സ‌്നേഹപൂർവം കൈതാരം ; ചുംബനത്തിനൊപ്പം കൊന്നപ്പൂവും കരിമീനും ചാമ്പയ‌്ക്കാമധുരവും

Monday Mar 25, 2019

പറവൂര്‍> മീനസൂര്യന്റെ മൂശയിൽനിന്ന് പൊന്ന് ഉരുക്കിയൊഴിച്ചതുപോലെ വെയിൽ വീണുകിടക്കുന്ന പാതയോരങ്ങളിൽ ആവേശത്തോടെ ഒത്തുകൂടിയിരിക്കുന്നവരോട് പി രാജീവ് പറഞ്ഞു

“വികസനം എന്നാൽ, എല്ലാവർക്കും ജീവിക്കാൻ പറ്റുന്ന അവസ്ഥയായിരിക്കണം. അതിനു വേണ്ടിയുള്ള സമരമാണ് ഈ തെരഞ്ഞെടുപ്പ്. ഇത് നമുക്ക് ജയിച്ചേ തീരൂ.’  

വരാപ്പുഴ, കൈതാരം, ഏഴിക്കര മേഖലയിലായിരുന്നു ഞായറാഴ്ച എൽഡിഎഫ് ലോക‌്സഭാ സ്ഥാനാർഥി പി രാജീവിന്റെ പൊതുപര്യടനം.  രാവിലെ വരാപ്പുഴ എടമ്പാടം പ്രാഥമികാരോഗ്യ കേന്ദ്രത്തിനു മുന്നിൽ തുറന്ന ജീപ്പിലുള്ള പൊതുപര്യടനം റിട്ട. ജില്ലാ ജഡ്ജി കെ കെ ഉത്തരൻ ഉദ്ഘാടനംചെയ്തു. എസ് ശർമ എംഎൽഎ, സി എം ദിനേശ്‌മണി, സിപിഐ ജില്ലാ സെക്രട്ടറി പി രാജു,  നടൻ മുരളി മോഹൻ തുടങ്ങിയവർ പങ്കെടുത്തു.

വരാപ്പുഴ കുരിശുമുറ്റത്ത്  സ്നേഹോഷ്മളമായ സ്വീകരണം ഏറ്റുവാങ്ങിയതിനുശേഷം സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയും മെയ്ദിന കമ്മിറ്റി സെക്രട്ടറിയുമായിരുന്ന അന്തരിച്ച വാട്സൺ റോഡ്രി​ഗ്സിന്റെ വീട് സന്ദർശിച്ചു. തുണ്ടത്തുംകടവ് എസ്എൻഡിപി കവലയിൽ എത്തുമ്പോൾ ചെറുപ്പക്കാരുടെ വൻ കൂട്ടം രാജീവിനൊപ്പം സെൽഫിയെടുക്കുന്നതിനായി തിരക്കുകൂട്ടി. മുദ്രാവാക്യങ്ങൾ ഉച്ചത്തിൽ മുഴങ്ങി. തെക്കേത്തെരുവിലേക്ക് പോകുമ്പോൾ  ഒഴിഞ്ഞ പാത്രങ്ങളും നിരത്തി കുടിവെള്ളത്തിനായി കാത്തുനിൽക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും വൻനിര റോഡിന്റെ ഇരുവശങ്ങളിലും നിരന്നിരുന്നു. പലരും ഇതു കണ്ടോ എന്ന അർഥത്തിൽ സ്ഥാനാർഥിക്കുനേരെ കൈ ഉയർത്തി ഒഴിഞ്ഞ പാത്രങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ചു. അടുത്ത സ്വീകരണകേന്ദ്രത്തിൽത്തന്നെ രാജീവ് പറഞ്ഞു.

“കുടിവെള്ളം ലഭിക്കാത്ത വികസനം വികസനമല്ല. മനുഷ്യന് അന്തസ്സായി ജീവിക്കാൻ കഴിയണം. എംപി ആയാല്‍ വരാപ്പുഴയിലെ കുടിവെള്ളപ്രശ്നത്തിന് ഞാൻ ശാശ്വതമായ പരിഹാരം ഉണ്ടാക്കും.’

കുടിവെള്ളത്തിനായി നട്ടംതിരിയുന്ന വീട്ടമ്മമാരുടെ കണ്ണുകളിൽ പ്രത്യാശയുടെ വിളക്കുകൾ തെളിഞ്ഞു. അവർ നിറഞ്ഞ കൈയടിയോടെ രാജീവിന്റെ പ്രഖ്യാപനത്തെ ഹൃദയത്തിലേക്കെടുത്തു. 

