ജായസിയെ മറന്ന കോൺഗ്രസ്
Wednesday Mar 20, 2019
വി ബി പരമേശ്വരൻ
ഉത്തർപ്രദേശിൽ എന്നും കോൺഗ്രസിന് മരുപ്പച്ചയുടെ ആശ്വാസം നൽകുന്ന മണ്ഡലമായ അമേഠിയിലേക്കായിരുന്നു യാത്ര. റായ്ബറേലിയിൽനിന്ന് ദേശീയപാത 128ലൂടെ അമ്പതോളം കിലോമീറ്റർ കിഴക്കോട്ട് സഞ്ചരിക്കണം.
കോൺഗ്രസിന്റെ പോക്കറ്റ്ബറോയിൽ പതിവിൽനിന്നും വ്യത്യസ്തമായി കടുത്ത മത്സരം നേരിടുകയാണെന്ന മാധ്യമവാർത്തകളാണ് 15 വർഷത്തിനുശേഷം വീണ്ടും അവിടേക്ക് പോകാൻ പ്രേരിപ്പിച്ചത്. സഞ്ജയ്ഗാന്ധിയും രാജീവ്ഗാന്ധിയും സോണിയാഗാന്ധിയും ജയിച്ച അമേഠിയിൽ 2014ൽ രാഹുൽഗാന്ധിയെ എതിർക്കാൻ രണ്ട് പ്രമുഖർ രംഗത്തുണ്ടായിരുന്നു. ബിജെപിയുടെ സ്മൃതി ഇറാനിയും ആം ആദ്മി പാർടിയുടെ കുമാർ വിശ്വാസും. അശ്ലീലച്ചുവയുള്ള പരാമർശം നടത്തിയതിനെതിരെ മലയാളി നഴ്സുമാർ കുമാർ വിശ്വാസിനെതിരെ പ്രചാരണണത്തിനിറങ്ങിയതും അമേഠിയാത്രക്ക് കാരണമായിരുന്നു.
മണ്ഡലത്തിലേക്ക് പ്രവേശിക്കവേ പച്ച നിറത്തിലുള്ള സൈൻബോർഡിൽ കണ്ടത‌് കേട്ടുമറന്നൊരു പേര‌്–- ജായസ്. അടുത്ത ആൾക്കൂട്ടത്തിനിടെ വണ്ടിനിർത്തി. അവരോട‌് ആ നഗരപ്പേരിനെക്കുറിച്ച‌് സംസാരിച്ചു. വിഖ്യാത സൂഫി കവി മാലിക് മുഹമ്മദ് ജായസി ജീവിച്ചിരുന്ന നാട്ടിലാണ‌് നിൽക്കുന്നത‌്! ഗാസപുരിലാണ് ജനിച്ചതെങ്കിലും ഇവിടെയാണ് അദ്ദേഹം താമസിച്ചതെന്നും അമേഠി രാജാവിന്റെ കൊട്ടാരത്തിലെ കവിയായിരുന്നുവെന്നും ചരിത്രം.
സാഹിത്യലോകം കബീറിനും സൂർദാസിനും തുളസിദാസിനുമൊപ്പം മഹാകവിയായി ആരാധിക്കുന്നയാളാണ‌് 16–-ാം നൂറ്റാണ്ടിൽ ജീവിച്ച സൂഫി കവി ജായസി. ‘പദ്മാവത്' ഉൾപ്പെടെ ഇരുപത്തഞ്ചോളം കൃതികൾ അവധ് ഭാഷയിൽ ആ തൂലികയിൽ പിറന്നു. (സഞ്ജയ് ലീലാ ബൻസാലിയുടെ പദ്മാവത് സിനിമക്കെതിരെ രജപുത്ര കർണി സേന കലാപം നയിക്കുന്നതിന് നാലുവർഷം മുമ്പായിരുന്നു ഈ യാത്ര).
കബീറിനെ പോലെ ഹിന്ദു–-മുസ്ലീം സാഹോദര്യത്തെയും സ്നേഹത്തെയും കുറിച്ച് പാടിയ കവിയായിരുന്നു ജായസിയും. ഗംഗ–-യമുന സംസ്കാരത്തിന്റെ അടിത്തറ തീർത്ത കവി. എന്നാൽ ആ അടിത്തറ വിപുലമാക്കാൻ ദീർഘകാലം ഉത്തർപ്രദേശ് ഭരിച്ച കോൺഗ്രസ് ശ്രമിച്ചില്ല. അവർ ജായസിയുടെ ആശയങ്ങളെ പാടേ മറന്നു. ബാബ്റി മസ്ജിദ് തകർത്തതോടെ ഹിന്ദു–-മുസ്ലിം ഭായ്ഭായ് സംസ്കാരത്തിന് വിള്ളൽവീണു. വിഭജനത്തിന്റെ ഈ തത്വശാസ്ത്രത്തെ കബീറിനെയും ജായസിയെയും മുൻനിർത്തി നേരിടുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടെന്ന് അമേഠിയിലെ എഴുത്തുകാരനായ ജഗദീഷ് പിയുഷ് പറഞ്ഞു. കോൺഗ്രസ് റായ്ബറേലിയിലും അമേഠിയിലുമായി ചുരുങ്ങിയതിന് പ്രധാന കാരണം ഇതാണെന്നും അദ്ദേഹത്തിന്റെ സാക്ഷ്യം.
വർഷങ്ങൾക്കിപ്പുറം പദ്മാവത് സിനിമക്കെതിരായ സംഘപരിവാർ കലാപത്തെ വിമർശിക്കാൻപോലും കോൺഗ്രസ് തയ്യാറാകാതിരുന്നപ്പോൾ പിയൂഷിന്റെ വാക്കുകൾ ഓർത്തു. കാൽലക്ഷം പേർ മാത്രം താമസിക്കുന്ന ജായസ് എന്ന പഴയ നഗരത്തിന്റെ പ്രതീകവും ആരാധ്യപുരുഷനും മാലിക് മുഹമ്മദ് ജായസി തന്നെ. അദ്ദേഹത്തിന്റെ പേരിലുള്ള സ്കൂളും കോളേജും ആരോഗ്യകേന്ദ്രവും തകർന്ന ലൈബ്രറിയും കണ്ടു. അതിനടുത്ത് ദർഗയും. രാജീവ്ഗാന്ധിയുടെ കാലത്ത് നിർമിച്ച സ്മാരകത്തിനകത്ത് കുട്ടികൾ ക്രിക്കറ്റ് കളിക്കുന്നു. ജായസിനോട‌് വിടപറയുമ്പോൾ സമയം ഏറെ വൈകിയിരുന്നു. രാഹുൽഗാന്ധിയും പ്രിയങ്കയും മുൻഷിഗഞ്ചിലെ സർക്കാർ ഗസ്റ്റ് ഹൗസിലുണ്ടായിരുന്നതിനാൽ ഗൗരിഗഞ്ചിലെ ഒരു ഹോട്ടലിലും മുറി ലഭിച്ചില്ല. അവസാനം എൻഎച്ച് 128 ലേക്കു തന്നെ മടങ്ങി. അവിടൊരു പഞ്ചാബി ഡാബക്ക് മുകളിലെ വൃത്തികെട്ട മുറിയിൽ അന്തിയുറങ്ങേണ്ടിവന്നു.