വർക്കലയുടെ മണ്ണ് ‘സമ്പന്നമാക്കി’
Monday Mar 25, 2019
ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എ സമ്പത്തിന് വർക്കലയിലെ പാലവിളയിൽ നൽകിയ സ്വീകരണം
വർക്കല
വർക്കലയുടെ മണ്ണിനെ ചുവപ്പണിയിച്ച് എൽഡിഎഫ‌് സ്ഥാനാർഥി എ സമ്പത്തിന്റെ പര്യടനം. ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് പര്യടനത്തിൽ മത്സ്യത്തൊഴിലാളികളും കർഷകത്തൊഴിലാളികളും ഉൾപ്പെടെ വൻ ജനാവലി സ്ഥാനാർഥിക്ക‌് ആവേശകരമായ വരവേൽപ്പ‌് നൽകി. വർക്കല മണ്ഡലത്തിലെ അമ്പതോളം കേന്ദ്രങ്ങളിലാണ‌് വോട്ടഭ്യർഥിച്ച‌് സ്ഥാനാർഥിയെത്തിയത‌്. ചുട്ടുപൊള്ളുന്ന വെയിലിനേയും ഗതാഗത കുരുക്കിനേയും വകവയ്ക്കാതെയാണ് വീട്ടമ്മമാരും വൃദ്ധജനങ്ങളും വിദ്യർഥികളും യുവാക്കളുമടക്കം തങ്ങളുടെ സ്വന്തം സ്ഥാനാർഥിയെ വരവേൽക്കാൻ വിവിധ കേന്ദ്രങ്ങളിൽ തടിച്ച് കൂടിയത്. ഇരുചക്രവാഹനങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ആഘോഷമായാണ് വിവിധ കേന്ദ്രങ്ങളിൽ എ സമ്പത്തിനെ സ്വീകരിച്ചത്. റോസാപ്പൂക്കളും ഹാരങ്ങളും ഷാളുകളും അണിയിച്ചു. കുടിവെള്ളം കിട്ടാക്കനിയായിരുന്ന ഇടവ, ഇലകമൺ, പാളയംകുന്ന് മേഖലകളിൽ സമ്പത്ത് എം പി യുടെ ശ്രമഫലമായി കുടിവെള്ളമെത്തിക്കാനും തെരുവ് വിളക്കുകൾ കത്തിക്കാൻ കഴിഞ്ഞതും സ്വീകരണ കേന്ദ്രങ്ങളിൽ വോട്ടർമാർ നന്ദിയോടെ ഓർത്തു.
ശനിയാഴ്ച രാവിലെ ഒമ്പതിന‌് ഇടവ പഞ്ചായത്തിൽ കാപ്പിൽ ജങ‌്ഷനിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പര്യടനം ഉദ‌്ഘാടനം ചെയ്തു. വി ജോയി എംഎൽഎ അധ്യക്ഷനായി. തുടർന്ന് 16 ഓളം കേന്ദ്രങ്ങളിലെ സ്വീകരണങ്ങളേറ്റുവാങ്ങി പൊയ്കയിൽ പര്യടനം സമാപിച്ചു. പകൽ മൂന്നിന് ഇലകമൺ പഞ്ചായത്തിൽ കാട്ടുംപുറത്ത് നിന്ന‌് ആരംഭിച്ച് ഇരുപതോളം കേന്ദ്രങ്ങളിലെ സ്വീകരണങ്ങളേറ്റുവാങ്ങി അയിരൂർ ചന്തമുക്കിൽ സമാപിച്ചു. ഏഴ് മണിയോടെ ചെമ്മരുതി പഞ്ചായത്തിൽ വണ്ടിപ്പുരയിൽ നിന്ന‌് ആരംഭിച്ച് എട്ടോളം കേന്ദ്രങ്ങളിലെ സ്വീകരണങ്ങളേറ്റുവാങ്ങിയ ശേഷം പനയറ ജങ‌്ഷനിൽ സമാപിച്ചു. വി ജോയി എംഎൽഎ, തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ എസ് ഷാജഹാൻ, ചെയർമാൻ ഇ എം റഷീദ്, എസ് രാജീവ്, വി രഞ്ജിത്ത്, കെ എം ലാജി, എം കെ യൂസഫ്, ബിന്ദു ഹരിദാസ്, ജെ ശശാങ്കൻ, എച്ച് ഹാരിസ്, ബി എസ് ജോസ്, കെ ശശീന്ദ്രൻ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.