ആറ്റിങ്ങലുകാരുടെ സ്വന്തം സമ്പത്ത്‌

Thursday Mar 21, 2019
റഷീദ‌് ആനപ്പുറം

ആറ്റിങ്ങൽ > അഴൂർ പെരുങ്ങുഴി കയർ സഹകരണ സംഘത്തിലെ ജോലി ഉച്ചയോടെ കഴിഞ്ഞു. എന്നിട്ടും  തൊഴിലാളികളാരും വീട്ടിലേക്ക‌് പോയില്ല.  കളിയും കാര്യവും പറഞ്ഞ‌് അവർ ഒരാളെ കാത്തിരിക്കുകയായിരുന്നു. ഇരുളടഞ്ഞ തങ്ങളുടെ ജീവിതത്തിൽ പ്രകാശംപരത്തിയ ജനകീയ എംപി സമ്പത്തിനെ. ചിലർ വീണ്ടും താ‌ളത്തോടെ  റാട്ട‌് ചലിപ്പിച്ചു.  സ‌്കൂൾ വിട്ട‌് കുട്ടികളും അവിടെയെത്തി. ആകെ ഒരു ഉത്സവ പ്രതീതി. ഇതിനിടെ,  മീനച്ചൂടിനെ വകവയ‌്ക്കാതെ ചിരിതൂകി സമ്പത്തിന്റെ വരവ‌്.  തൊഴിലാളികൾ ചുറ്റുംകൂടി.  അവരുടെ ജോലിയെ തൊഴിലുറപ്പിൽപ്പെടുത്തി 600 രൂപ കൂലിയാക്കാൻ പാർലമെന്റിൽ ശബ‌്ദിച്ച കാര്യം അദ്ദേഹം വിശദീകരിച്ചു.  അതിനിടെ,  പ്രായത്തിൽ മൂത്ത രമാമണിയും  വസന്തയും കയർ കൊണ്ടൊരു മലയുണ്ടാക്കി ഓടിയെത്തി.  രമാമണി അത‌്  സമ്പത്തിന്റെ കഴുത്തിലണിയിച്ച‌് കൈകൂപ്പി. ഈ സ‌്നേഹവും അനുഗ്രഹവും ഒരിക്കലും മറക്കില്ലെന്ന‌് സമ്പത്ത‌്. പിന്നീട‌് കുട്ടികളോട‌് കുശലം പറഞ്ഞ‌്  അടുത്ത സ്വീകരണ കേന്ദ്രത്തിലേക്ക‌്.

കടലും കായലും കയറും കഥപറയുന്ന നാടാണ‌് ചിറയിൻകീഴ‌്, പ്രേംനസീറിന്റെ ജന്മനാട‌്.  കായിക്കരയിൽനിന്ന‌് സമ്പത്ത‌് പര്യടനം തുടങ്ങി. കുമാരനാശാന്റെ പ്രതിമയിൽ പുഷ‌്പാർച്ചന നടത്തി അഞ്ചു തെങ്ങിലേക്ക‌്.  വൈദേശികാധിപത്യത്തിനെതിരെ പൊരുതി മരിച്ചവരുടെ  ഓർമ നിറഞ്ഞു നിൽക്കുന്ന മണ്ണ‌്.   കടൽകാറ്റേറ്റ‌്  അഞ്ചുതെങ്ങ‌്കോട്ടക്കരികിലെത്തിയ സ്ഥാനാർഥിയെ കടലിന്റെ മക്കൾ അഭിമാനത്തോടെ വരവേറ്റു. മൽസ്യബന്ധനത്തിനിടെ  ദുബൈ,  ഇംഗ്ലണ്ട‌് തീരത്തെത്തി കുടുങ്ങിയ അഞ്ചുതെങ്ങിലെ ഒട്ടേറെ  പേരെയാണ‌് എം പി ഇടപെട്ട‌്  മോചിപ്പിച്ച‌്   നാട്ടിലെത്തിച്ചത‌്.  അതിനാൽ  ഇവിടത്തുകാർക്ക‌്  സ‌്നേഹദൂതനാണ‌്  സമ്പത്ത‌്.