മുട്ടിനകം പള്ളിക്കു മുന്നിലൂടെ പോകുമ്പോൾ സെന്റ‌് പോൾസ് കോളേജിൽ രാജീവിന്റെ അധ്യാപികയായിരുന്ന ഡെയ്സി തോമസ് മുന്നില്‍ വന്നുനിന്നു.  രാജ്യത്തെ ഏറ്റവും പ്ര​ഗത്ഭനായ പാർലമെന്റേറിയൻ എന്നു പേരുകേട്ട പി രാജീവ് വേ​ഗത്തിൽ വാഹനത്തിൽനിന്ന് ഇറങ്ങി ടീച്ചര്‍ക്കു മുന്നിൽ ഒരു കുട്ടിയെപ്പോലെ കൈകൂപ്പിനിന്നു. ടീച്ചര്‍ സ്നേഹത്തോടെ തന്റെ പഴയ വിദ്യാര്‍ഥിയെ ചേര്‍ത്തുപിടിച്ചു പറഞ്ഞു: “അന്നേ നല്ല മിടുക്കനായിരുന്നു, നല്ല ചിന്താശക്തിയുള്ള വ്യക്തി. രാജീവ് ജയിക്കും, ജയിക്കേണ്ടത് നമ്മുടെ ആവശ്യമാണ്.’

മുട്ടിനകം കവലയിൽ മേപ്പാടം വീട്ടിൽ പാർവതിയമ്മ സ്നേഹചുംബനത്തോടൊപ്പം ഒരുപിടി കൊന്നപ്പൂക്കളും കൊടുത്താണ് രാജീവിനെ സ്വീകരിച്ചത്. മണ്ണംതുരുത്ത് മുഹ്‌യിദ്ദീൻ ജുമാ മസ്ജിദിലെ ഇസ്സതുൽ ഇഖ് വാൻ മദ്രസയില്‍ ഉസ്താദ് മുഹമ്മദ് ബഷീറും അബ്ദുൾ ബാസിതും സ്നേഹാലിം​ഗനത്തോടെ സ്വീകരിച്ചു. കോട്ടുവള്ളി പഞ്ചായത്തിലെ കൊടവക്കാട് മത്സ്യ​ഗ്രാമത്തിലും ഉജ്വലമായ സ്വീകരണമാണ് ലഭിച്ചത്. വിളമ്പാരിപ്പീടികയില്‍ ഒരു കൂട നിറയെ ചാമ്പയ്ക്ക നൽകിയാണ് ആളുകള്‍ മുദ്രാവാക്യങ്ങൾക്കൊപ്പം രാജീവിനെ വരവേറ്റത്. കൈതാരം നടുമുറിയിൽ ചുവപ്പു കുടകൾ വിടർത്തിനിന്ന സ്ത്രീകളുടെ വലിയൊരു നിരയും ഘണ്ഠാകർണ വെളിയിൽ സിനിമാനടി കൊളപ്പുള്ളി ലീലയും രാജീവിനെ സ്വീകരിക്കാനെത്തി. വടക്കേ എരവൂരിൽ 73 വയസ്സുള്ള ശാന്ത കൃഷ്ണന്‍ ഒരു പാത്രം ഓറഞ്ചുമായി വാത്സല്യത്തോടെ രാജീവിനെ കാത്തുനിന്നിരുന്നു. കൈതാരം പുഴയുടെ തീരത്ത് ഏഴിക്കരയുടെ അതിര്‍ത്തിയില്‍വച്ച് സമൂഹത്തിലെ വിവിധ തുറകളില്‍ നിന്നുള്ളവര്‍ ചേര്‍ന്ന് ജൈവപച്ചക്കറികളും കരിമീനും നല്‍കിയാണ് പി രാജീവിനെ ഏഴിക്കരയിലേക്ക് സ്വീകരിച്ചത്.

കോണ്‍​ഗ്രസ് ചതിച്ചു; രാജീവ് രക്ഷിച്ചു
പറവൂർ
‘അറുപത് വർഷം ഞാൻ കോൺ​ഗ്രസ‌് പ്രവർത്തകനായിരുന്നു. പക്ഷെ കോൺ​ഗ്രസ് എന്നെ ചതിച്ചു. അതിപ്പോൾ സാധാരണക്കാരന് ഒരു പ്രയോജനവും ഇല്ലാത്ത അഴിമതിയിൽ മുങ്ങി അധഃപതിക്കുന്ന പാർടിയാണ്.’ വരാപ്പുഴ മണ്ണംതുരുത്ത് ഫണ്ട് കവലയിൽവച്ച് എഴുപതുകാരൻ സെബാസ്റ്റ്യൻ ചേട്ടൻ പറഞ്ഞു. മണ്ണംതുരുത്ത് തലക്കെട്ടിയിൽ ടി എൽ സെബാസ്റ്റ്യൻ നാട്ടിലെ കോൺ​ഗ്രസ് വളർത്തുന്നതിനുവേണ്ടി പരിശ്രമിച്ചയാളാണ‌്. എന്നാൽ, ഇപ്പോൾ എൽഡിഎഫ് സ്ഥാനാർഥി പി രാജീവിന്റെ വിജയത്തിനായി പ്രവർത്തിക്കുകയാണ്. ഞായറാഴ്ച രാജീവിന്റെ പൊതുപര്യടനം മണ്ണംതുരുത്ത് ഫണ്ട് കവലയിലെത്തിയപ്പോൾ സ്വീകരിക്കാനും വിജയം ആശംസിക്കാനുമായി സെബാസ്റ്റ്യൻ ചേട്ടനും ഉണ്ടായിരുന്നു. 

