കരിമണലിന്റെ നാട്ടിൽ...

Monday Mar 25, 2019
കൊല്ലം പാർലമെന്റ്‌ മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി കെ എൻ ബാലഗോപാലിനെ ചവറയിൽ എൻ വിജയൻപിള്ള എംഎൽഎ സ്വീകരിക്കുന്നു

ചവറ> അഴകത്ത് പത്മനാഭക്കുറുപ്പിന്റെയും വി സാബശിവന്റെയും ഒ നാണു ഉപാധ്യായയുടെയും ജന്മനാട്ടിലായിരുന്നു കെ എൻ ബാലഗോപാലിന്റെ ഞായറാഴ്ചത്തെ സന്ദർശനം. സമയം രാവിലെ ഒമ്പത്. ദളവാപുരം പാലത്തിനു കിഴക്കുഭാഗത്തായി വാദ്യമേളങ്ങളാലും മുദ്രാവാക്യ വിളികളാലും മുഖരിതമായി നൂറുകണക്കിന് പ്രവർത്തകർ ഇരുചക്രവാഹനങ്ങളിലും അല്ലാതെയുമായി തങ്ങളുടെ നായകനെ കാത്തുനിന്നു. 

അധികം വൈകാതെ  അനൗൺസ്മെന്റ് വാഹനവും തൊട്ടുപിന്നാലെ സ്ഥാനാർഥി കെ എൻ ബാലഗോപാലും എത്തി. അതോടെ തടിച്ചുകൂടിയ പ്രവർത്തകർ ആവേശത്തിലായി. പുഞ്ചിരിതൂകിയ ബാലഗോപാൽ  ഏവരെയും  സ്നേഹാഭിവാദ്യംചെയ്തു. തുടർന്ന് സ്ഥാനാർഥിക്ക‌് സ്വീകരണം. ബൈക്ക് റാലിയുടെ അകമ്പടിയോടെ തെക്കുംഭാഗത്തെ സ്മൃതി മണ്ഡപങ്ങളിലും ആരാധനാലയങ്ങളിലും സ്ഥാനാർഥിയെത്തി.   കടകമ്പോളങ്ങളിലും  വ്യാപാര സ്ഥാപനങ്ങളിലുമെത്തി വോട്ട് ചോദിച്ച് അനുഗ്രഹവുംതേടി. തെക്കുംഭാഗത്തെ സെന്റ് ജോസഫ് ചർച്ച് സന്ദർശിച്ച  സ്ഥാനാർഥി മേപ്പള്ളിമുക്കിലെത്തി വോട്ടറന്മാരെ നേരിൽ കണ്ട് വോട്ടഭ്യർഥിച്ചു. അനശ്വര കാഥികൻ വി സാംബശിവന്റെ സ്മൃതി മണ്ഡപത്തിലെത്തിയ സ്ഥാനാർഥിയെ സഹോദരൻ ശശിമേലൂട്ട് സ്വീകരിച്ചു. സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. 
ഗുഹാനന്ദപുരം  ഷൺമുഖദാസ് സ്വാമികളുടെ സ്മൃതി മണ്ഡപത്തിലും പുഷ്പാർച്ചന നടത്തിയ സ്ഥാനാർഥി  ആശ്രമം സന്ദർശിച്ചു.  മoത്തിൽ മുക്ക് ഓട്ടോത്തൊഴിലാളികളെയും യാത്രക്കാരെയും വ്യാപാരി സമൂഹത്തെയും നേരിൽകണ്ട് വോട്ട‌് അഭ്യർഥിച്ചു. അവിഭക്ത കമ്യൂണിസ്റ്റ് പാർടിയുടെ നേതാവ് പി കാർത്തികേയന്റെ ബലികുടീരത്തിൽ രക്തപുഷപങ്ങൾ അർപ്പിച്ച ബാലഗോപാൽ നീണ്ടകര, ശക്തികുളങ്ങര പ്രദേശങ്ങളിലും പര്യടനം നടത്തി. നീണ്ടകരയിലെ പര്യടനം ചീലാന്തി മുക്കിൽനിന്ന‌് തുടങ്ങി. നൂറുകണക്കിന് ഇരുചക്രവാഹനങ്ങളിലാണ് പ്രവർത്തകർ സ്ഥാനാർഥിയെ സ്വീകരിക്കാനായി കടുത്ത വേനലിനെ അവഗണിച്ച്  എത്തിയത‌്. മത്സ്യത്തൊഴിലാളികളും സ്ഥാനാർഥിയെ ഹാരമണിയിച്ചു. 
