നെഹ‌്റുകോളേജിൽ കെ പി സതീഷ‌് ചന്ദ്രനെ സ്വീകരിക്കാൻ പഴയ സതീർഥ്യരും

Wednesday Mar 20, 2019

കാഞ്ഞങ്ങാട‌്> പടന്നക്കാട‌് നെഹ‌്റുകോളേജിൽ കെ പി സതീഷ‌് ചന്ദ്രൻ എത്തുന്നതും കാത്തുനിൽക്കുകയായിരുന്നു  പഴയ സതീർഥ്യർ. രാഷ്ട്രീയമായി ഭിന്നത പുലർത്തുന്നവർ, പഴയ സംഘടനാപ്രവർത്തകർ, വ്യത്യസ‌്ത വീക്ഷണമുള്ളവർ അവർക്കെല്ലാം പഴയ സഹപാഠിയുടെ കഴിവിലും സത്യസന്ധമായ രാഷ്ട്രീയ പ്രവർത്തനത്തിലും മതിപ്പ‌്. രാഷ്ട്രീയമായ എതിരഭിപ്രായമുള്ളവർക്കും പാർലമെന്റിൽ എത്തേണ്ടത‌് സതീഷ‌്ചന്ദ്രനാണെന്ന കാര്യത്തിൽ എതിരഭിപ്രായമില്ല.  ക്യാമ്പസിലെ കൂടിച്ചേരൽ  പഴയ വിദ്യാർഥി ജീവിതത്തിലേക്കുള്ള ആവേശം നിറഞ്ഞ തിരിച്ചുനടത്തമായി.
 
തെരഞ്ഞെടുപ്പ‌ിൽ കെട്ടിവയ‌്ക്കാനുള്ള തുകയും സഹപാഠികളുടെ വകയായി നൽകി. നെഹ‌്റുകോളേജിൽനിന്ന‌് ആദ്യമായി നിയമസഭയിലെത്തിയ ജനപ്രതിനിധിയെന്ന ഖ്യാതി  സതീഷ‌്ചന്ദ്രനാണ‌്. ആദ്യമായി പാർലമെന്റിലെത്തുന്നതും സതീഷ‌്ചന്ദ്രനായിരിക്കുമെന്ന‌്  പൂർവവിദ്യാർഥികൾക്കും വിദ്യാർഥികൾക്കും ഉറപ്പ‌്. സതീഷ‌്ചന്ദ്രന‌് ശേഷം എം രാജഗോപാലനും നെഹ‌്റു കോളേജ‌് ക്യാമ്പസ‌ിൽ നിന്ന‌് നിയമ സഭയിലെത്തി. വലിയ ഭൂരിപക്ഷത്തിന‌് സതീഷ‌്ചന്ദ്രനെ വിജയിപ്പിക്കാൻ എല്ലാവരും  പ്രവർത്തിക്കണമെന്ന‌്  സഹപാഠികളുടെ കൂട്ടായ‌്മക്കായി അഡ്വ. കെ പി അശോകന്റെ  അഭ്യർഥന. ചൊവ്വാഴ‌്ച രാവിലെ  കാഞ്ഞങ്ങാട‌് എസ‌്എൻ പോളിടെക‌്നിക‌് കോളേജിൽനിന്നായിരുന്നു പര്യടനം ആരംഭിച്ചത‌്.
 
പടക്കങ്ങളും മുദ്രാവാക്യങ്ങളും മുഴങ്ങിയ അന്തരീക്ഷത്തിലാണ‌് തൊട്ടടുത്ത എസ‌്എൻ എൻജിനിയറിങ‌് കോളേജ‌് വിദ്യാർഥികൾ സ്ഥാനാർഥിയെ വരവേറ്റത‌്. ഒരോ ക്ലാസിലും കയറി വോട്ടഭ്യർഥിച്ചു.  കിനാനൂർ-- കരിന്തളം ഗവ. ആട്സ് ആൻഡ‌് സയൻസ് കോളേജ്, കാലിച്ചാനടുക്കം എസ്എൻഡിപി കോളേജ്, മടിക്കൈ ഐഎച്ച്ആർഡി മോഡൽ കോളേജ്, നീലേശ്വരം പാലാത്തടം ക്യാമ്പസ് എന്നിവിടങ്ങളിലും സ്വീകരണം.  കണ്ണൂർ സർവകലാശാല പാലാത്തടം ക്യാമ്പസിലെ വിദ്യാർഥികൾ സ‌്നേഹപൂക്കൾ നൽകിയാണ‌് സ്വീകരിച്ചത‌്.
 