കടുത്ത കോൺ​ഗ്രസുകാരൻ ഇടതുപക്ഷത്തേക്ക് വന്നതിനുകാരണം  സെബാസ്റ്റ്യൻ ചേട്ടൻ തന്നെ പറയും. ‘കോൺ​ഗ്രസ് എന്നെ ചതിച്ചെങ്കിൽ രാജീവ് എന്റെ ജീവൻ രക്ഷിക്കുകയാണ് ചെയ്തത്. ഞാൻ ഇന്ന‌് ഒരു വൃക്കരോ​ഗിയാണ്. രാജീവ് എംപിയായിരിക്കുമ്പോൾ കൊണ്ടുവന്ന ആലുവയിലെ ഡയാലിസിസ് കേന്ദ്രത്തിലാണ് കഴിഞ്ഞ രണ്ടുവർഷമായി ചികിത്സ.  അങ്ങനെ ഒരു സംവിധാനം കൊണ്ടുവന്നതുകൊണ്ട് മാത്രമാണ് എന്നെപ്പോലൊരു പാവപ്പെട്ടവന്റെ ജീവൻ നിലനിൽക്കുന്നത്’. സെബാസ്റ്റ്യൻ പറഞ്ഞു. വ്യക്തിപരമായി ഒരു സഹായം കിട്ടുമ്പോൾ മാറാനുള്ളതാണോ പാർടി എന്ന ചോദ്യത്തിനും സെബാസ്റ്റ്യൻ ചേട്ടന‌് മറുപടിയുണ്ട‌്.  “എത്ര പാവപ്പെട്ട മനുഷ്യരാണ് ആ ഡയാലിസിസ് കേന്ദ്രം വന്നതുകൊണ്ട് ജീവൻ നിലനിർത്തുന്നത് എന്നറിയാമോ. ആലുവയിലെ ഡയാലിസിസ് കേന്ദ്രത്തിൽ വന്ന് നോക്കണം, അപ്പോ മനസ്സിലാകും ഞാൻ പറയുന്നത് എന്താണെന്ന്.’

തന്റെ ചികിത്സയ്ക്ക്  ഒരുപാട് സഹായങ്ങളും ശുപാർശകളുമൊക്കെ രാജീവ് ചെയ്തിട്ടുണ്ട‌്. സൗജന്യ ചികിത്സ കിട്ടാൻ അർഹതയുണ്ടോ എന്ന് മാത്രമാണ് അദ്ദേഹം നോക്കിയതെന്നും സെബാസ്റ്റ്യൻ ചേട്ടൻ പറഞ്ഞു. 60 വർഷം ഞാൻ കോൺ​ഗ്രസിനുവേണ്ടി പ്രവർത്തിച്ചിട്ടും ഇവിടത്തെ കോൺ​ഗ്രസുകാർ എനിക്ക് ഒരു ​ഗുളികപോലും വാങ്ങിത്തന്നില്ല. ഒരു സഹായവും ചെയ്തിട്ടില്ല. സാധാരണക്കാരന് ജീവൻ രക്ഷിക്കാൻപോലും ഉപകരിക്കാത്ത ഒരു പാർടിയിൽ ഞാൻ എന്തിന് പ്രവർത്തിക്കണം?’  സ്വന്തം രാഷ്ട്രീയ നിലപാട് വ്യക്തമാക്കി ഈ പഴയ കോൺ​ഗ്രസുകാരൻ ചോദിക്കുന്നു.

പി രാജീവിനെ ആശീർവദിക്കുന്ന അധ്യാപിക ഡെയ്‌സി തോമസ്‌

പി രാജീവിനെ ആശീർവദിക്കുന്ന അധ്യാപിക ഡെയ്‌സി തോമസ്‌

 


വോട്ടുബുക്ക്
സ്പെഷ്യല്‍
ഫേക്ക് ഇന്‍ ഇന്ത്യ
ഓര്‍ത്തെടുപ്പ്
വാര്‍ത്തകള്‍