‘ആ വാതിൽ തുറന്നു’; പ്രൊഫ. എം കെ സാനുവിന്റെ തെരഞ്ഞെടുപ്പ് ഓർമകൾ
Thursday Mar 21, 2019
മഞ‌്ജു കുട്ടികൃഷ‌്ണൻ
കൊച്ചി > ‘ഞാൻ ഒരു ഭിക്ഷുവാണ‌്. പണമോ ആഹാരമോ അല്ല ഭിക്ഷയായി വേണ്ടത‌്’ എന്നു പറഞ്ഞുകൊണ്ടാണ‌് പനമ്പിള്ളി നഗറിലെ ആ വലിയ വീട്ടിലേക്ക‌് ഞാൻ കയറിച്ചെന്നത‌്. പാർടി പ്രവർത്തകർക്ക‌് അപ്രഖ്യാപിത വിലക്കുണ്ടായിരുന്ന ആ വീടിന്റെ ഗേറ്റു തുറന്ന‌്, നീണ്ട നടപ്പാത പിന്നിട്ട‌് ഞാൻ ചെല്ലുന്നത‌് വീട്ടുടമയായ സ‌്ത്രീ അകത്തുനിന്നു കാണുന്നുണ്ടായിരുന്നു’.
പതിവ‌് അക്കാദമിക പ്രവർത്തനങ്ങളിൽനിന്ന‌് തീർത്തും വ്യത്യസ‌്തമായ രാഷ‌്ട്രീയ പ്രവർത്തനത്തിന്റെ കല്ലും മുള്ളും ഒപ്പം നന്മകളും നിറഞ്ഞവഴി താനാദ്യമായി നേരിട്ടു പരിചയപ്പെട്ടതും ആ തെരഞ്ഞെടുപ്പുകാലത്താണെന്ന‌് സാനുമാസ‌്റ്റർ പറയുന്നു.
മാസ‌്റ്ററുടെ തെരഞ്ഞെടുപ്പു പ്രവർത്തകരിൽ ‘കുട്ടിപ്പട്ടാള’മായിരുന്നു കൂടുതൽ. കോളേജിൽ പോകുന്ന വഴിയിൽ കാണുന്ന കുട്ടികളൊക്കെ കൂട്ടുകാരായിരുന്നു. ആ പരിചയത്തിന്റെ പേരിൽ കുട്ടികളൊക്കെ തെരഞ്ഞെടുപ്പു പ്രചാരണക്കാരായി. എതിർചേരിയിൽ വലിയ പരിഹാസമായിരുന്നു ആദ്യം. ‘വോട്ടില്ലാത്ത ഈ കുട്ടികളാണോ മാഷുടെ പ്രവർത്തകർ?’ എന്നായിരുന്നു ചോദ്യം. ചോദിച്ചവർക്കു മനസ്സിലായി കുട്ടികളെക്കൊണ്ടും കാര്യമുണ്ടെന്ന‌്. ഇവർ വീട്ടിൽപ്പോയി രക്ഷിതാക്കളുടെ ചെവിക്ക‌് സ്വൈര്യം കൊടുക്കാതെ പറച്ചിലാണ‌് ‘മാഷിനേ വോട്ടു ചെയ്യാവൂ, കേട്ടോ’ എന്ന‌്. അച്ഛനമ്മമാർക്ക‌് മക്കളുടെ വാക്കുകൾ അങ്ങനെ തള്ളാനൊക്കുമോ–- മാസ‌്റ്റർ പറയുന്നു. 1987ൽ എറണാകുളം അസംബ്ലി മണ്ഡലത്തിൽ പതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ‌് കോൺഗ്രസിലെ സിറ്റിങ്ങ‌് എംഎൽഎ എ എൽ ജേക്കബിനെ സാനു മാസ‌്റ്റർ പരാജയപ്പെടുത്തിയത‌്.