1965ൽ  അഛൻ കെ അനിരുദ്ധൻ ജയിലിൽ കിടന്നു മൽസരിച്ചപ്പോൾ   മൂന്നാം വയസ്സിൽ  കാറിനുമുകളിൽ കയറി വോട്ടു ചോദിച്ച  ആ ബാലനെ പ്രായമേറിയവർ ഇന്നും ഓർക്കുന്നു. മൂന്നാം വയസ്സിൽ തുടങ്ങിയ  നിസ്വാർഥയമായ ആ പൊതുപ്രവർത്തനത്തിന‌് എന്നും കൈയൊപ്പ‌് ചാർത്തി ആറ്റിങ്ങൽ(പഴയ ചിറയിൻകീഴ‌്) മണ്ഡലം.  ആ സ‌്നേഹവും കരുതലും ഒരു പിശുക്കും കാണിക്കാതെ തിരികെ നൽകിയപ്പോൾ സമ്പത്തിനെ  ജനങ്ങൾ പാർലമെന്റിലേക്കയച്ചത‌് മൂന്നു തവണ.

കർഷക, പരമ്പരാഗത മേഖലയുടെ  പാർലമെന്റിലെ ശബ‌്ദമായിരുന്നു അദ്ദേഹം. ആരോഗ്യ മേഖലയിൽ സമ്പത്തിനെ വെല്ലാൻ ആരുമില്ല. മണ്ഡലത്തിലെ 22,000 കിടപ്പുരോഗികൾക്കാണ‌് അദ്ദേഹം സാന്ത്വനം പകരുന്നത‌്.  കിടപ്പുരോഗികളെ പരിചരിക്കാൻ മാത്രം 26 ആംബുലൻസ‌് എംപി ഫണ്ടിൽനിന്ന‌് മണ്ഡലത്തിൽ നൽകി. മൂന്നു മാസത്തിൽ ഒരിക്കൽ കലക്ടറുടെ സാന്നിധ്യത്തിൽ അവലോകന യോഗവും നടത്തും.  ചിറയിൻകീഴ‌് ടൗണിൽ വോട്ടു ചോദിക്കുന്ന എംപിയെ കണ്ടപ്പോൾ അതുവഴിപോയ സാന്ത്വന പരിചരണ ആംബുലൻസ‌് റോഡരികിൽ നിർത്തി ഡ്രൈവർ ഓടിവന്ന‌് അദ്ദേഹത്തെ കെട്ടിപ്പിടിച്ചു.
ഏത‌് ഗ്രാമത്തിൽ  വോട്ടഭ്യർഥിച്ചു ചെന്നാലും അവിടെ ഒരു സമ്പത്ത‌് ടച്ചുണ്ടാകും. ഒന്നുകിൽ കുടിവെള്ളം, റോഡ‌്, ഹൈമാസ‌് വി‌ളക്ക‌്. അല്ലെങ്കിൽ ആംബുലൻസ‌്, സ‌്കൂൾ ബസ‌്,   ചികിൽസാ സഹായം... കവലകളിലും  വഴികളിലും കാത്തുനിൽക്കുന്നവർക്ക‌്  സമ്പത്ത‌്  ഒരു സ്ഥാനാർഥി മാത്രമല്ല, കുടുംബാംഗമാണ‌്. അത‌്പ്രായമായവരായാലും ചെറുപ്പക്കാരായാലും കുട്ടികളായാലും.


വോട്ടുബുക്ക്
സ്പെഷ്യല്‍
ഫേക്ക് ഇന്‍ ഇന്ത്യ
ഓര്‍ത്തെടുപ്പ്
വാര്‍ത്തകള്‍