"അറിയുക, ഇത് അവസാനത്തെ ബസാണ്; കയറിപ്പറ്റിയേ തീരൂ, ഇപ്പോഴില്ലെങ്കിൽ ഇനിയൊരിക്കലുമില്ല'
Sunday Mar 24, 2019
തൃശൂർ> ‘‘അറിയുക, ഇത് അവസാനത്തെ ബസാണ്; ഇതിൽ കയറിപ്പറ്റിയേ തീരൂ. ഇപ്പോഴില്ലെങ്കിൽ ഇനിയൊരിക്കലുമില്ല. ഏട്ടന്റെ മകൻ ചിത്രഭാനു അബുദാബിയിൽനിന്ന് വോട്ടുചെയ്യാൻ വേണ്ടി മാത്രം സകുടുംബം ഇന്ത്യയിലെത്തുന്നത് അതിനാണ്. ചിന്തിക്കുന്ന ഒരിന്ത്യൻ പൗരൻ അനുഷ്ഠിക്കേണ്ട കർത്തവ്യവും അതാണ‌്’’ –- പറയുന്നത‌് മലയാളികളുടെ പ്രിയ കഥാകൃത്ത‌് അഷ്ടമൂർത്തി.
രാജ്യവും ജനാധിപത്യസംവിധാനവും നിലനിൽക്കണോ? എങ്കിൽ, ഇടതുപക്ഷത്തിന‌് ശക്തമായ സ്വാധീനമുള്ള ഭരണസംവിധാനം കേന്ദ്രത്തിൽ അധികാരത്തിൽ വരണം. കഴിഞ്ഞ അഞ്ചുവർഷത്തെ ബിജെപി ഭരണം നിരാശയും ഭീതിയും വിതച്ചു. അതിനുമുമ്പ‌് ദീർഘകാലം ഭരിച്ച കോൺഗ്രസും രാജ്യത്തെ മറന്നു. ജനങ്ങളോട‌് പ്രതിബദ്ധതയുള്ള പാർടികൾക്കേ രാജ്യത്തിന്റെ ഭാവിയെ മാറ്റിമറിക്കാനാകൂ എന്നാണ‌് ഇതെല്ലാം തെളിയിക്കുന്നത‌്.
വാഗ്ദാനപ്പെരുമഴയുമായി അധികാരത്തിലേറിയ മോഡി സർക്കാരിൽനിന്ന് അത് ലഭിച്ചില്ലെന്ന് മാത്രമല്ല, മതേതര ജനാധിപത്യ ഇന്ത്യയുടെ മുന്നോട്ടുപോക്കിന് കളങ്കവും വരുത്തി. നോട്ടു നിരോധനവും മറ്റുമായി സാമ്പത്തികരംഗം താറുമാറായി. തൊഴിലില്ലായ‌്മയും വിലക്കയറ്റവും കുതിച്ചുയർന്നു. യുപിഎ ആകട്ടെ, വ്യക്തമായ നയങ്ങളില്ലാതെ, ജനങ്ങളുടെ പ്രതീക്ഷയ്ക്ക് മങ്ങലേൽപ്പിച്ചു.
ഇന്ത്യൻ ചരിത്രസന്ദർഭങ്ങളിൽ സമാനതകളില്ലാത്ത ഒരവസ്ഥയിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. കൈയടി മാത്രം ലക്ഷ്യംവച്ച് നടപ്പാക്കിയ പല പരിഷ്കാരങ്ങളും സാധാരണക്കാരെ കടുത്ത ദുരിതത്തിലാഴ‌്ത്തി. ഒരു വീണ്ടുവിചാരവുമില്ലാതെ എടുത്ത നോട്ടു പിൻവലിക്കൽ തീരുമാനം അതിലൊന്നു മാത്രം. അതുണ്ടാക്കിയ മാന്ദ്യത്തിൽനിന്ന് കരകയറാൻ ഇന്ത്യൻ സാമ്പത്തികരംഗം ഇന്നുവരെ പ്രാപ്തമായിട്ടില്ല. അഭിപ്രായ സ്വാതന്ത്ര്യത്തിനുമേൽവച്ച കനത്ത കൈ ഭക്ഷണശീലത്തിൽവരെ പിടിമുറുക്കി കഴിഞ്ഞു.
രാജ്യത്ത് വിതച്ച അസഹിഷ്ണുത നിസീമമാണ്. എം എം കലബുർഗി, ഗോവിന്ദ് പൻസാരെ, നരേന്ദ്ര ധാബോൽക്കർ, ഗൗരി ലങ്കേഷ് എന്നിങ്ങനെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ രക്തസാക്ഷികളായവരുടെ പട്ടിക നീളുന്നു. ആൾക്കൂട്ടക്കൊലപാതകം എണ്ണമറ്റ സ്ഥലങ്ങളിൽ നടന്നു. ചിന്താസരണികളിലും ധിഷണാലോകത്തും പിന്തിരിഞ്ഞുനടത്തമാണ് കഴിഞ്ഞ അഞ്ചുകൊല്ലം ഇവിടെ നടന്നത്. പ്രതീക്ഷ നൽകുന്നത‌് ഇടതുപക്ഷമാണ‌്. അതുകൊണ്ട‌്, ഇനിയൊരു ബസില്ലെന്ന‌് മനസ്സിലാക്കുക, ഓരോരുത്തരും–- അഷ്ടമൂർത്തി പറഞ്ഞു.