കുട്ടിനഴികം, ഡയറിഫാം, തട്ടാശേരിപുതുവൽ, നീലലക്ഷ്മിക്കുന്ന്, പന്നയ്ക്കൽതുരുത്ത്, വെളിത്തുരുത്ത് എന്നിവിടങ്ങളിൽ നൂറുകണക്കിന് സ്ത്രീകൾ കെ എൻ ബാലഗോപാലിനെ സ്വീകരിച്ചു. ദളവാപുരം പാലത്തിൽ കാത്തു നിന്നവർ ജൈവ പച്ചക്കറി മാല ബാലഗോപാലിന് നൽകി. നീലേശ്വരം തോപ്പ്, മേരിലാന്റ് , കണ്ണാട്ടുകുടി കോളനി, മാമൻതുരുത്ത് എന്നിവിടങ്ങളിൽ നൽകിയ ഹൃദ്യമായ സ്വീകരണത്തിനു ശേഷം സ്ഥാനാർഥി മത്സ്യതൊഴിലാളി കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന പുത്തൻതോപ്പിൽ കടപ്പുറത്തെത്തിയതോടെ വരവേൽക്കാൻ കടലിന്റെ മക്കൾ എത്തിച്ചേർന്നു. മത്സ്യത്തൊഴിലാളികളെ അംഗീകരിച്ച ഇടതുപക്ഷ സർക്കാരിന് നന്ദി പറഞ്ഞ തൊഴിലാളികൾ ബാലഗോപാലിനായി രംഗത്തിറങ്ങുമെന്ന് പ്രഖ്യാപിച്ചു. 
 വടക്കേക്കുന്നിൽ സ്വീകരണം ഏറ്റുവാങ്ങിയ ബാലഗോപാലിനെ മുടുവിളയിൽ കണിക്കൊന്നയേന്തിയ കുരുന്നുകൾ മാലയിട്ട് സ്വീകരിച്ചു. മൂന്നു വയസ്സുകാരി അനാമിക കണിക്കൊന്നകൾ നൽകി  വിജയാശംസകൾ നേർന്നു. തുടർന്ന് നീണ്ടകരയിലെ പര്യടനം അവസാനിപ്പിച്ച് വൈകിട്ട‌് നാലിന‌് ശക്തികുളങ്ങര ബസ്റ്റാന്റിലെത്തിയ സ്ഥാനാർഥിയെ മുദ്രാവാക്യം വിളികളാലും, വാദ്യമേളങ്ങളാലും പടക്കം പൊട്ടിച്ചും സ്വീകരിച്ചു. തുടർന്ന് കുരിശ്ശടിമുക്ക്, മരുത്തടി, എ കെ ജി ജങ‌്ഷൻ, മൂലങ്കര, കൊല്ലേരി, എ ബി സി ജങ‌്ഷൻ എന്നിവിടങ്ങളിൽ ഉജ്വല സ്വീകരണമാണ് ലഭിച്ചത്. രാത്രി വൈകിയും  സ്ഥാനാർഥിയെ കാണാൻ സ്ത്രീകൾ എത്തിയത് ശ്രദ്ധേയമായിരുന്നു.  വിവിധ  സ്ഥലങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി പര്യടനം രാമൻകുളങ്ങരയിൽ സമാപിച്ചു. 
 തെക്കുംഭാഗം, നീണ്ടകര, ശക്തികുളങ്ങര പ്രദേശങ്ങളിലെ സ്വീകരണ കേന്ദ്രങ്ങളിലായി സ്ഥാനാർത്ഥിയോടൊപ്പം  സിപിഐ എം ജില്ലാ സെക്രട്ടറി എസ്  സുദേവൻ , സംസ്ഥാന കമ്മിറ്റി അംഗം സൂസൻകോടി, ഏരിയ സെക്രട്ടറി ടി മനോഹരൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ രാജമ്മ ഭാസ്കരൻ, ജി  മുരളീധരൻ, എംഎൽഎമാരായ എൻ  വിജയൻപിള്ള , ആർ രാമചന്ദ്രൻ, എൽഡിഎഫ് കൺവീനർ ഐ ഷിഹാബ്, പി ബി രാജു , തങ്കമണിപ്പിള്ള, സിപിഐ എം ലോക്കൽ സെക്രട്ടറിമാരായ പി ആർ രജിത‌്, ടി എൻ നീലാംബരൻ, വി രാജ്കുമാർ,ആർ സുരേന്ദ്രൻപിള്ള, മനോജ് എന്നിവർ ഒപ്പമുണ്ടായിരുന്നു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ആർ രവീന്ദ്രൻ, ,ബീനാദയൻ, എം നെപ്പോളിയൻ, എൽ സുരേഷ്കുമാർ, കെ എ നിയാസ്, രാജീവൻ, കെ എം രാജഗോപാൽ, കൊല്ലം മധു, എസ് ശശിധരൻ,എസ് ജയൻ, മത്യാസ് അഗസ്റ്റിൻ, ആർ രാജേഷ്, പി ജെ രാജേന്ദ്രൻ, ജാക്സൻ വിൻസെന്റ് എന്നിവർ സംസാരിച്ചു.

 


വോട്ടുബുക്ക്
സ്പെഷ്യല്‍
ഫേക്ക് ഇന്‍ ഇന്ത്യ
ഓര്‍ത്തെടുപ്പ്
വാര്‍ത്തകള്‍