ഗ്രാമീണമനസ്സിൽ ‘ദിവാകരോദയം’

Monday Mar 25, 2019
തിരുവനന്തപുരം പാർലമെന്റ്‌ മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി സി ദിവാകരൻ പെരുങ്കടവിളയിൽ തൊഴിലുറപ്പ്‌ തൊഴിലാളികളോട്‌ വോട്ടഭ്യർഥിക്കുന്നു

പാറശാല
പാറശാലയുടെ സ്‌നേഹവായ‌്പ‌് ഏറ്റുവാങ്ങി തിരുവനന്തപുരം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി സി ദിവാകരന്റെ രണ്ടാംഘട്ട പര്യടനത്തിന് തുടക്കം.  ശനിയ‌ാഴ‌്ച മുതൽ 29 വരെ വിവിധ മണ്ഡലങ്ങളിലെ  വോട്ടർമാരെ നേരിൽ കാണുന്ന പര്യടനപരിപാടി മഞ്ചവിളാകത്തെ നെയ്ത്ത് ശാലയിലെ നെയ്ത്ത് തൊഴിലാളികളുടെ സ്വീകരണം ഏറ്റുവാങ്ങിയാണ് ആരംഭിച്ചത്.  മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് കൊല്ലയിൽ കൃഷ്ണന്റെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് നെയ്ത്തുകാരെ നേരിൽ കാണാനായി സ്ഥാനാർഥി എത്തിയത്. പത്മശ്രീ ഗോപിനാഥന്റെ നെയ്ത്ത് കേന്ദ്രത്തിലെത്തിയ അദ്ദേഹത്തിന‌്  ഹൃദ്യമായ വരവേൽപ്പ് ലഭിച്ചു. 
 
തൊഴിലാളികളുടെ നേതാവിനെ കാണാനും പിന്തുണയർപ്പിക്കാനുമായി സ്ത്രീകൾ ഉൾപ്പെടെ നിരവധി തൊഴിലാളികൾ എത്തിയിരുന്നു. കൈത്തറി മേഖലയ‌്ക്ക‌് പിണറായി സർക്കാർ നൽകുന്ന പരിഗണനയിൽ അവർ സംതൃപ‌്തി അറിയിച്ചു. സ‌്കൂൾ കുട്ടികളുടെ യൂണിഫോം പദ്ധതി കൈത്തറി മേഖലയ‌്ക്ക‌് കരുത്തുപകർന്നെന്ന‌്  അവർ പറഞ്ഞു. തങ്ങളുടെ പൂർണ പിന്തുണ പ്രഖ്യാപിച്ചാണ‌് തൊഴിലാളികൾ അദ്ദേഹത്തെ യാത്രയാക്കിയത‌്. 
 
തുടർന്ന് കേരള നവോത്ഥാനത്തിലെ പോരാട്ടകേന്ദ്രമായ അരുവിപ്പുറം ഉൾപ്പെടെ നിരവധി കേന്ദ്രങ്ങളിൽ സ്ഥാനാർഥി എത്തിച്ചേർന്നു.  കുന്നത്തുകാൽ, പെരുങ്കടവിള, ആര്യൻകോട്, ഒറ്റശേഖരമംഗലം, അമ്പൂരി, കുടപ്പനമൂട‌്, കിളിയൂർ, ആര്യങ്കോട‌്, കുറവാട‌് മാർക്കറ്റ‌്, കിഴാവൂർ, മണ്ഡപത്തിൻകടവ‌്, കിളിയൂർ, കള്ളിക്കാട‌് എന്നിവിടങ്ങളിലും അദ്ദേഹമെത്തി. വലിയ സ്വീകാര്യതയാണ‌് എല്ലായിടത്തും അദ്ദേഹത്തിന‌് ലഭിച്ചത‌്.  തങ്ങളിലൊരാളായി തങ്ങളോടൊപ്പം ജീവിക്കുന്ന സി ദിവാകരനാണ‌് വോട്ടെന്ന‌് അവരെല്ലാം ഉറപ്പിക്കുന്നു.  എൽഡിഎഫ് നേതാക്കളായ സി കെ ഹരീന്ദ്രൻ എംഎൽഎ, അഡ്വ. കള്ളിക്കാട് ചന്ദ്രൻ, ഗോപകുമാർ, സി സുന്ദരേശൻനായർ, വാഴിച്ചൽ ഗോപൻ, ശ്രീകുമാർ, കൊല്ലയിൽ ബിനു തുടങ്ങിയവർ സ്ഥാനാർഥിക്കൊപ്പം ഉണ്ടായിരുന്നു. ഞായറാഴ‌്ച നേമം മണ്ഡലത്തിൽ സ്ഥാനാർഥി പര്യടനം നടത്തും.
 
 
 
 

 


വോട്ടുബുക്ക്
സ്പെഷ്യല്‍
ഫേക്ക് ഇന്‍ ഇന്ത്യ
ഓര്‍ത്തെടുപ്പ്
വാര്‍ത്തകള്‍