ഗംഗയിലെ ഹിന്ദുത്വസഞ്ചാരം

Thursday Mar 21, 2019

അലഹബാദിലെ ഹനുമാൻ ക്ഷേത്രത്തിൽ പ്രാർത്ഥനയും പാലഭിഷേകവും നടത്തിയാണ‌് പ്രിയങ്കാഗാന്ധി ഗംഗാ യാത്രയ‌്ക്ക‌് തുടക്കമിട്ടത‌്. ക്ഷേത്രത്തിൽ പ്രാർത്ഥന കഴിഞ്ഞ‌് പ്രിയങ്ക ഇറങ്ങും മുമ്പുതന്നെ കോൺഗ്രസ‌് നേതാക്കളുടെ വാട‌്സ്‌ആപ്പിൽ പ്രാർത്ഥനയുടെ ചിത്രങ്ങൾ നിറഞ്ഞു. 1979ൽ ഇന്ദിരാഗാന്ധി ഇവിടെ പ്രാർഥന നടത്തിയപ്പോൾ എടുത്ത ബ്ലാക്ക‌്ആൻഡ‌് വൈറ്റ‌് ചിത്രവും പ്രിയങ്കയുടെ കളർ ചിത്രവും ചേർത്തുവച്ച‌ാണ‌് പ്രചരിക്കപ്പെട്ടത‌്.
ഇപ്പോൾ പ്രയാഗ‌്‌രാജായി മാറിയ അലഹബാദ‌് മുതൽ പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരണാസി വരെയായിരുന്നു പ്രിയങ്കയുടെ ഗംഗാ യാത്ര. ശംഖനാദം മുഴക്കിയും സ‌ംസ‌്കൃതത്തിൽ സ്വസ‌്തിമന്ത്രങ്ങൾ ഉരുവിട്ടുമാണ‌് നേതാവിനെ സ്വീകരിച്ചത‌്. അലഹബാദിനും വാരണാസിയ‌്ക്കുമിടയിൽ ഗംഗയോട‌് ചേർന്നുള്ള പ്രധാന ക്ഷേത്രങ്ങളെല്ലാം പ്രിയങ്ക സന്ദർശിച്ചു. വിന്ധ്യാചലിലെ മാ വിന്ധ്യവാഹിനി ക്ഷേത്രം, സിരാസയിലെ ശിവക്ഷേത്രം, സീത ഭൂമി പിളർന്നുപോയ സ്ഥലമായി സങ്കൽപ്പിക്കപ്പെടുന്ന സീതാമർഹിയിലെ സീത സമാഹിത‌് സ്ഥൽ, വാരണാസിയിലെ ശീതളമാതാ ക്ഷേത്രം, കാശി വിശ്വനാഥ ക്ഷേത്രം എന്നിവിടങ്ങളിലും പ്രാർഥന നടത്തി. കരയ‌്ക്കിറങ്ങിയ ഘട്ടങ്ങളില്ലൊം അടുത്തുകണ്ട ചെറുക്ഷേത്രങ്ങളിലും കയറി.
പ്രിയങ്കയുടെ ഗംഗാ യാത്രയ‌്ക്ക‌് പിന്നിൽ ഹിന്ദുത്വ സന്ദേശം ഉയർത്തുന്നതിനൊപ്പം മറ്റ‌് ലക്ഷ്യങ്ങളുമുണ്ട‌്. ഗംഗയുടെ ഇരുകരകളിലുമായി കഴിയുന്ന നിഷാദ‌് വിഭാഗക്കാരുടെ വോട്ട‌് യുപിയിൽ നിർണായകമാണ‌്. 17 ശതമാനത്തോളം വരും. കഴിഞ്ഞ ലോക‌്സഭാ തെരഞ്ഞെടുപ്പിൽ ഈ വോട്ടുകൾ ബിജെപിയിലേക്ക‌് പോയിരുന്നു. ഒബിസി വിഭാഗക്കാരായ നിഷാദുകൾ പരമ്പരാഗത മത്സ്യതൊഴിലാളികളാണ‌്. എസ‌്സി വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം അവർ കാലങ്ങളായി മുന്നോട്ടുവയ‌്ക്കുന്നുണ്ട‌്. ഇതിന‌് അനുകൂലമായ നിലപാട‌് പ്രകടനപത്രികയിൽ സ്വീകരിച്ചുകൊണ്ട‌് നിഷാദുകളെ ആകർഷിക്കാനാണ‌് കോൺഗ്രസ‌് ശ്രമം.


വോട്ടുബുക്ക്
സ്പെഷ്യല്‍
ഫേക്ക് ഇന്‍ ഇന്ത്യ
ഓര്‍ത്തെടുപ്പ്
വാര്‍ത്തകള്‍