കൃഷ്ണഭൂമിയിലെ ഗുസ്തിക്കാരൻ
Sunday Mar 24, 2019
വി ബി പരമേശ്വരൻ
2004 ഏപ്രിലിലെ നട്ടുച്ചയ‌്ക്കാണ് ഉത്തർപ്രദേശിലെ മെയിൻപുരിയിൽ എത്തിയത്. കൃഷ്ണന്റെ ഭൂമിയെന്ന് വിശ്വസിക്കുന്ന ബ്രജ് മേഖലയിലെ പ്രധാന നഗരത്തിലേക്ക് പ്രവേശിക്കുമ്പോൾത്തന്നെ വെളുത്തുള്ളിമണം അടിച്ചുകയറും. മാർക്കറ്റിന്റെ ഇരുവശവും വെളുത്തുള്ളി കൂട്ടിയിട്ടിരിക്കുന്നു. ഏഷ്യയിലെതന്നെ ഏറ്റവും വലിയ വെളുത്തുള്ളി കമ്പോളം. ഉരുളക്കിഴങ്ങിന്റെയും പ്രധാന കേന്ദ്രം.
ആഗ്രയിൽനിന്ന് വടക്കുകിഴക്കുള്ള മെയിൻപുരിയിൽ എത്താൻ ഒരു കാരണമേ ഉണ്ടായിരുന്നുള്ളൂ. പിന്നോക്ക രാഷ്ട്രീയത്തിന്റെ ഇന്ത്യൻ മുഖങ്ങളിലൊന്നായ മുലായം സിങ‌് യാദവിന്റെ മണ്ഡലമാണിത‌്. ദേശീയ രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവച്ചതുമുതൽ മുലായം എന്ന ഗുസ്തിക്കാരൻ മത്സരിക്കുന്ന മണ്ഡലമാണിത്. തൊട്ടടുത്ത ജില്ലയായ ഇട്ടാവയിലാണ് ജനിച്ചതെങ്കിലും മുലായത്തിന്റെ രാഷ്ട്രീയതട്ടകം മെയിൻപുരിയാണ്. 28–-ാം വയസ്സിൽ ആദ്യമായി നിയമസഭയിലെത്തിയത‌് ഈ ലോക‌്സഭാ മണ്ഡലത്തിൽപ്പെട്ട ജസ്വന്ത് നഗറിൽനിന്നായിരുന്നു–- 1967ൽ.
മധ്യ യുപിയിലെ യമുനാതീരത്തുള്ള കാർഷികസമ്പന്ന മണ്ഡലത്തിൽ പ്രവേശിച്ചപ്പോൾ മുലായത്തിന്റെ ചിത്രമുള്ള പോസ്റ്റർ–- ‘എന്നെ തെരഞ്ഞെടുക്കുന്നതിലൂടെ നിങ്ങൾ ചരിത്രം രചിക്കുകയായിരിക്കും'. 1996ൽ മെയിൻപുരിയിൽ ആദ്യം മത്സരിച്ചപ്പോൾ വോട്ടർമാരോട് മുലായം പറഞ്ഞ വാക്കുകളാണത്. ഇതിന്റെ പൊരുൾ വോട്ടർമാർക്കറിയാമെന്ന് നഗരവാസികളോട് സംസാരിച്ചപ്പോൾ മനസ്സിലായി. ‘കിസാൻ കാ ബേട്ടാ കോ ഹം പ്രധാൻമന്ത്രി ബാനായേംഗേ' (കർഷകപുത്രനെ ഞങ്ങൾ പ്രധാനമന്ത്രിയാക്കും)–- കച്ചവടക്കാരനായ അശോക‌് യാദവ‌് പറഞ്ഞു. ഇപ്പോഴുമത് മുലായത്തിന്റെ സ്വപ്നമായി ശേഷിക്കുന്നു.
സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന് വേരോട്ടമുള്ള മേഖലയാണിത്. മെയിൻപുരിയിൽ നാലുതവണമാത്രമാണ് കോൺഗ്രസ് ജയിച്ചത്. ബിജെപിക്ക് ഇതുവരെ വിജയിക്കാൻ കഴിയാത്ത മണ്ഡലം. 2014ലെ മോഡി തരംഗത്തിൽപ്പോലും ഇവിടെ ബിജെപിക്ക് ജയിക്കാനായില്ല. 2017ൽ ബിജെപി വൻ ഭൂരിപക്ഷത്തോടെ യുപി ഭരണം പിടിച്ചപ്പോഴും മെയിൻപുരിയിലെ അഞ്ച് നിയമസഭാ മണ്ഡലത്തിൽ നാലിലും സമാജ‌്‌വാദി പാർടിയാണ് ജയിച്ചത്.
2004ൽ യാദവയുദ്ധമായിരുന്നു മെയിൻപുരിയിലേത്. കോൺഗ്രസിലൂടെ ബിജെപിയിലെത്തിയ മുൻ കേന്ദ്രമന്ത്രി ബൽറാംസിങ‌് യാദവായിരുന്നു മുലായത്തിന്റെ എതിരാളി. വികാസ് പുരുഷനായാണ് ബിജെപി ബൽറാംസിങ്ങിനെ അവതരിപ്പിച്ചത്. എന്നാൽ, മണ്ഡൽ രാഷ്ട്രീയത്തിലൂടെയുണ്ടായ സാമൂഹ്യ–സാമ്പത്തിക പുരോഗതിയാണ് പ്രധാനമെന്നും അത് കാണാതിരിക്കരുതെന്നും ഇന്റർമീഡിയറ്റ് വിദ്യാർഥിയായ കിഷോർ യാദവ‌് പറഞ്ഞു. പിന്നോക്ക ജനതയുടെ ‘മിശിഹാ'യാണ് മുലായമെന്നും അവൻ ആവേശത്തോടെ പ്രതികരിച്ചു.
മുലായം ഈ മണ്ഡലംതന്നെ തെരഞ്ഞെടുക്കാൻ എന്താണ് കാരണമെന്ന അന്വേഷണം അവസാനിച്ചത‌് ദൈനിക് ജാഗരണിലെ പിയൂഷ് യാദവിലാണ‌്. മണ്ഡലത്തിലെ 40 ശതമാനംപേരും യാദവരാണ്. 10 ശതമാനം മുസ്ലിങ്ങളും. മുലായത്തിന്റെ വ്യക്തിപ്രഭാവവുംകൂടിയായാൽ 60 ശതമാനം വോട്ട് ഉറപ്പ‌്.
സമാജ‌് വാദി പാർടിയുടെ വിജയരഹസ്യമായ മുസ്ലിം–-യാദവ സമവാക്യത്തിന്റെ തട്ടകമാണ് മെയിൻപുരിയെന്നു സാരം. മുലായത്തിന് ‘മൗലാന മുലായം' എന്ന വിളിപ്പേര് ലഭിച്ചതും ഈ സമവാക്യത്തിന്റെ ഫലമായാണ്. ഇക്കുറിയും മുലായം ഇവിടെത്തന്നെയാണ് ജനവിധി തേടുന്നത്.