വിദ്യാർഥികൾക്കും അധ്യാപകർക്കും എ എം ആരിഫ‌് ലോക‌്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി മാത്രമല്ല, പൂർവ വിദ്യാർഥികൂടിയാണ‌്

Sunday Mar 24, 2019

ആലപ്പുഴ> ചേർത്തല എസ‌്എൻ കോളേജിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും എ എം ആരിഫ‌് ലോക‌്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി മാത്രമല്ല, പൂർവ വിദ്യാർഥികൂടിയാണ‌്. സംസ്ഥാനത്തിന‌് മാത‌ൃകയായ പദ്ധതികൾ നടപ്പാക്കി അരൂർ നിയമസഭാ മണ്ഡലത്തിൽ വികസനവെളിച്ചമെത്തിച്ച ആരിഫ‌് ഒപ്പമുള്ളയാളാണെന്ന തിരിച്ചറിവ‌് ഏവർക്കുമുണ്ട‌്. പൊതുവിദ്യാഭ്യാസ രംഗത്തുൾപ്പെടെ അരൂരിൽ നടപ്പാക്കിയത‌് മാത‌ൃകാ പദ്ധതികളാണ‌്. അത്തരം പ്രവർത്തനങ്ങൾക്ക‌് പ്രചോദനമായത‌് എസ‌്എഫ‌്ഐ രംഗത്ത‌ുനിന്ന‌് കിട്ടിയ അനുഭവങ്ങളാണെന്ന‌്  ആലപ്പുഴ മണ്ഡലത്തിലെ എൽഡിഎഫ്‌ സ്ഥാനാർഥി ആരിഫ‌് ഓർക്കുന്നു.

കേരളത്തിലെ ആദ്യ സ‌്മാർട്ട‌് ക്ലാസ‌്റൂമും മൾട്ടിമീഡിയ എസി ക്ലാസ‌്റൂമുമെല്ലാം അരൂരിൽ യാഥാർഥ്യമാക്കിയതിന്റെ അഭിമാനത്തിൽനിന്ന‌് ആരിഫ‌് കലാലയങ്ങളിൽ വോട്ടുതേടിയെത്തുമ്പോൾ രാ‌ഷ‌്ട്രീയഭേദമെന്യേ പുതുതലമുറ ചുറ്റുംകൂടുന്നതിന്റെ രഹസ്യവും മറ്റൊന്നല്ല.
രക്ഷിതാക്കളിൽ ആരെങ്കിലും മരിച്ചാൽ വിദ്യാർഥികൾക്ക‌് പഠനസഹായം ലഭ്യമാക്കുന്ന സ‌്നേഹപൂർവം പദ്ധതിയുടെ സബ‌്മിഷൻ നിയമസഭയിൽ അവതരിപ്പിച്ചത‌് ആരിഫാണ‌്. മെഡിക്കൽ എൻജിനിയറിങ‌് പ്രവേശനപരീക്ഷാ പരിശീലനത്തിന‌് പാവപ്പെട്ട 240 കുട്ടികൾക്ക‌് പ്രതിവർഷം എംഎൽഎ ഫണ്ടിൽനിന്ന‌് പണം അനുവദിക്കുന്നു.

വീട്ടിൽ വൈദ്യുതി എത്തിയതിന്റെ സന്തോഷത്തിൽ പള്ളിപ്പുറം മാട്ടേൽ തുരുത്തിലെ പെണ്ണമ്മ കുട്ടൻരാമൻ എ എം ആരിഫിനെ കെട്ടിപ്പിടിച്ച‌് വിതുമ്പിയത‌് കഴിഞ്ഞ ഫെബ്രുവരി 26ന‌്. മാട്ടേൽ തുരുത്തിലെ വൈദ്യുതീകരണ പ്രഖ്യാപനത്തിന‌് മന്ത്രി എം എം മണിക്കൊപ്പമാണ‌് അന്ന‌് ആരിഫ‌് എത്തിയത‌്.  പള്ളിപ്പുറം പള്ളിക്കടവിൽനിന്ന‌് ഒരു കിലോമീറ്ററോളം കായലിലൂടെ സഞ്ചരിച്ചാൽ എത്തിച്ചേരുന്ന തുരുത്തിലെ ഏഴ‌ു  കുടുംബങ്ങൾ  ഒരിക്കലും വൈദ്യുതി എത്തില്ലെന്ന നിരാശയിലായിരുന്നു ഇക്കാലമത്രയും. മുമ്പ‌് നടപ്പാക്കിയ സോളാർ പദ്ധതിയും വിജയം കാണാത്തതിനാലാണ്‌ പദ്ധതിക്ക‌് ആരിഫ‌് എംഎൽഎ ഫണ്ടിൽനിന്ന‌് തുക അനുവദിച്ച‌ത‌്.
 
കെഎസ‌്ഇബി ഫണ്ടുകൂടി ചേർത്ത‌് 37 ലക്ഷം ചെലവഴിച്ച‌്  കെഎസ‌്ഇബി പൂച്ചാക്കൽ വൈദ്യുതി സെക‌്ഷൻ അധിക‌ൃതർ തുരുത്തിൽ വൈദ്യുതി എത്തിച്ചു. ഒരിക്കലും തെളിയില്ലെന്ന‌് കരുതിയ വീട്ടിലെ ബൾബ‌് മിന്നിയപ്പോൾ പെണ്ണമ്മയുൾപ്പെടെയുള്ള തുരുത്ത‌ുനിവാസികളുടെ മനവും തെളിഞ്ഞു. 

ഏറ്റവുമൊടുവിൽ എൽഡിഎഫ‌് സർക്കാരിന്റെ 1000 ദിവസംകൊണ്ട‌് 1000 കോടിരൂപയുടെ പദ്ധതികളാണ‌് അരൂരിൽ ആരിഫ‌് എത്തിച്ചത‌്. പൊതുമേഖലാ വ്യവസായസ്ഥാപനങ്ങൾ, പശ‌്ചാത്തല സൗകര്യവികസനം എന്നിങ്ങനെ  മികച്ച മുന്നേറ്റം അരൂരിൽ കാണാം. ഇരട്ടിയിലധികം ഭൂരിപക്ഷം നൽകി  ആരിഫിനെ ജനങ്ങൾ അംഗീകരിക്കുന്നതും അതുകൊണ്ടാണ്‌. ‘ആശയങ്ങൾ തമ്മിലുള്ള പോരാട്ടമാണ‌് ഇക്കുറി. എൽഡിഎഫ‌് സർക്കാർ നടപ്പാക്കിയ വികസനപ്രവർത്തനങ്ങൾ ചർച്ച ചെയ്യപ്പെടും. വികസനവിഷയങ്ങളിൽ സിറ്റിങ‌് എംപി തികഞ്ഞ പരാജയമായിരുന്നെന്നതും ചർച്ചാവിഷയമാണ‌്. ബിജെപിയെ ചെറുക്കുന്നതിൽ കോൺഗ്രസ‌് പരാജയമാണെന്ന തിരിച്ചറിവുകൂടിയാകുമ്പോൾ എൽഡിഎഫിന‌് അനുകൂലമായ ട്രെൻഡ‌് എല്ലായിടത്തും ദ‌ൃശ്യമാണ‌്’ –- പ്രചാരണത്തിരക്കിൽ ആരിഫ‌് വ്യക്തമാക്കി.


വോട്ടുബുക്ക്
സ്പെഷ്യല്‍
ഫേക്ക് ഇന്‍ ഇന്ത്യ
ഓര്‍ത്തെടുപ്പ്
വാര്‍ത്തകള്‍