ഏയ‌്... എവിടെ ജയിക്കാൻ; കോൺഗ്രസിനോ യുഡിഎഫിനോ ലോക‌്സഭയിൽ വനിതാപ്രാതിനിധ്യമില്ലാതായിട്ട് മൂന്നുപതിറ്റാണ്ട്
Thursday Mar 21, 2019
ലെനി ജോസഫ‌്
ആലപ്പുഴ > മൂന്നുപതിറ്റാണ്ടോളമായി ലോക‌്സഭയിൽ കോൺഗ്രസിനോ യുഡിഎഫിനോ വനിതാപ്രാതിനിധ്യമില്ലെന്നിരിക്കെ ഇക്കുറിയും വനിതകളെ നിർത്തിയത‌് ജയസാധ്യതയില്ലാത്തയിടങ്ങളിൽ. ജയസാധ്യതയില്ലാത്ത സീറ്റുകളും പട്ടികജാതി സംവരണ സീറ്റുകളും വനിതകൾക്കു നൽകുന്ന രീതിയാണ‌് ഇത്തവണയും കോൺഗ്രസ‌് സ്വീകരിച്ചത‌്. പ്രൊഫ. സാവിത്രി ലക്ഷ‌്മണനാണ‌് കോൺഗ്രസിന്റെ കേരളത്തിൽനിന്നുള്ള അവസാന വനിതാ എംപി. രാഷ‌്ട്രീയരംഗത്ത‌് സജീവമല്ലാതിരുന്ന അവരെ കെ കരുണാകരനാണ‌് 1989ൽ മുകുന്ദപുരത്ത‌് മത്സരിപ്പിച്ചത‌്. ഒരു പരിചയവുമില്ലാത്ത സാവിത്രി ലക്ഷ‌്മണൻ ഒരു സുപ്രഭാതത്തിൽ പലരെയും തള്ളിമാറ്റി സ്ഥാനാർഥിയായപ്പോൾ കോൺഗ്രസുകാർ അന്തംവിട്ടു. എന്നാൽ, 1991ലും കരുണാകരൻ കൈവിട്ടില്ല. അതിനുശേഷം ഒരു വനിതയും യുഡിഎഫിൽനിന്ന‌് പാർലമെന്റ‌് കണ്ടില്ല.
സ‌്ത്രീകളോടുള്ള അവഗണനതന്നെയായിരുന്നു അവർ കോൺഗ്രസ‌് വിടാൻ കാരണം. കഴിഞ്ഞ ലോക‌്സഭാ തെരഞ്ഞെടുപ്പിലും മഹിളാ കോൺഗ്രസ‌് നേതാവായ ബിന്ദു കൃഷ‌്ണയ‌്ക്ക‌് നൽകിയത‌് ജയസാധ്യത കുറഞ്ഞ ആറ്റിങ്ങൽ. ഇത്തവണ അവർ മത്സരിക്കാനേ ഇല്ലെന്ന നിലപാടെടുത്തു. 2004ൽ വടകരയിൽ എം ടി പത്മ പി സതീദേവിയോടും മുകുന്ദപുരത്ത‌് പത്മജ വേണുഗോപാൽ ലോനപ്പൻ നമ്പാടനോടും തോറ്റു. 1999ൽ എം ടി പത്മ പാലക്കാട് മത്സരിച്ച് തോറ്റിരുന്നു.
ഈ കാലയളവിൽ സിപിഐ എമ്മിലെ പി കെ ശ്രീമതിയും പി സതീദേവിയും അഡ്വ. സി എസ‌് സുജാതയും എ കെ പ്രേമജവുമൊക്കെ ലോക‌്സഭയിലെത്തിയിരുന്നു. 91ന‌് മുമ്പും ഇതുതന്നെയായിരുന്നു കോൺഗ്രസിലെ അവസ്ഥ. 1977ൽ എം കമലം മത്സരിച്ചെങ്കിലും തോറ്റു.
ഇത്തവണ വിജയസാധ്യതയുണ്ടെന്ന‌് കോൺഗ്രസുകാർ അവകാശപ്പെടുന്ന വയനാട‌് സീറ്റ‌് ഷാനിമോൾ ഉസ‌്മാന‌് കിട്ടുമെന്ന‌് കരുതിയിരുന്നെങ്കിലും അവിടെ ഉമ്മൻചാണ്ടി തന്റെ വിശ്വസ‌്തനായ ടി സിദ്ദിഖിന‌് സീറ്റ‌് തരപ്പെടുത്തി. ഷാനിമോൾക്ക‌് കൊടുത്തതാകട്ടെ സിറ്റിങ‌് എംപികൂടിയായ കെ സി വേണുഗോപാൽ പരാജയഭീതിയിൽ ഉപേക്ഷിച്ച ആലപ്പുഴ. വിദഗ്ധരെ ഉപയോഗിച്ച‌് കെപിസിസി നടത്തിയ സർവേയിൽ ഒരു വിജയസാധ്യതയുമില്ലാത്ത അഞ്ച‌് മണ്ഡലങ്ങളിൽ ഒന്നാണ‌് ആലപ്പുഴ. ഇടതുകോട്ടയെന്ന‌് കോൺഗ്രസുകാർതന്നെ സമ്മതിക്കാറുള്ള ആലത്തൂരിലാണ‌് രമ്യ ഹരിദാസിന്റെ മത്സരം.