‘അമ്മമാരുടെ രാജാജി’; തൃശ്ശൂരിന്റെ സ്വന്തം
Thursday Mar 21, 2019
സി എ പ്രേമചന്ദ്രൻ
തൃശൂർ > സാന്ത്വനമേകാൻ മകൻ വന്നെത്തിയപ്പോഴെന്നപോലെ അവർ രാജാജിക്ക് ചുറ്റുംകൂടി. കൊച്ചുവിഷമങ്ങൾ പങ്കുവച്ചു. ആ അമ്മമാരുടെ കണ്ണുകളിലെ ദൈന്യത രാജാജി ഏറ്റുവാങ്ങി. ഓരോരുത്തരെയും തലോടി നീങ്ങിയപ്പോൾ ആ കണ്ണുകളിൽ തിളക്കം. മോനേ എന്ന വിളിയുമായി അമ്മമാർ രാജാജിയുടെ കൈപിടിച്ചു. ‘തളരേണ്ട. മക്കളായി ഞങ്ങളുണ്ടാവും. ഏതാവശ്യത്തിനും ഒപ്പമുണ്ടാവും. അവശതയനുഭവിക്കുന്നവർക്കൊപ്പമാണ് എന്നും ഇടതുപക്ഷം'–- ലോകത്തിന്റെ വിവിധഭാഗങ്ങളിൽ വിമോചനപോരാട്ടങ്ങളിൽ കണ്ണിചേർന്ന രാജാജിയുടെ വാക്കുകൾ സാന്ത്വനമായി. അമ്മമാരും കുട്ടികളുമടക്കമുള്ളവരുടെ വിമോചനത്തിനായി ലോകമെങ്ങും സഞ്ചരിച്ച രാജാജിയെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പേര‌് ‘ആയിരം അമ്മമാരുടെ രാജാജി’യെന്നായിരുന്നു. ആനപ്പാറയിലെ വൃദ്ധസദനത്തിൽ തൃശൂരിലെ എൽഡിഎഫ് സ്ഥാനാർഥിയെത്തിയ രംഗം ആ പേര‌് അന്വർഥമാക്കുന്നതായി.
വൃദ്ധസദനത്തിലെ അമ്മമാർ അവരുടെ നൊമ്പരങ്ങൾ രാജാജിയോടും ഒപ്പമുണ്ടായിരുന്ന മന്ത്രി വി എസ് സുനിൽകുമാറിനോടും പറഞ്ഞു. എല്ലാം കേട്ട‌് പരിഹാരം ഉറപ്പുനൽകിയപ്പോൾ അമ്മമാരുടെ മനം നിറഞ്ഞു; മുഖം തെളിഞ്ഞു. 78 രാഷ്ട്രങ്ങളിലൂടെ സഞ്ചരിച്ചപ്പോഴും സ്വന്തമായി വീടില്ലാത്ത രാജാജി 38 വീടുകളിലാണ് വാടകയ‌്ക്ക് താമസിച്ചത്. ഇക്കാലത്ത് അമ്മ മറിയാമ്മ ചോദിക്കാറുണ്ട്: ‘‘മകനേ, നമുക്കും ഒരു വീടുവേണ്ടേ’’. ‘ലോകത്ത് ഇന്നും കുട്ടികൾ പട്ടിണികിടന്ന‌് മരിക്കുന്നു. നമുക്ക് വീടില്ലെങ്കിലും ഭക്ഷണമെങ്കിലും ലഭിക്കുന്നുണ്ടല്ലോ’ എന്ന‌് രാജാജി. ഹംഗറി സംഘം കേരള സാഹിത്യ അക്കാദമി സന്ദർശിച്ചപ്പോൾ അവരുടെ ഭാഷ പരിഭാഷപ്പെടുത്താൻ മികച്ച വായനക്കാരൻ കൂടിയായ രാജാജി സഹായിച്ച കാര്യം പ്രസിഡന്റ് വൈശാഖൻ ഓർമിപ്പിച്ചു. സീതാറാം മില്ലിലെ തൊഴിലാളി വി ആർ അനുഷ സ്ഥാനാർഥിക്ക് കൈ നൽകാൻ ഓടിയെത്തി. മൂർക്കനിക്കരയിലും വിലങ്ങന്നൂരും റോഡ് ഷോയോടെ വരവേൽപ്പ്.
രാജാജി എംഎൽഎയായിരിക്കെ തുടക്കംകുറിച്ച പൂത്തൂർ സുവോളജിക്കൽ പാർക്ക് യാഥാർഥ്യമാവുകയാണ്. പീച്ചി ജലവൈദ്യുതപദ്ധതി, പീച്ചിക്കടുത്ത് ചീനിക്കടവ്, മഞ്ഞക്കുന്ന് ഗ്രാമങ്ങളെ ബന്ധിപ്പിച്ച പൈപ്പ്പാലം തുടങ്ങി രാജാജിയുടെ വികസനമാതൃക ജനങ്ങളുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നു. അതുകൊണ്ടുതന്നെ കൊടുംചൂടിലും ഓരോ കേന്ദ്രങ്ങളിലും സ്ഥാനാർഥിയെ വരവേൽക്കാൻ ജനം കാത്തുനിൽക്കുന്നു.
പര്യടനത്തിനിടെ മാധ്യമപ്രവർത്തകർ എതിർസ്ഥാനാർഥിയെക്കുറിച്ച‌് പ്രതികരണം തേടി. രാഹുൽ ഗാന്ധിയും അമിത്ഷായും വന്നാലും പ്രശ്നമല്ലെന്ന രാജാജിയുടെ വാക്കുകൾ ജനം കൈയടിയോടെയാണ് സ്വീകരിച്ചത്. ഇടതുപക്ഷം മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയത്തിനു മുന്നിൽ കോൺഗ്രസും ബിജെപിയും അടിയറവ് പറയുമെന്നായിരുന്നു കൃത്യതയോടെയുള്ള മറുപടി.