സ്വാതന്ത്ര്യസമര സേനാനി എ സി കണ്ണൻ നായരുടെ അതിയാമ്പൂരിലെ വീട്ടിലെത്തി വോട്ടഭ്യർഥിച്ചു. അദ്ദേഹത്തിന്റെ മകൻ ശ്യാംകുമാർ, മകൾ രാധ എന്നിവർ സ്വീകരിച്ചു. പി കൃഷ‌്ണപിള്ള, എ കെ ജി, കെ എ കേരളീയൻ, ഭാരതീയൻ,   ഇ കെ നായനാർ തുടങ്ങി  നേതാക്കൾ താമസിച്ച വീടാണിത‌്. കൃഷ‌്ണപിള്ള കിടന്നുറങ്ങിയ കട്ടിൽ സൂക്ഷിച്ചിട്ടുണ്ട‌്. തുടർന്ന‌് കാഞ്ഞങ്ങാട‌് പ്രസ‌്സ‌്ഫോറത്തിന്റെ മീറ്റ‌് ദി കാൻഡിഡേറ്റ‌് പരിപാടി. ഇടതുപക്ഷം ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടുമെന്ന‌് - സതീഷ‌്ചന്ദ്രൻ. മാവുങ്കാൽ മിൽമാ ഡയറിയിൽ ജിവനക്കാരെയും തൊഴിലാളികളെയും നേരിൽ കണ്ട‌് വോട്ടഭ്യർഥിച്ച ശേഷം മലയോര താലൂക്കിന്റെ ആസ്ഥാനമായ വെള്ളരിക്കുണ്ടിലെത്തി.
 
വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആനയിച്ച‌് റോഡ‌്ഷോ നടത്തി. മങ്കയത്ത‌് പ്രവർത്തിക്കുന്ന അനാഥരുടെ അഭയകേന്ദ്രമായ ഗാന്ധിഭവൻ സന്ദർശിച്ച‌ു. പന്നത്തടി മാലക്കല്ലിൽ മലയോര ഹൈവേയുടെ  നാഥൻ എന്നറിയപ്പെടുന്ന ജോസഫ‌് കനകമൊട്ടയുടെ വീട്ടിലെത്തി. കള്ളാർ ടൗണിലെത്തി വോട്ടർമാരെ കണ്ടു.  കാഞ്ഞങ്ങാട‌് മണ്ഡലം  കൺവീനർ വി കെ  രാജൻ, സി പ്രഭാകരൻ,  കെ രാജ്മോഹൻ, ടി കെ രവി, എം വി കൃഷ്ണൻ, ഒക്ലാവ് കൃഷ്ണൻ, എം നാരായണൻ, സി ദാമോദരൻ, വി കെ ചന്ദ്രൻ,  സണ്ണിമങ്കയം, എം കുമാരൻ, പി കുഞ്ഞിരാമൻ, ടി പി തമ്പാൻ, കെ ഡി മോഹനൻ, നന്ദകുമാർ, എം വി രതീഷ‌്, പി കെ രാമചന്ദ്രൻ, ഷാലു മാത്യു  എന്നിവർ സ്ഥാനാർഥിക്കൊപ്പം ഉണ്ടായിരുന്നു.
 
 

 


വോട്ടുബുക്ക്
സ്പെഷ്യല്‍
ഫേക്ക് ഇന്‍ ഇന്ത്യ
ഓര്‍ത്തെടുപ്പ്
വാര്‍ത്തകള്‍