്പാത്ത് വരെ റോഡ് നവീകരണം ഉടൻ ആരംഭിക്കാൻ കഴിയും സെൻട്രൽ റോഡ് ഫണ്ടിൽ നിന്നും 16 കോടി അനുവദിപ്പിച്ച ഏലപ്പാറ കൊച്ചുകരുന്തരുവി ഉപ്പുതറ റോഡിന്റെ ടെണ്ടർ നടപടികൾ പൂർത്തിയായി വരികയാണ്.
മുണ്ടക്കയം മുതൽ കുമളി വരെയുള്ള പാതയുടെ നവീകരണം അന്തിമഘട്ടത്തിലാണ്. കൊക്കയാർ, പെരുവന്താനം, അണക്കര, വണ്ടിപ്പെരിയാർ, കുമളി, അയ്യപ്പൻകോവിൽ പഞ്ചായത്തുകളിലായി പിഎംജിഎസ‌് വൈയിൽ ഉൾപ്പെടുത്തി 22 കോടിയുടെ ഗ്രാമീണ റോഡുകളും നിർമാണം പൂർത്തീകരിച്ചിട്ടുണ്ട‌്.
പളനി ശബരിമല തീർഥാടന ഹൈവേയുടെ ഭാഗമായി വരുന്ന അയ്യപ്പൻകോവിൽ, ഏലപ്പാറ, പീരുമേട്, പെരുവന്താനം പഞ്ചായത്തുകൾക്ക് വികസനരംഗത്ത് കൂടുതൽ മുന്നോട്ട് പോകാൻ കഴിയുമെന്നും ജോയ്സ് ജോർജ് പറഞ്ഞു.