കന്നിവോട്ട‌് ബിജുവിന‌്, പ്രണവിന്റെ ‘ഷേക‌് ലെഗ‌് ’
Wednesday Mar 20, 2019
പാലക്കാട‌് > ‘എന്റെ കന്നിവോട്ടാണ‌്. അത‌് ബിജുവിന‌്തന്നെ. കൈകളില്ലെങ്കിലും കാലിൽ മഷിപുരട്ടി വോട്ട‌്ചെയ്യും–-ചിറ്റൂർ കോളേജിലെ അവസാനവർഷ ബികോം വിദ്യാർഥി പ്രണവ‌് പറഞ്ഞു. വോട്ട‌് ചോദിച്ചെത്തിയ ആലത്തൂർ ലോക‌്സഭാ മണ്ഡലം എൽഡിഎഫ‌് സ്ഥാനാർഥി ബിജുവിന‌് നേർക്ക‌് പ്രണവ‌് കാൽ നീട്ടി. കാലിൽ പിടിച്ച‌് കുലുക്കി ‘ഷേക‌് ലെഗ‌്’.
പ്രണവ‌് കാലുകൊണ്ട‌് ചിത്രം വരയ‌്ക്കുകയും കംപ്യൂട്ടർ അനായാസം ഉപയോഗിക്കുകയും ചെയ്യും. ആലത്തൂർ മലമലമൊക്കിൽ വാടക വീട്ടിലാണ‌് താമസം. അച്ഛൻ ബാലസുബ്രഹ്മണ്യനാണ‌് എന്നും കൂടെ നടക്കുന്നത‌്. ഇപ്പോൾ അച്ഛന്റെ സഹായമില്ലാതെയും കോളേജിലെത്തും. ബിജുവിന്റെ ചൊവ്വാഴ‌്ചയിലെ പര്യടനം തരൂർ മണ്ഡലത്തിൽനിന്നാണ‌് ആരംഭിച്ചത‌്. ഉച്ചയ‌്ക്ക‌്ശേഷം ചിറ്റൂരിലേക്ക‌്. ചിറ്റൂർ ഗവ. കോളേജിലെത്തിയപ്പോൾ വലിയൊരു കൂട്ടം വിദ്യാർഥികൾ സ്ഥാനാർഥിയെ വരവേൽക്കാൻ കാത്തുനിൽക്കുന്നു. അതിനിടയിലാണ‌് പ്രണവ‌് എത്തി തന്റെ കന്നിവോട്ട‌് ബിജുവിനെന്ന‌് ഉറപ്പിച്ച‌് കാൽ കൊടുത്തത‌്. തുടർന്ന‌് കാൽ കൊണ്ടുതന്നെ സെൽഫിയുമടുത്താണ‌് ബിജുവിനെ യാത്രയാക്കിയത‌്.
രാവിലെ തരൂർ തോട‌്കാടുനിന്ന‌് തുടങ്ങി കോട്ടായി, പെരുങ്ങോട്ടുകുറുശി, കുത്തനൂർ എന്നിവിടങ്ങളിലെ പര്യടനവും പൂർത്തിയാക്കി. തുടർന്നാണ‌് ചിറ്റൂർ മണ്ഡലത്തിലേക്ക‌് കടന്നത‌്.
സംഗീത കുലപതി ചെമ്പൈ വൈദ്യനാഥഭാഗവതരുടെ ജന്മഗൃഹം സ്ഥിതി ചെയ്യുന്ന കോട്ടായി ഗ്രാമത്തിലൂടെ സ്ഥാനാർഥിയുടെ പര്യടനം. കോട്ടായി കോട്ടച്ചന്ത കളത്തിൽ വീടിനുമുന്നിൽ ബിജുവിന്റെ വാഹനം നിന്നു . ഇവിടെയാണ് സൈനികൻ ശ്രീജിത്ത് അന്ത്യവിശ്രമം കൊള്ളുന്നത്. ജമ്മു കശ്മീരിൽ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച ധീരജവാന്റെ സ്മൃതിമണ്ഡപത്തിൽ പൂച്ചെണ്ട് അർപ്പിച്ചു. ചിറ്റൂർ മണ്ഡലത്തിലെ കൊഴിഞ്ഞാമ്പാറ, വടകരപ്പതി, എരുത്തേമ്പതി, പെരുമാട്ടി, പട്ടഞ്ചേരി എന്നിവിടങ്ങളിലും പര്യടനം നടത്തി.