തീവെയിലിലും രാജാജിയെ കാത്ത‌് തൊഴിലാളികൾ
Wednesday Mar 20, 2019
ഗുരുവായൂർ/മണലൂർ> കൊടുംവെയിലിലും തങ്ങളുടെ പ്രിയപ്പെട്ട സ്ഥാനാർഥിയെ വരവേൽക്കാൻ കാത്തു നിൽക്കുകയാണ് തൊഴിലാളികൾ. രാജാജി എത്തിയതോടെ കുരഞ്ഞിയൂർ പാപ്പ് ജോ കമ്പനിയിലെ ഇരുന്നൂറോളം തൊഴിലാളികളുടെ ഹൃദയാഭിവാദ്യം.
തൃശൂർ ലോക്സഭാ മണ്ഡലം സ്ഥാനാർഥി രാജാജി മാത്യു തോമസ് തൊഴിലാളി മനസ്സുകളിൽ സ്ഥാനം നേടിക്കഴിഞ്ഞു. സ്ത്രിക്ക് ആത്മാഭിമാനം ഉയർത്തിപ്പിടിച്ച് തൊഴിലെടുക്കാനും ജീവിക്കാനും കരുത്തേകുന്ന രാജാജിയെപ്പോലുള്ള പോരാളികളാണ്തെരഞ്ഞെടുക്കപ്പെടേണ്ടതെന്ന്കമ്പനിയിലെ അക്കൗണ്ടന്റ് സംഗീത പറഞ്ഞു.
ഗുരുവായൂരിന്റെ കഥാകാരൻ പുതൂർ ഉണ്ണൂകൃഷ്ണന്റെ വീട്ടിൽ നിന്നാണ് രാജാജി ഗുരുവായൂർ മണ്ഡലത്തിലെ ചൊവ്വാഴ്ചയിലെ പര്യടനം ആരംഭിച്ചത്. തുടർന്ന് പുന്നയൂർ, കടപ്പുറം, ഒരുമനയൂർ, ഏങ്ങണ്ടിയൂർ തുടങ്ങിയ തീരപ്രദേശങ്ങളിലും എത്തി. എടക്കഴിയൂരിൽ മുതിർന്ന സിപിഐ എം നേതാവ് മാധവനെ കണ്ട് അനുഗ്രഹം വാങ്ങി. എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ നസീം പുന്നയൂർ തന്റെ കൃതി ‘പുന്നയൂർ പുരാണം’ നല്കിയാണ് സ്വീകരിച്ചത്. പുന്നയൂർ എടക്കരയിൽ പൗരമുഖനായ അവറുണ്ണിക്കയുടെ വീട്ടിൽ രാജാജിക്ക് ഹൃദ്യമായ സ്വീകരണമാണ് ലഭിച്ചത്. കാരക്കയും ഫലങ്ങളും നൽകിയായിരുന്നു കുടുംബം വരവേറ്റത്. കുടുംബാംഗങ്ങൾക്കൊപ്പം സമീപവാസികളും തങ്ങളുടെ പ്രതിനിധിക്ക് പിന്തുണയുമായെത്തിയിരുന്നു.
ഉച്ചയോടെ കടപ്പുറം പഞ്ചായത്തിൽ . വഴിയരികിൽ ജനങ്ങൾ കൈവീശി അഭിവാദ്യമർപ്പിച്ചു. വേനൽ വെയിലിനെ വകവയ്ക്കാതെ തൊട്ടാപ്പ്, പുളിഞ്ചോട് മേഖലയിലെ സഖാക്കളും സഹപ്രവർത്തകരും രാജാജിയോടൊപ്പം ആവേശത്തോടെ പങ്ക് ചേർന്നു. ചാവക്കാട് അമൃത വിദ്യാലയം, ഒരുമനയൂർ സെന്റ് ഫ്രാൻസിസ് സ്കൂൾ എന്നിവിടങ്ങളിലും സന്ദർശനം നടത്തി. ഉച്ചയ്ക്ക് ശേഷം ഒരുമനയൂർ പഞ്ചായത്ത് ഓഫീസ്, യുപി സ്കൂൾ, നാഷണൽ ഹുദാ സിബിഎസ്ഇ സെൻട്രൽ സ്കൂൾ തുടങ്ങിയ സ്ഥാപനങ്ങളിലെത്തി.
ജീവനക്കാരോടും അധ്യാപകരോടും വോട്ടഭ്യർഥിച്ചു. ഒരുമനയൂരിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് മുത്തമ്മാവിൽ രാജാജി ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ മണ്ഡലം വനിതാ പാർലിമെന്റിൽ സംസാരിച്ചു. തുടർന്ന് മണലൂരിൽ പാവറട്ടി സെന്റ് ജോസഫ് തീർഥ കേന്ദ്രത്തിലെത്തിയ എൽഡിഎഫ് സ്ഥാനാർഥി രാജാജി മാത്യു തിരുനാളിൽ പങ്കെടുത്തു.
വികാരി ഫാ.ജോസഫ് പൂവത്തുകാരൻ, ഫാ.സിജു പുളിക്കൻ, ഫാ.നോബിൾ തട്ടയിൽ എന്നിവരുമായി സംസാരിച്ചു. പാവറട്ടി സെന്ററിൽ റോഡ് ഷോ നടത്തിയാണ് എൽഡിഎഫ് പ്രവർത്തകർ വരവേറ്റത്. പാലുവായ് വിസ്ഡം കോളേജ്, പാവറട്ടി സി കെ സി കോൺവെന്റ്, സെന്റ് തോമസ് ആശ്രമം, സാൻജോസ് ആശുപത്രി എന്നിവിടങ്ങളിലെത്തി. കന്യാസ്ത്രീകളുടേയും ആശ്രമ പിതാക്കൻമാരുടെയും പിന്തുണ അഭ്യർഥിച്ചു.
കാണ്ടാണശേരി പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലും സാഹിത്യകാരൻ ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിയുടെ വീട്ടിലും എത്തി. മുരളി പെരുനെല്ലി എംഎൽഎ, പി കെ കൃഷ്ണൻ തുടങ്ങിയവർ സ്ഥാനാർഥിക്ക് ഒപ്പമുണ്ടായിരുന്നു.